Monday , June   17, 2019
Monday , June   17, 2019

വൈവിധ്യത്തിന്റെ മനോഹാരിത 

ഇന്ത്യയിലെ ദേശീയ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചിരിക്കുകയാണല്ലോ. അഞ്ച് വർഷം മുമ്പുള്ള തെരഞ്ഞെടുപ്പിലെന്ന പോലെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആർക്കും താൽപര്യമില്ല. ഇന്ത്യ, പാക്കിസ്ഥാൻ, ഹിന്ദു-മുസ്‌ലിം എന്നതിൽ ഒതുക്കാനാണ് പ്രമുഖ പാർട്ടികൾക്കിഷ്ടം. വിവിധ മത ന്യൂനപക്ഷങ്ങളുമുൾപ്പെടുന്നതാണ് ഇന്ത്യൻ ജനത. മതേതര രാഷ്ട്രമെന്നതാണ് ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടിയ ഘടകം. 
മഹാത്മാഗാന്ധിയിൽ നിന്നും മാർട്ടിൻ ലൂതർ കിംഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ന്യൂദൽഹി സന്ദർശന വേളയിൽ  ഓർമപ്പെടുത്തിയ കാര്യം വളരെ പ്രസക്തമാണ്. ഒരുമിച്ച് നിന്നാൽ ഇന്ത്യക്ക് മുന്നേറാനാവുമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ. 
ഐക്യത്തിലൂടെ മാത്രമേ ഇന്ത്യ മുന്നേറിയിട്ടുള്ളൂ. കശ്മീർ മുതൽ കന്യാകുമാരി വരെ ഒരേ മനസ്സുമായി കഴിയുന്നവർ. 1971 വരെ രണ്ട് പാക്കിസ്ഥാനുണ്ടായിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറ് ഇപ്പോൾ കാണുന്ന പാക്കിസ്ഥാനും പൂർവേന്ത്യൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ പാക്കിസ്ഥാനും. ബംഗ്ലാദേശിന്റെ പിറവിയിൽ ഇന്ത്യ നിർണായക പങ്ക് വഹിച്ചു. 
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മതേതര വീക്ഷണം പരക്കെ പ്രശംസിക്കപ്പെട്ട ഒന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും മഹത്തായ  ദേശീയ നേതാവാണ് ജവഹർലാൽ നെഹ്‌റു. അദ്ദേഹത്തിന്റെ ദീർഘ വീക്ഷണവും സഹിഷ്ണുതാബോധവും മതിപ്പു പിടിച്ചു പറ്റി. 964 മെയ് 27നാണ് നെഹ്‌റു വിട പറഞ്ഞത്. അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ്, മതേതര കാഴ്ചപ്പാടുകൾ രാജ്യ പുരോഗതിക്ക് ആക്കം കൂട്ടി. 1984ൽ രാജീവ് ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറിയത്. അതിന് ശേഷം ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഒറ്റക്കക്ഷി അധികാരത്തിലേറുന്നത് 2014ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായപ്പോഴാണ്.  
നരേന്ദ്ര മോഡി അധികാരത്തിലേറിയ ഉടൻ പല മന്ത്രിമാരും വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്യുകയെന്നത് പലർക്കും ഹോബിയായി. കർശനമായ നിർദേശം ലഭിച്ചപ്പോൾ എല്ലാറ്റിനും നിയന്ത്രണമായി. ഹിന്ദു സ്ത്രീകൾ നാല് കുട്ടികളെ പ്രസവിക്കണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞത് ഏറെ വിവാദമുണ്ടാക്കി. തെലുഗുദേശം പാർട്ടി ചെയർമാൻ ചന്ദ്രബാബു നായിഡുവാണ് ജനസംഖ്യാ വർധനവിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രതികരിച്ചത്. എല്ലാ ഇന്ത്യക്കാർക്കും ധാരാളം കുട്ടികൾ വേണമെന്നാണ് നായിഡു ഉണർത്തിയത്. 
കോൺഗ്രസിന് ശേഷം പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ ആദ്യ കക്ഷിയാണ് മോഡിയുടെ പാർട്ടിയായ ബി.ജെ.പി. ഇതേ കക്ഷിയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്‌പേയി. ബി.ജെ.പിക്കാരനായിരുന്നിട്ട് പോലും നെഹ്‌റുവിന്റെ ആശയങ്ങൾ നടപ്പാക്കാനായിരുന്നു താൽപര്യം. തന്റെ കക്ഷിയിലെ തീവ്ര നിലപാടുകാരെ ഭരണത്തിൽ ഇടപെടുത്താതിരിക്കാൻ അദ്ദേഹം പരമാവധി ശ്രദ്ധിച്ചു. 
ശക്തമായ ഇന്ത്യയുടെ പ്രതീകമായിരുന്നു ഇന്ദിരാ ഗാന്ധി. അംഗരക്ഷകന്റെ വെടിയേറ്റ് മുൻ പ്രധാനമന്ത്രി പിടഞ്ഞുവീണ് മരിച്ചപ്പോൾ രാഷ്ട്ര മനസ്സാക്ഷി വിതുമ്പിയത് ഇന്ത്യക്കുണ്ടായ ആഘാതത്തിന്റെ തീവ്രതയാണ് എടുത്തു കാട്ടുന്നത്.  ചേരിചേരാ രാഷ്ട്രങ്ങളുടെ നായകസ്ഥാനം അലങ്കരിച്ചിരുന്ന ഇന്ത്യയുടെ വാക്കുകൾ ലോകം കാതോർത്തിരുന്ന നല്ല നാളുകളായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ഭരണകാലം.  ഇന്ദിരാ ഗാന്ധിക്കു ശേഷം രാജീവ് ഗാന്ധിയും ഇന്ത്യയുടെ മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ടെന്നത് തർക്കമറ്റ കാര്യമാണ്. 
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയിൽ എഴുപത് ശതമാനത്തിലേറെയും മുപ്പത്തിയഞ്ച് വയസ്സിനു താഴെ പ്രായമുള്ളവരാണ്. ദിശാബോധവും നിശ്ചയദാർഢ്യവുമുള്ള രാഷ്ട്രീയ നേതൃത്വവും കൂടിച്ചേർന്നാൽ പറന്നുയരുകയെന്നത് എളുപ്പമാവും. ആഗോളവൽക്കരണത്തിലൂടെ നേട്ടമുണ്ടാക്കിയ രാജ്യമാണ് ഇന്ത്യ. വിദേശ വിപണിയുടെ അനന്ത സാധ്യതകളാണ് ഇന്ത്യക്ക് മുമ്പിൽ തുറന്നു കിട്ടിയത്. തുണിത്തരങ്ങൾ മുതൽ ഐ.ടി ഉൽപന്നങ്ങൾ വരെ മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ അഭിമാനത്തോടെയാണ് ലോക വിപണിയിൽ വിറ്റഴിക്കപ്പെടുന്നത്. ഇന്ത്യയിൽ നിർമിച്ച ഭക്ഷ്യവസ്തുക്കളുടെ മുഖ്യ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ. 
മത സൗഹാർദത്തിന്റെ സൗരഭ്യമുയർന്ന നാടാണ് കേരളം. ഇന്ത്യക്കാകെ മാതൃകയായിരുന്നു നമ്മുടെ സംസ്ഥാനം. ഉച്ചനീചത്വങ്ങളും അസമത്വങ്ങളും വെടിഞ്ഞ മലയാളി മതമൈത്രിയൂട്ടിയുറപ്പിച്ചാണ് മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ അസൂയക്ക് പാത്രമായത്. ആരോഗ്യ മേഖലയിലെ നേട്ടങ്ങളിലൂടെ ദശകങ്ങൾക്ക് മുമ്പ് ഇതര സംസ്ഥാനങ്ങൾക്ക് വഴികാട്ടിയായ സംസ്ഥാനമാണ് കേരളം. കലാ സാംസ്‌കാരിക രംഗങ്ങളിൽ മികവ് കാട്ടിയ മലയാളി വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയാണ് നേട്ടങ്ങൾ കൊയ്തത്. കേരളവും വിദേശ രാജ്യങ്ങളുമായി പോലും സൗഹൃദത്തിലധിഷ്ഠിതമായ കച്ചവട ബന്ധമാണ് പണ്ടു മുതലേ ഉണ്ടായിരുന്നത്. അറബികളും ചൈനക്കാരും പോർച്ചുഗീസുകാരും എത്തിയപ്പോൾ ഇരു കൈകളും നീട്ടി അവരെ സ്വീകരിച്ച പൈതൃകമാണ് നമ്മുടേത്.  
ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതൽ ജനതയെ ഭിന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങളാണ് ദേശീയ നേതാക്കൾ നടത്തുന്നത്. തെരഞ്ഞെടുപ്പുകൾ ഇനിയും വരും. ഇന്ത്യ എന്ന മഹത്തായ ആശയം നിലനിർത്തുകയെന്നതാണ് പ്രധാനം.