Monday , June   17, 2019
Monday , June   17, 2019

സാമൂഹ്യ മാധ്യമങ്ങളിൽ ശശി തരൂരിനെ 'സ്‌നേഹിച്ചു' തീരാത്തവർ 

ഹൈടെക്  പ്രചാരണത്തിന്റെ എല്ലാ സാധ്യതകളും അധികമധികമായി ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ്  പ്രചാരണ കാലമാണ് കടന്നു പോകുന്നത്.  എല്ലാ പാർട്ടികളുടെയും എതിർ പ്രചാരണങ്ങൾക്ക് ബന്ധപ്പെട്ടവരിൽ നിന്ന്  അപ്പോൾ തന്നെ മറുപടിവരുന്നു. അധിക പേരും  ആളെവെച്ചാണ് ഈ പണി ചെയ്യിക്കുന്നത്. ഏറ്റവും കൂടുതലായി നവ മാധ്യമ രംഗം ഉയർന്ന നിലയിൽ ഉപയോഗിക്കുന്ന മൺഡലങ്ങളിലൊന്ന് ശശി തരൂർ മത്സരിക്കുന്ന തിരുവനന്തപുരമാണെന്ന് നിസംശയം പറയാനാകും. അതിന് കാരണം  ശശി തരൂർ തന്നെ ഈ രംഗത്ത് മറ്റാരേക്കാൾ മുന്നേറിയ വ്യക്തിയാണെന്നതാണ്.  എല്ലാ സംഭവങ്ങളിലും അൽപ്പം പോലും താമസം വരുത്താതെ തരൂർ നേരിട്ട് പ്രതികരിക്കുകയാണ്.  പ്രധാനമായും അതിനായി അദ്ദേഹം ഉപയോഗിക്കുന്നത് ട്വിറ്ററാണ്.  പ്രചാരണ വാഹനം ഒരിടത്ത് നിന്ന് മറ്റൊരിടത്തെത്താനുള്ള ഇടവേളകളിൽ തരൂർ ട്വീറ്റ് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാലറിയാം അദ്ദേഹം ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയും, ശ്രദ്ധയും, ഉയർന്ന നിലവാരവും എത്രമാത്രമാണെന്ന്- ഇംഗ്ലീഷ് ഭാഷക്കും കുറച്ചധികം നേട്ടങ്ങളുണ്ടാകുന്ന തെരഞ്ഞെടുപ്പ് കാലം.   അങ്ങിനെയൊരു ട്വീറ്റാണ് കഴിഞ്ഞ ദിവസം എതിരാളികൾ ആയുധമാക്കിയത്- മത്സ്യതൊഴിലാളികളെ വോട്ടു തേടി  ബന്ധപ്പെട്ടപ്പോൾ മനസ്സിൽ വിരിഞ്ഞ കവിതയെയും വെല്ലുന്ന വരികൾ അന്തരീക്ഷത്തിലെത്തിയപ്പോൾ എതിരാളികൾ അത് ആയുധമാക്കി. ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന തരൂർ എഴുത്തിലും, സംസാരത്തിലും ആ പ്രചാരണത്തിനെതിരെ ഇടപെട്ടപ്പോൾ അവസാന വിജയി തരൂർ തന്നെയായി. മത്സ്യതൊഴിലാളികളെ അവഹേളിച്ചുവെന്ന പ്രചാരണമാണ് അങ്ങിനെ ഇല്ലാതായിപ്പോയത്.മലയാളി ഇടത് നേതാക്കൾക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്‌നമെന്ന പരിഹാസത്തിലാണ് മത്സ്യതൊഴിലാളി അവഹേളന വിവാദത്തിന് തരൂർ അന്ത്യം കുറിച്ചത്. ' ഓർഡർ ഡെലിവേഡ് ' എന്ന വാക്കിന് കൽപ്പന പ്രസവിച്ചു എന്ന് ഗൂഗിൾ അർഥം പറഞ്ഞെന്ന പ്രചാരണവും ഇതോട് ചേർത്ത് കെട്ടിയപ്പോൾ തന്റെ ഭാഷാ തലയെടുപ്പിനും, വ്യക്തിത്വത്തിനും തരൂർ കൂടുതൽ അടിവരയിട്ടു.  
തനിക്കെതിരെയുള്ള എല്ലാ പ്രചാരണങ്ങളെയും തരൂർ പിന്നാലെ പോയി എതിർക്കുന്നില്ല. പ്രസക്തമാണെന്ന് തോന്നുന്നതിന് മാത്രം, കൃത്യമായ ഇടപെടൽ. വിഷു തലേന്ന് നൽകിയ ഒരു ട്വീറ്റ് ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. അതിങ്ങനെയാണ്.  ''എന്റെ അമ്മയും,  സഹോദരിമാരും ഇതാ എനിക്കൊപ്പം വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ്  പര്യടനത്തിനെത്തിയിരിക്കുന്നു. (ഇക്കാര്യം ബി.ജെ.പി പ്രത്യേകം ശ്രദ്ധിക്കുക . അവർ  അഭിമാനികളായ മൂന്ന് ശക്തരായ നായർ സ്ത്രീകളാണ്) അവരുടെ  സഹകരണത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മാത്രമല്ല, മറ്റെല്ലായ്‌പ്പോഴും പൊതു ജീവിതത്തിൽ അവർ എന്റെ ശക്തിയാണ്. അതെ അവരാണെന്റെ ശക്തി.''
ഈ ട്വിറ്ററിന്റെ താഴെ വന്ന കമന്റുകളത്രയും തരൂരിനെ അടിമുടി എതിർക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെതാണെന്നത് നവ മാധ്യമ രംഗത്തെ തരൂരിന്റെ എതിരാളികളും എത്ര കണ്ട് സജീവമാണെന്ന് വീണ്ടും കാണിച്ചു തരുന്നു.
തരൂരുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊരു സോഷ്യൽ മീഡിയ പ്രചാരണമില്ലാത്ത ഒരൊറ്റ ദിവസവും കടന്നു പോകുന്നില്ല.  കോൺഗ്രസുകാർ തരൂരിനെ തോൽപ്പിക്കാൻ  നടക്കുകയാണ് എന്നവാദം സ്ഥാപിച്ചെടുക്കാനുള്ള  സോഷ്യൽ മീഡിയ പ്രചാരണമാണ് കുറച്ചുനാളായി കത്തി നിൽക്കുന്നത്. അതിപ്പോഴും ശക്തമായി തുടരുന്നുണ്ട്.  കല്ലിയൂർ മുരളി എന്നൊരു 'കോൺഗ്രസുകാരന്റെ ' പ്രതികരണമായിരുന്നു ഈ വിഷയത്തിൽ ആദ്യമിറങ്ങിയത്. അതു വെച്ച് ഒരു പ്രമുഖ ചാനൽ ചർച്ചയും സംഘടിപ്പിച്ചു. ശശി തരൂരിനെ തോൽപ്പിക്കാൻ കോൺഗ്രസുകാർ ബോധ പൂർവ്വം പ്രവർത്തിക്കുന്നത് കണ്ട്, കണ്ട് മനംമടുത്ത് താൻ കോൺഗ്രസിൽനിന്ന് രാജിവെച്ചു ബി.ജെ.പിയിൽ ചേർന്നു വെന്നായിരുന്നു കല്ലിയൂർ മുരളിയുടെ വാദം. ചാനൽ ചർച്ച നടന്നു കൊണ്ടിരിക്കെ ചില കോൺഗസ് നേതാക്കൾ ഇടപെട്ടു. മുരളി  മൂന്ന് കൊല്ലം മുമ്പ് കോൺഗ്രസ് വിട്ടയാളാണെന്നായിരുന്നു ചാനൽ ചർച്ചക്കിടയിലെ തത്സമയ വെളിപ്പെടുത്തൽ. അവതാരകൻ മാപ്പ് പറഞ്ഞാണ് ആ രംഗം അവസാനിച്ചത്.


ഏറ്റവും അവസാനം ഇറങ്ങിയ വീഡിയോ തിരുവനന്തപുരം അമ്പലത്തറയിൽ നിന്നാണ്. തരൂരിന്റെ പോസ്റ്ററുള്ള, കൊടിവെച്ച കാർ   വിജനമായ ഒരു സ്ഥലത്ത് നിർത്തിയിട്ടതായാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നാലെ ഒരു ചുവന്ന കുപ്പായക്കാരൻ വന്ന് കോൺഗ്രസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹിയെന്നും പറയുന്നുണ്ട്. 12 ദിവസം പ്രചാരണത്തിന് ഏർപ്പാടാക്കിയ വാഹനം  രണ്ട് ദിവസം ഓടിയാൽ മതിയെന്ന് ആരോ ശട്ടം കെട്ടിയെന്നാണ് ആരോപണം. ഒന്നു രണ്ടു പേർ വന്ന്  അപ്പറഞ്ഞതിന് സാക്ഷ്യം നിൽക്കുന്നുമുണ്ട്. ആരെങ്കിലും ഒന്ന് വേഗം ഇടപെടണമെന്നാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവർ ആവശ്യപ്പെടുന്നത്. ശശി തരൂരിനെ തോൽപ്പിക്കാൻ കോൺഗ്രസിലെ ആരൊക്കെയോ ശ്രമിക്കുന്നുവെന്ന പ്രചാരണത്തിന് പൊതു ഇടത്തിൽ ആരംഭം കുറിച്ചത് തമ്പാനൂർ സതീഷ്  എന്ന കോൺഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റായിരുന്നു. തന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമായി ആ പോസ്റ്റ് എതിരാളികൾ വളച്ചൊടിച്ച് ഉപയോഗിച്ചു എന്നാണ് ഇതെപ്പറ്റി സതീഷ് പിന്നീട് പ്രതികരിച്ചത്. തമ്പാനൂർ സതീഷിന്റെ ഫേസ് ബുക്ക് പോസ്റ്റിലെ ആ വരികൾ ഇങ്ങിനെ ''  ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഒരു അഭിപ്രായം ചില ഇടതുപക്ഷ മാധ്യമങ്ങളും ചില ഫേസ്ബുക്ക് സുഹൃത്തുക്കളും വളച്ചൊടിച്ച് സത്യത്തിന്റെ തരിമ്പു പോലും ഇല്ലാതെ പ്രചരിപ്പിക്കുകയാണ്....മണക്കാട് മണ്ഡലത്തിലെ ചുമതലയാണ് എനിക്ക് പാർട്ടി നൽകിയിരിക്കുന്നത് അവിടെ  ശശി തരൂരിന്റെ ഭൂരിപക്ഷം ഉയർത്താൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ, ഏതെങ്കിലും പ്രവർത്തകർ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും മാറിനിൽക്കാൻ പാടില്ല എന്ന മുന്നറിയിപ്പാണ് ആ പോസ്റ്റിൽ ഉദ്ദേശിച്ചിരുന്നത്, എന്നാൽ അതിനെ വളച്ചൊടിച്ച് വളരെ വികൃതമായി മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സുഹൃത്തുക്കളോട് പ്രത്യേകിച്ച് ഒന്നുംതന്നെ പറയുന്നില്ല'' 
ഏതായാലും സതീഷുണ്ടാക്കിയ വിവാദത്തിന് ശേഷം ആനകുത്തിയാൽ ഇളകാത്ത കോൺഗ്രസ് സംവിധാനം എത്രമാത്രം ഉണർന്നുവെന്ന് തരൂരിന്റെ മണ്ഡലത്തിലെ പ്രവർത്തനം വീക്ഷിക്കുന്നവർക്ക് മനസ്സിലാകും. പ്രചാരണം അതിശക്തമായി നീങ്ങുന്നതിനിടക്കാണിപ്പോൾ തരൂർ അപകടത്തിൽപ്പെട്ടിരിക്കുന്നത്. തുലാഭാരത്തിനിരുന്ന ത്രാസ് പൊട്ടി വീണ് പരിക്ക് പറ്റി അദ്ദേഹമിപ്പോൾ ആശുപത്രിയിലാണ്. ആ വാർത്ത വന്ന ഓൺലൈൻ മാധ്യമങ്ങളിൽ തുരുതുരാ പ്രതികരണങ്ങളാണ്. ഭൂരിപക്ഷവും തരൂരിനെ പൂർണ്ണമായും പരിഹസിക്കുന്നവ. കമന്റിട്ടവരുടെ പ്രൊഫൈൽ പരിശോധിക്കുന്നവർക്ക് ഒരു കാര്യം ബോധ്യപ്പെടും. എല്ലാം തരൂരിന്റെ എതിർപക്ഷത്തുള്ള ബി.ജെ.പി-ഇടതുപക്ഷക്കാർ.
ഇതൊക്കെയാണ് തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാനുള്ള  മാർഗമെങ്കിൽ തരൂർ ഇതിനോടകം തോറ്റു കഴിഞ്ഞിരിക്കുന്നു.