Monday , June   17, 2019
Monday , June   17, 2019

ആനയും അമ്പാരിയും കോടതിയും

തിരഞ്ഞെടുപ്പു ചൂടിൽ ഉരുകിയൊലിച്ചു പോയിക്കാണും കഴിഞ്ഞയാഴ്ച്ച പൊട്ടിയ രണ്ടു വാർത്തകൾ. രണ്ടും നമ്മുടെ ദൃശ്യവും ശ്രാവ്യവും ആയ സംസ്‌ക്കാരവിശേഷത്തെ സൂചിപ്പിക്കുന്നവയായിരുന്നു. സമൂഹപഠിതാക്കൾ പറയുമായിരിക്കും, നമ്മുടെ തനിമ നിർവചിക്കുന്ന ആചാരങ്ങളെയും ആഘോഷരീതികളെയും സംബന്ധിച്ച രണ്ടു വാർത്താശകലങ്ങൾ. എണ്ണം പറഞ്ഞ പത്രത്തിലൊന്നും നേരിട്ടു ബന്ധപ്പെട്ട പ്രദേശത്തൊഴിച്ച്അതൊന്നും ഒന്നാം താളിൽ തളിർത്തിരിക്കില്ല. 
ഒരു വാർത്ത ഒരു  സുപ്രിം കോടതി വിധിയെപ്പറ്റിയായിരുന്നു. തൃശൂർ പൂരത്തിന് മരുന്നുമണി നടത്താൻ പരമോന്നത ന്യായപീഠം അനുമതി നൽകിയിരിക്കുന്നു. കുറച്ചു കാലമായി നീണ്ടുവരുന്ന കേസിന്റെ ഒടുവിൽ കോടതി മരുന്നുമണിക്ക് അനുമതി നൽകിയെന്നു മാത്രമല്ല അപേക്ഷ കിട്ടി മൂന്നു ദിവസത്തിനപ്പുറം അനുമതി നീളാൻ പാടില്ലെന്നു നിഷ്‌കർഷിക്കുകയും ചെയ്തു. പക്ഷേ പടക്കം പൊട്ടിക്കുന്നത് സുരക്ഷിതമാണെന്ന് ബന്ധപ്പെട്ട ഏജൻസിയെ ബോധ്യപ്പെടുത്തിയിരിക്കണം.
ആഘോഷം പൊലിപ്പിക്കാൻ മധ്യകേരളീയർ നൂറോ ഏറെയോ കൊല്ലമായി പ്രയോഗിച്ചുവരുന്നതാണ് മരുന്നുമണി. ഗർഭം അലസാൻ പാകത്തിൽ ഏഴു നിലയായി പൊട്ടുന്ന അമിട്ടുകളും കണ്ണഞ്ചിപ്പിക്കുന്ന വർണപ്രളയങ്ങളും തൃശൂർ പൂരത്തിൽ ആ ആഘോഷശൈലിയുടെ പാരമ്യം കുറിക്കുന്നു. അതിനു മുമ്പും പിമ്പുമായി വരുന്ന വിഷുവും പാവറട്ടി പെരുന്നാളും തേക്കിൻ കാട് മൈതാനത്ത് അരങ്ങേറുന്ന മാമാങ്കത്തിന് വഴിയൊരുക്കുന്ന സ്‌ഫോടനവിനോദങ്ങളത്രേ. 
കാണാൻ ചന്തമുണ്ടെന്ന് നമ്മൾ ഗൃഹാതുരത്വത്തോടെ ഓർക്കുകയും ആഘോഷിക്കുകയും ചെയ്യാറുള്ള തൃശൂർ പൂരത്തെപ്പറ്റി അടുത്ത കാലത്തായിട്ടണെങ്കിലും, അടക്കിപ്പിടിച്ചാണെങ്കിലും, വേർ തിരിഞ്ഞ അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. മരുന്നുമണി അപ്പാടേ നിരോധിക്കണമെന്നും സുരക്ഷിതമായി ക്രമീകരിക്കണമെന്നും പല തലങ്ങളിൽ പടരുന്നതാണ് വള്ളത്തോളും വെണ്മണിയും പാടിപ്പുകഴ്ത്തിയ പൂരപ്രബന്ധം.  ജനങ്ങളുടെ സുരക്ഷയെയും വരും തലമുറകൾക്ക് അവകാശപ്പെട്ട പ്രാണവായുവിന്റെയും കാര്യത്തിൽ ഭരണകൂടം ഇടപെടുക തന്നെ വേണം; വേണ്ടിവരുമ്പോൾ  ന്യായപീഠം വിധി പറയുക തന്നെ വേണം. ആചാരവും ആഘോഷ വിശേഷവും സാക്ഷിവിസ്താരത്തിനും കുറ്റവിചാരണക്കും അപ്പുറമാണെന്ന വാദം ഉയർത്തി വരാനിരിക്കുന്ന മാറ്റങ്ങളെ മുഴുവൻ തടഞ്ഞുനിർത്താൻ നോക്കിക്കൂടാ.
ജനങ്ങളുടെ വിശ്വാസവും ആരാധനയും ആചാരക്രമങ്ങളും നിർത്തുകയോ മാറ്റുകയോ ചെയ്യേണ്ടത് ഭരണകൂടവും കോടതിയുമല്ലെന്ന അഭിപ്രായം ശരി തന്നെ.  അടിച്ചേൽപിക്കപ്പെടുന്ന വിശ്വാസവിശേഷങ്ങളും ആചാരവിധികളും ഒരു തരത്തിൽ ഫാഷിസത്തിന്റെ ഭാഗമാകുന്നു. അവക്ക് ചലനാത്മകത ഉണ്ടായാലേ ജനഹിതം പുലരുകയുള്ളു.  ആ ഹിതം കാലം ചെല്ലുന്തോറും രൂപപ്പെടുത്താനും പരിഷ്‌ക്കരിക്കാനും സഹായകമായ ഉപകരണങ്ങളാകാം കോടതിയും സർക്കാരും; അത്രയുമാകണം, അതിലേറെ ആകുകയുമരുത്.  
തൃശൂർ പൂരത്തിൽ പാറമേക്കാവും തിരുവമ്പാടിയും ആണ്ടുതോറും അവതരിപ്പിക്കുന്ന മരുന്നുമണി മത്സരം ആശാസ്യമോ അക്രമമോ എന്ന വാദവും വിവാദവും കോടതി വിധി വന്നിട്ടും തുടരും. ജനാഭിപ്രായത്തിന്റെ രൂപികരണം അങ്ങനെയാണ് നടക്കുക. ഏകാധിപത്യമോ സമഗ്രാധിപത്യമോ നിലവിലുള്ള നാടുകളിൽ, ആലിസിന്റെ അത്ഭുതലോകത്തിലെന്ന പോലെ, ഒരു വാൾ വീശൽ കൊണ്ടോ ഒറ്റക്കല്പനകൊണ്ടോ ആചാരങ്ങളുടെ ആരംഭവും ക്രമീകരിക്കാൻ കഴിഞ്ഞെന്നു വരം, അല്പകാലം, അല്പകാലം മാത്രം. ആരോഗ്യപൂർണമായ സമൂഹവികാസത്തിന് അവ മാറണം, മറിയണം, കോടതികളും ഭരണസംഘങ്ങളും അതു കണ്ടറിയണം. പരിവർത്തനത്തിന്റെ അന്തരീക്ഷം ഉണ്ടാകണം. അതൊക്കെ കല്പനയായി വരണമെന്നു ശഠിക്കാതിരിക്കണം. 
പൂരവും തനിമയും പ്രാകൃതത്വവുമായി ബന്ധപ്പെട്ടതാണ് കഴിഞ്ഞയാഴ്ച  ഞാൻ ശ്രദ്ധിച്ച രണ്ടാമത്തെ വാർത്താശകലം. അപ്പപ്പോൾ പൊട്ടുന്ന സംഭവമാണ്, വിശേഷിച്ചും പൂരക്കാലത്ത്, ആന വിരളുന്നതും അക്രമം കാട്ടുന്നതും. കഴിഞ്ഞയാഴ്ചയും ഉണ്ടായി മദം പൊട്ടിയ ആന ഒന്നാം പാപ്പാനെ കുത്തിക്കൊല്ലലും രണ്ടാമനെ പരുക്കേൽപിക്കലും.  
വനവാസികളെ വിരട്ടുകയും കാട്ടിൽ നിന്ന് നാട്ടിലിറങ്ങി നെൽപാടവും വാഴക്കൂട്ടവും നശിപ്പിക്കുന്ന ആനകളുടെ കഥകളും നമ്മുടെ പ്രിയപ്പെട്ട കഥകൾ തന്നെ. 
കേരളത്തിന്റെ  തനിമയുടെ അംശമാകുന്നു ആന. കേരളീയതയെ അഞ്ചായി പകുക്കണമെന്നു പറഞ്ഞാൽ ഞാൻ പട്ടികയിൽ പെടുത്തുന്നത് ഇതൊക്കെ ആയിരിക്കും: 
ആന, നേന്ത്രക്കുല, നിലവിളക്ക്, നിറപറ, നിറകുടം.  ആനച്ചന്തത്തിന് ന്റപ്പൂപ്പാക്കരൊനേണ്ടാർന്ന കാലത്തോളം പഴക്കം കാണും. എന്റെ കാവ്യാഭ്യാസം തുടങ്ങിയതു തന്നെ കവളപ്പാറ കൊമ്പനേയും കവിളൊട്ടിപ്പറ്റിയ കുഞ്ഞൻ പാപ്പാനെയും പറ്റിയുള്ള പാട്ടുകൾ കൊണ്ടായിരുന്നു.
നമ്മുടെ ഭാഷയിലും ഭൂഷയിലും ആന തലപ്പൊക്കം കാട്ടി.  കാട്ടിലെയും നാട്ടിലെയും ബാക്കിയായ തടി പിടിപ്പിക്കുന്നതിനെക്കാൾ കൂടുതലായി ആനയെ നിയോഗിക്കുന്നത് തേവരുടെ ആനയായിട്ടായിരിക്കും. തിടമ്പേറ്റി തല പൊക്കിനിൽക്കുന്ന ഗുരുവായൂർ കേശവൻ ദേവേന്ദ്രന്റെ ഐരാവതത്തെക്കാൾ നമ്മെ ആവേശം കൊള്ളിക്കുന്നു, ആദരാന്വിതരാക്കുന്നു. ഒരാനക്കഥ ഇല്ലാത്ത ഐതിഹ്യമാലയുടെ ഭാഗമില്ല. മനുഷ്യഭക്തിയും മനുഷ്യസദൃശമായ അഭിരുചികളും അധ്യാരോപിക്കപെട്ടവയാണ് നമ്മുടെ കൊലകൊമ്പന്മാർ.
കൊലകൊമ്പന്മാർ എന്ന ആ പ്രയോഗം, പലതുപോലെയും, പാതിയേ ശരിയാകുന്നുള്ളു. പലയിടത്തും കൂടുതലായി കൊല വിളിക്കുന്നവയാണ് നമ്മുടെ ആനകൾ.  ഓരോ ദിവസവും വായിക്കാം കൊല വിളിക്കുന്ന ഒരാനയുടെ കഥ.  പക്ഷേ കൊലകൊമ്പൻ എന്നു പറഞ്ഞത് മുഴുവൻ ശരിയല്ലെന്നു മനസ്സിലാക്കണം. കൊമ്പിനുവേണ്ടി കൊമ്പന്മാരെയെല്ലാം വെടിവെച്ചു വീഴ്ത്തിയതുകൊണ്ട് കേരളം പിടികളുടെ നാടായിരിക്കുന്നു എന്നൊരു ഫലിതം പറഞ്ഞു പഴകിയിരിക്കുന്നു. നമുക്കറിയാം, ഫലിതം പലപ്പോഴും സത്യമാകാം.
കൊമ്പുപോയ ആനയായാലും, കാടിറങ്ങിയ ആനയായാലും, മദം പൊട്ടിയ ആനയായാലും, നമുക്ക് കൊണ്ടാടാനുള്ളതു തന്നെ.  തേവരുടെ ആനയാക്കാം, പട്ടം കെട്ടിക്കയറ്റാം, തടി പിടിപ്പിക്കാം, സ്വഭാവമഹിമയുടെ മാതൃകയാക്കാം.  ഭാഗ്യം, ഭാഗ്യം, ഞാൻ മിസോറാമിൽ കണ്ടുമുട്ടിയ വാർത്ത വായിക്കുന്ന അരുമപ്പെൺകുട്ടി ഇഷ്ടപ്പെട്ടിരുന്നതുപോലെ, ആനയിറച്ചി ഇവിടത്തെ വിഭവമായിട്ടില്ല. മിസോ കുട്ടിക്ക് പ്രിയമായിരുന്നു അസം കാടുകളിൽനിന്നു വരുന്ന ആനയിറച്ചി. ആനയെ തിന്നില്ലെങ്കിലും ആനയുടെ സ്വഭാവം നമ്മൾ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നതാണ് വാസ്തവം. കാട്ടുമൃഗമല്ലാതെ ഒന്നുമല്ലാത്ത ആനയെ നാട്ടുമൃഗമാക്കുന്നു നമ്മൾ. നമ്മളോടും പ്രകൃതിയോടും നമ്മൾ ചെയ്യുന്ന മറ്റൊരപരാധം അതു തന്നെ.
ആനയുടെ ദൈന്യം പാടിക്കേൾക്കുന്നവരാണ് കേരളീയർ, മുതലപ്പിടിയിൽ പെട്ടുപോകുന്ന ആനയുടെ വേദന നമ്മൾ ഭക്തിപുരസ്സരം ആവിഷ്‌ക്കരിക്കുന്നു. മനുഷ്യന്റെ വലയിൽ വീഴുകയും തിരിച്ചറിയപ്പെടാത്ത തന്റെ മനോഗതവുമായി കലാപം കൂട്ടുകയും ചെയ്യുന്ന സഹ്യന്റെ മകനെ നമ്മൾ കാണാൻ തുടങ്ങിയിട്ട് പത്തെഴുപതു കൊല്ലമായി.  പ്രകൃതിസ്‌നേഹം ഫാഷനായി പ്രചരിക്കാത്ത കാലത്ത് വൈലോപ്പിള്ളി എഴുതിയതാണ് ആ വിശേഷപ്പെട്ട കവിത. ദ്യോവിനെ വിറപ്പിക്കും ആ വിളി കേട്ടീലയോ/കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം എന്ന ആ വിലാപവും ആക്രോശവും ഇന്നും നമുക്കേറ്റിട്ടുണ്ടെന്നു തോന്നുന്നില്ല.