Monday , June   17, 2019
Monday , June   17, 2019

സുഡാൻ ഭരണമാറ്റത്തിന് പിന്തുണയുമായി സൗദിയും ഗൾഫ് രാജ്യങ്ങളും 

അവശ്യ സഹായം ലഭ്യമാക്കാൻ രാജകൽപന

റിയാദ്- മൂന്ന് പതിറ്റാണ്ട് നീണ്ട ഉമർ അൽബഷീറിന്റെ ഏകാധിപത്യം അവസാനിപ്പിച്ച് രക്തച്ചൊരിച്ചിലിന് ഇടനൽകാതെ അധികാരമേറ്റ ഇടക്കാല സൈനിക കൗൺസിലിന് സൗദി അറേബ്യയും ഗൾഫ് രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു. സുഡാൻ ജനതയുടെ ജീവനും സ്വത്തും താൽപര്യവും സംരക്ഷിക്കുമെന്ന പുതുതായി അധികാരമേറ്റ സൈനിക മേധാവി ലെഫ്. ജനറൽ അബ്ദുൽ ഫത്താഹ് അബ്ദുറഹ്മാൻ അൽബുർഹാൻ നടത്തിയ പ്രസ്താവനയെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി സൗദി പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു.


വികസനവും അഭിവൃദ്ധിയും സാക്ഷാത്കൃതമാകുമെന്ന പ്രതീക്ഷകളോടെ ദേശീയ താൽപര്യം പരിഗണിച്ച് പെരുമാറുന്നതിന് സുഡാനിലെ സഹോദരങ്ങൾക്ക് സാധിക്കണമെന്ന് സൗദി അറേബ്യ അഭ്യർഥിച്ചു. സുഡാൻ ജനതക്ക് സാന്ത്വനം നൽകുന്നതിന്റെ ഭാഗമായി പ്രത്യേകം സാമ്പത്തിക സഹായം എത്തിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ശനിയാഴ്ച തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നു. പെട്രോളിയം ഉത്പന്നങ്ങൾ, ഗോതമ്പ്, മരുന്നുകൾ തുടങ്ങിയ വസ്തുക്കളാണ് പ്രധാനമായും സുഡാനിലേക്ക് എത്തിക്കുക. സുഡാൻ സൈനിക കൗൺസിൽ മേധാവി ലെഫ്.ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാന്റെ സ്ഥാനാരോഹണത്തെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇയും വ്യക്തമാക്കി. സുരക്ഷിതത്വവും സുസ്ഥിരതയും വികസനവും സാധ്യമാക്കുന്നതിൽ നിർണായക നീക്കമാണ് സുഡാൻ ജനത നടത്തിയത്. സുഡാനിലെ സംഭവവികാസങ്ങൾ രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായും സുസ്ഥിരതയും ഐശ്യര്യവും വികസനവും യാഥാർഥ്യമാക്കാൻ സുഡാൻ ജനതക്കും സൈന്യത്തിനും ശേഷിയുണ്ട് എന്നതിൽ പൂർണ വിശ്വാസമുണ്ടെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും വസ്തുവകകളും സംരക്ഷിക്കുമെന്ന സൈനിക കൗൺസിലിന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും സമാധാന പൂർണമായ അധികാര കൈമാറ്റത്തിനും സുഡാനിലെ മുഴുവൻ രാഷ്ട്രീയ കക്ഷികളും ഗോത്ര വർഗക്കാരും സൈനികരും സഹകരിക്കണമെന്നും യു.എ.ഇ അഭ്യർഥിച്ചു. 


സുഡാനിൽ സുരക്ഷിതത്വവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്നതിന് ലെഫ്. ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാൻ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതായി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആലുഖലീഫ പറഞ്ഞു. സുഡാൻ ജനതയുടെ അഭിലാഷത്തിനോട് ചേർന്നു നിൽക്കുന്നതായി ഇസ്‌ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) പ്രസ്താവനയിൽ അറിയിച്ചു. സമാധാനവും സാമൂഹിക സൗഹാർദവും സംരക്ഷിക്കുന്നതിന് സുഡാനിലെ എല്ലാ കക്ഷികളും നിർമാണാത്മകമായ ചർച്ചകളിൽ ഏർപ്പെടണമെന്ന് ഒ.ഐ.സി അഭ്യർഥിച്ചു.