Sunday , April   21, 2019
Sunday , April   21, 2019

അദ്ഭുതങ്ങളുണ്ടാവുമോ? ലോകകപ്പ് ടീം ഇന്ന്

മുംബൈ - ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 15 പേരെ ഇന്ന് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി (വിക്കറ്റ്കീപ്പര്‍), കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷാമി എന്നീ 11 പേര്‍ക്ക് സ്ഥാനമുറപ്പാണ്. അവശേഷിച്ച നാലു സ്ഥാനങ്ങള്‍ക്കു വേണ്ടിയായിരിക്കും പ്രധാന ചര്‍ച്ച. അതിന് ആറു പേര്‍ പരിഗണനയിലുണ്ട്. അമ്പാട്ടി രായുഡു, കെ.എല്‍. രാഹുല്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, വിജയ്ശങ്കര്‍, രവീന്ദ്ര ജദേജ എന്നിവര്‍. 
ഇംഗ്ലണ്ടിലെ കാലാവസ്ഥയും ടീമിന്റെ സാധ്യതകളുമൊക്കെ പരിഗണിച്ചായിരിക്കും നാലു പേരെ തെരഞ്ഞെടുക്കുക. സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്.കെ പ്രസാദും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പറഞ്ഞത് നാലാം നമ്പര്‍ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ച് മാത്രമാണ് തീരുമാനിക്കാനുള്ളത് എന്നാണ്. ഈ സ്ഥാനത്തേക്ക് കഴിഞ്ഞ ആറു മാസത്തിനിടെ പലരെയും പരീക്ഷിച്ചിരുന്നു. 
വിജയ്ശങ്കറും രവീന്ദ്ര ജദേജയും തമ്മിലായിരിക്കും രണ്ടാം ഓള്‍റൗണ്ടറുടെ സ്ഥാനത്തിനായുള്ള പോരാട്ടം. ഇന്ത്യന്‍ ടീമില്‍ ലഭിച്ച അവസരങ്ങളില്‍ വിജയ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഐ.പി.എല്ലിലും ഫോം തുടരുന്നു. പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടറാണെന്നത് വിജയ്ക്ക് അനുകൂലമാവും. . 


 

Latest News