Sunday , April   21, 2019
Sunday , April   21, 2019

ജിദ്ദയില്‍ സംഗമിച്ച ഇരുന്നൂറോളം അഷ്‌റഫുമാര്‍ സേവനരംഗത്ത് പുതുചരിത്രമെഴുതും

ജിദ്ദയിലെ അഷ്‌റഫ് സംഗമം ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ-  ജിദ്ദയിലെ ഇരുന്നൂറോളം അഷ്‌റഫുമാര്‍ മലയാളി സംഗമകേന്ദ്രമായ ഷറഫിയയില്‍ കൂടിച്ചേര്‍ന്നത് കൗതുകമായി. സംഗമം ജിദ്ദാ നാഷനല്‍ ഹോസ്പിറ്റല്‍ (ജെ.എന്‍.എച്ച്) ചെയര്‍മാന്‍ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കുലീനത എന്നര്‍ഥമുള്ള 'അഷ്‌റഫു'മാരുടെ സംഗമം എക്കാലവും കുലീനത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പേരിന്റെ പരിഗണനയല്ല, കര്‍മങ്ങളുടെ മഹത്വമാണ് ഇത്തരം സംഗമങ്ങളെ വേറിട്ടതാക്കുന്നതെന്നും ജീവകാരുണ്യ മേഖലയില്‍ നാട്ടിലും ഇവിടേയും അഷ്‌റഫ് കൂട്ടായ്മ പുതിയ അധ്യായം രചിക്കട്ടെയെന്നും മുഹമ്മദലി ആശംസിച്ചു. ലഹരി വിരുദ്ധ ക്യാംപയിന്‍, മഹാവ്യാധികള്‍ക്കെതിരായ ബോധവല്‍ക്കരണം, അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ പോരാട്ടം, ഫാമിലി കൗണ്‍സലിംഗ് തുടങ്ങി നിരവധി പരിപാടികള്‍ അഷ്‌റഫ് കൂട്ടായ്മ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അധ്യക്ഷപ്രസംഗത്തില്‍ അഷ്‌റഫ് താഴേക്കോട് അറിയിച്ചു. പ്രവാസികളുടെ സാമൂഹിക ബോധവല്‍ക്കരണത്തിന് അഷ്‌റഫ് സംഗമം നേതൃത്വം നല്‍കണമെന്ന് ഉദ്‌ബോധന പ്രഭാഷണത്തില്‍ ഡോ. ഇസ്മായില്‍ മരിതേരി അഭ്യര്‍ഥിച്ചു. കൂട്ടായ്മയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവര്‍ത്തന പരിപാടിയെക്കുറിച്ചും ഡോ. കെ.എം. അഷ്‌റഫ് (ബദര്‍ അല്‍ തമാം പോളിക്ലിനിക്ക്) വിശദീകരിച്ചു. അംഗങ്ങള്‍ക്കെല്ലാം ബദര്‍ അല്‍ തമാം പോളിക്ലിനിക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടോടു കൂടിയ മെംബര്‍ഷിപ്പുകളാണ് നല്‍കിയത്. ചടങ്ങില്‍ മുസാഫിര്‍ (മലയാളം ന്യൂസ്) ആശംസാ പ്രസംഗം നടത്തി.
അഷ്‌റഫ് പാട്ടത്തില്‍ (ജെ.എന്‍.എച്ച്), അഷ്‌റഫ് കോട്ടക്കല്‍ (അല്‍റയാന്‍ പോളിക്ലിനിക്ക് ഫൈനാന്‍സ് മാനേജര്‍), ഡോ. അഷ്‌റഫ് (ജെ.എന്‍.എച്ച്), അഷ്‌റഫ് വരിക്കോടന്‍ മലപ്പുറം, അഷ്‌റഫ് ടി.ടി, അഷ്‌റഫ് തൊട്ടിയില്‍ പുഴക്കാട്ടിരി (ജിദ്ദ വണ്‍ ടു ത്രി), അഷ്‌റഫ് ടി.ടി തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വ്യവസായി അഷ്‌റഫ് കിഴിശ്ശേരി ഒമാനില്‍നിന്ന് സന്ദേശമയച്ചു. അഷ്‌റഫ് വലിയോറ ( വലിയോറ സൗണ്ട്‌സ്) നേതൃത്വം നല്‍കിയ ഇശല്‍ വിരുന്നില്‍ അഷ്‌റഫ് തത്തമ്മ, അഷ്‌റഫ് നീറ്റിക്കല്‍, അഷ്‌റഫ് മോങ്ങം, അഷ്‌റഫ് ഷറഫിയ, അഷ്‌റഫ് പാരഗണ്‍ തുടങ്ങിയവരും മന്‍സൂര്‍ എടവണ്ണയും ഗാനം ആലപിച്ചു. അഷ്‌റഫ് ഉണ്ണീന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് അഷ്‌റഫ് ബാപ്പു നന്ദി പറഞ്ഞു.

 

 

 

Latest News