Monday , June   17, 2019
Monday , June   17, 2019

രാഹുലിനും മത്സരിക്കാം, കാരാട്ടിനും മത്സരിക്കാം

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരായ ആരോപണത്തിനുൾപ്പെടെ കോൺഗ്രസ് നേതാവ് പി. ചിദംബരം മറുപടി പറയുന്നു.

ചോ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെടുത്ത തീരുമാനം ഇടതുപക്ഷത്തെ ചൊടിപ്പിച്ചിട്ടില്ലേ?
ഉ: കേരളത്തിൽ 20 സീറ്റുണ്ട്. എല്ലാ സീറ്റിലും യു.ഡി.എഫും എൽ.ഡി.എഫും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. രാഹുൽ അല്ലെങ്കിൽ മറ്റൊരു കോൺഗ്രസ് സ്ഥാനാർഥി വയനാട്ടിൽ മത്സരിക്കും. ഇടതിന്റെ വാദം എനിക്കു മനസ്സിലാവുന്നില്ല. ഉദാഹരണത്തിന് പ്രകാശ് കാരാട്ട് കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചെന്നു വിചാരിക്കുക. അദ്ദേഹം കോൺഗ്രസിനെതിരെ മത്സരിക്കരുതെന്ന് ഞങ്ങൾക്ക് പറയാൻ അവകാശമുണ്ടോ? 

ചോ: ശബരിമല വിഷയത്തിലും പ്രിയങ്കാഗാന്ധിയുടെ ക്ഷേത്ര സന്ദർനങ്ങളിലുമൊക്കെ മൃദുഹിന്ദുത്വയല്ലേ കോൺഗ്രസ് പ്രകടിപ്പിക്കുന്നത്
ഉ: അഞ്ചു വർഷം മുമ്പ് മാധ്യമങ്ങൾ കോൺഗ്രസിനെ ന്യൂനപക്ഷ അനുകൂല പാർട്ടിയായാണ് ചിത്രീകരിച്ചത്. ഇപ്പോൾ നമ്മുടെ നേതാക്കൾ പ്രചാരണത്തിനിടെ ക്ഷേത്രം സന്ദർശിക്കുമ്പോൾ അത് വാർത്തയാക്കുന്നു. മോഡിയോ അമിത് ഷായോ ക്ഷേത്രം സന്ദർശിക്കുന്നതൊന്നും പ്രശ്‌നമല്ല. രാഹുലും പ്രിയങ്കയും സന്ദർശിക്കുമ്പോൾ അത് മൃദുഹിന്ദുത്വമായി. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല.

ചോ: ഹിന്ദു വികാരം മാനിക്കാൻ എല്ലാ പാർട്ടികളെയും നിർബന്ധിതരാക്കിയത് ബി.ജെ.പിയുടെ വിജയമല്ലേ?
ഉ: ബി.ജെ.പി കളിക്കുന്നത് വർഗീയ കാർഡാണ്. കോൺഗ്രസ് അതിനെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. തങ്ങൾ മാത്രമാണ് ഹിന്ദുക്കൾക്കു വേണ്ടി സംസാരിക്കുന്നതെന്ന് ബി.ജെ.പിക്ക് അവകാശപ്പെടാനാവില്ല. കോൺഗ്രസ് ഹിന്ദുക്കളുൾപ്പെടെ എല്ലാ സമുദായങ്ങൾക്കും വേണ്ടി ശബ്ദിക്കുന്ന പാർട്ടിയാണ്.

ചോ: കോൺഗ്രസ് ഭരണത്തിൽ ഭീകരവാദത്തിനെതിരെ നിർണായക തീരുമാനങ്ങളെടുക്കാൻ മടിച്ചു നിന്നുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്?
ഉ: മൻമോഹൻ സിംഗ് ഭരിച്ച 2004-2014 കാലത്ത് രാജ്യം പൂർണ സുരക്ഷിതമായിരുന്നു. പാക്കിസ്ഥാനുമായി ഒരിക്കലും യുദ്ധാന്തരീക്ഷമുണ്ടായിട്ടില്ല. അതിർത്തി സുരക്ഷിതമായിരുന്നു. നുഴഞ്ഞുകയറ്റം ഏതാണ്ട് അവസാനിച്ചു. സുരക്ഷാ ജീവനക്കാരുടെയും സാധാരണക്കാരുടെയും കൊലപാതകങ്ങൾ ഗണ്യമായി കുറഞ്ഞു. മോഡി സർക്കാരിനു കീഴിൽ നുഴഞ്ഞുകയറ്റം വർധിച്ചു. സുരക്ഷാ ജീവനക്കാരുടെയും സിവിലയൻമാരുടെയും മരണം കുത്തനെ കൂടി. പാക്കിസ്ഥാനുമായി നിരന്തരമായ യുദ്ധാവസ്ഥയാണ്. മുപ്പതിനായിരത്തിലേറെ കുടുംബങ്ങളെയാണ് അതിർത്തിയിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നത്. ഇപ്പോഴാണോ രാജ്യം കൂടുതൽ സുരക്ഷിതം? വീരവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ രാജ്യം കൂടുതൽ അപകടാവസ്ഥയിലാണ് ഇപ്പോൾ. 

ചോ:  ഭീകരതയോട് രഞ്ജിപ്പിലെത്തുന്ന വാദമാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് ആരോപണമുണ്ട്?
ഉ: മോഡിയോ അമിത് ഷായോ കോൺഗ്രസ് പ്രകടനപത്രിക വായിച്ചിട്ടില്ല, ഇല്ലെങ്കിൽ കള്ളം പറയുകയാണ് അവർ. കൊളോണിയൽ കാലത്തെ നിയമങ്ങൾ ഒഴിവാക്കുമെന്നും ഭീകരവാദവും ദേശവിരുദ്ധതയും നേരിടാൻ സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങൾ തന്നെ ധാരാളമാണെന്നുമാണ് ഞങ്ങൾ പറഞ്ഞത്. ഇതിനെക്കുറിച്ചറിയില്ലെങ്കിൽ മോഡി തന്റെ നിയമ സെക്രട്ടറിയോട് ചോദിക്കണം. മൂന്ന് ഘട്ടങ്ങളിൽ അസ്ഫ്പ പ്രകാരമുള്ള പരിരക്ഷണം പാടില്ലെന്നാണ് കോൺഗ്രസ് വാദിച്ചത് -നിർബന്ധിതമായ അപ്രത്യക്ഷമാകൽ, ലൈംഗികാതിക്രമം, പീഡനം. സൈനികർ ഈ കുറ്റം ചെയ്താൽ പരിരക്ഷ വേണമെന്നാണോ മോഡിയും അമിത് ഷായും വാദിക്കുന്നത്? 

ചോ: സർവേകളിൽ ബി.ജെ.പിക്കാണ് മുൻതൂക്കം
ഉ: സർവേകളിൽ ഞാൻ വിശ്വസിക്കുന്നില്ല. 30 ഇലക്്ഷനുകളുടെ കൂട്ടായ്മയാണ് ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ്. ഇതിൽ 10 സംസ്ഥാനങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. ഇവിടെയെല്ലാം കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കും. മറ്റു 10 സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളാണ് ബി.ജെ.പിയെ നേരിടുന്നത്. പ്രാദേശിക പാർട്ടികൾ നല്ല പോരാട്ടമാണ് കാഴ്ചവെക്കുന്നത്. മറ്റു പത്തെണ്ണം ചെറു സംസ്ഥാനങ്ങളാണ്. അതിനാൽ സർവെ നോക്കി ഫലം പ്രഖ്യാപിക്കരുത്. യു.പിയിൽ ബി.എസ്.പി-എസ്.പി സഖ്യം ശക്തമാണ്. തങ്ങളുടേതായ കേന്ദ്രങ്ങളിൽ കോൺഗ്രസും പൊരുതുന്നുണ്ട്. ബി.ജെ.പിയെ ഞങ്ങൾ അമ്പരപ്പിക്കും. കോൺഗ്രസിന്റെ സഖ്യ ഓഫർ മായാവതി നിരസിക്കുകയായിരുന്നു. ഇലക്്ഷനു ശേഷം അവർ പിഴവ് മനസ്സിലാക്കും. 

ചോ: കോൺഗ്രസ് സ്വന്തം സീറ്റുകളുടെ എണ്ണം കൂട്ടാനല്ലേ ശ്രമിച്ചത്?
ഉ: തെറ്റായ വാദമാണ് ഇത്. തമിഴ്‌നാട്ടിൽ ബി.ജെ.പി പേരിനു പോലുമില്ല. എന്നിട്ടും എ.ഐ.എ.ഡി.എം.കെ അവർക്ക് അഞ്ച് സീറ്റ് നൽകി. ഡി.എം.കെ 20 സീറ്റിൽ മത്സരിക്കണമെന്ന് ഞങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞു. അവർ ഇരുപതിലേറെ സീറ്റിൽ മത്സരിക്കുന്നുണ്ട്. ഞങ്ങൾക്ക് ഒമ്പത് സീറ്റേ കിട്ടിയുള്ളൂ. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സിപിയും തുല്യമായി സീറ്റ് പങ്കുവെച്ചു. മറ്റു സഖ്യകക്ഷികൾക്ക് കോൺഗ്രസിന്റെ ഓഹരിയിൽനിന്ന് സീറ്റ് നൽകി. കർണാടകയിൽ ജെ.ഡി.എസ് ചോദിച്ച സീറ്റെല്ലാം നൽകി. അവർ ഒരു സീറ്റ് തിരിച്ചുതരികയാണ് ചെയ്തത്. കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല. 

ചോ: കോൺഗ്രസ് തോൽക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതെന്തിനാണ്?
ഉ: വോട്ടിംഗ് യന്ത്രം കുറ്റമറ്റതാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കോൺഗ്രസിന്റെ പരാതിയിലാണ് സുപ്രീം കോടതി ഓരോ വോട്ടിംഗ് യന്ത്രത്തിനും ഓരോ വിവിപാറ്റ് പരിശോധന നിർദേശിച്ചത്. അതുവരെ എല്ലാ വോട്ടിംഗ് യന്ത്രത്തിലും ഇലക്്ഷൻ കമ്മീഷൻ  വിവിപാറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടായിരുന്നില്ല. 25 പാർട്ടികളുടെ അഭ്യർഥനയെത്തുടർന്നായിരുന്നു രണ്ടാമത്തെ വിജയം. അഞ്ച് വിവിപാറ്റ് സാമ്പിൾ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. ഈ നിർദേശങ്ങൾ വോട്ടിംഗ് യന്ത്രത്തെ കുറ്റമറ്റതാക്കുകയാണ് ചെയ്തത്. എന്തിനാണ് ബി.ജെ.പി അതിനെ എതിർക്കുന്നത്. സംശയാസ്പദമല്ലേ അത്?