Wednesday , June   19, 2019
Wednesday , June   19, 2019

അനുകൂലമായി സർവേ നടത്താൻ ചിലർ സമീപിച്ചിരുന്നു, കാശ് കൊടുക്കാനില്ലാത്തതിനാൽ വേണ്ടെന്ന് പറഞ്ഞു-കോടിയേരി

തിരുവനന്തപുരം- തെരഞ്ഞെടുപ്പ് സർവേയിൽ കാര്യമില്ലെന്നും ഇതുവരെയുള്ള ഏത് തെരഞ്ഞെടുപ്പ് സർവേയാണ് എൽ.ഡി.എഫിന് അനുകൂലമായി പറഞ്ഞിട്ടുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  ഞങ്ങൾക്കുവേണ്ടി സർവേ നടത്താമെന്ന് പറഞ്ഞ് ചിലർ സമീപിച്ചിരുന്നുവെന്നും അതിന് പൈസ കൊടുക്കാനില്ലാത്തതിനാൽ വേണ്ടെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോഡിയുടെ കടന്നാക്രമണത്തെ മതനിരപേക്ഷത ഉയർത്തി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഗോവധം, രാമക്ഷേത്ര നിർമാണം എന്നിവയിൽ കോൺഗ്രസിനും ബി.ജെ.പിക്കും സമാന നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ വിശ്വാസികളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്.
ശബരിമലയെ തകർക്കാൻ ഇടതുപക്ഷവും കോൺഗ്രസും ലീഗും  ചേർന്ന് ശ്രമിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബംഗളൂരുവിൽ പ്രസംഗിച്ചത്. സന്നിധാനത്ത് കലാപമുണ്ടാക്കുകയും പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് ആചാരം ലംഘിച്ചവർക്കും വിശ്വാസത്തിന്റെ പേരിൽ വോട്ടുചോദിക്കാൻ അവകാശമില്ല. ശബരിമല കർമസമിതി നേതാവ് സ്വാമി ചിദാനന്ദപുരി സന്ന്യാസവേഷമിട്ട ആർ.എസ്.എസുകാരനാണ്. കേരളത്തിൽ വർഗീയ ഭിന്നിപ്പുണ്ടാക്കാൻ ചിദാനന്ദപുരിയെ ആർ.എസ്.എസ് ഉപയോഗിക്കുകയാണ്. 
പ്രധാനമന്ത്രിതന്നെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി നിഷ്‌ക്രിയമാക്കാനാണ് നീക്കം. പരസ്യമായി വർഗീയത പറഞ്ഞ് വോട്ട് തേടാനാണ് മോഡി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ശ്രമം. പ്രധാനമന്ത്രിയുടെ ചട്ടലംഘനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തും. 
ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമല്ല. കേരളത്തിലെ ജനവിധി എന്തായാലും അത് സുപ്രീംകോടതി വിധിയെ സ്വാധീനിക്കില്ല. യുവതീ പ്രവേശം സംബന്ധിച്ച് 12 വർഷം കേസ് നടന്നിട്ടും  ബി.ജെ.പിയും കോൺഗ്രസും നിലപാട് അറിയിച്ചില്ല. വിധി വന്നപ്പോൾ അതിനെതിരെ കേന്ദ്ര സർക്കാരോ ബി.ജെ.പിയോ പുനഃപരിശോധനാ ഹരജിയും നൽകിയില്ല. വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാനും തയ്യാറായില്ല. തങ്ങൾ വീണ്ടും അധികാരത്തിൽ വന്നാൽ സുപ്രീം കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. പുനഃപരിശോധനാ ഹരജിയിൽ വാദം പൂർത്തിയായ സ്ഥിതിക്ക് ഇനി ഒന്നും നടക്കില്ല. 
കേരളത്തിൽ കലാപനീക്കം പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് സംഘപരിവാറിന്. ബി.ജെ.പിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ തയ്യാറല്ല എന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രചാരണത്തിന് വന്ന സ്ഥലങ്ങളിലെല്ലാം എൽ.ഡി.എഫാണ് ജയിച്ചത്.  
വയനാട്ടിൽ മുസ്‌ലിം ലീഗ് ഉപയോഗിച്ചത് പാക്കിസ്ഥാൻ പതാകയല്ലെന്ന് അമിത് ഷായ്ക്ക് മറുപടി നൽകാൻ ഒരു കോൺഗ്രസ് നേതാവും തയ്യാറായിട്ടില്ല. അമിത് ഷാ പറഞ്ഞത് ബോധപൂർവമാണ്. പാക്കിസ്ഥാൻ പരാമർശം നടത്തി ന്യൂനപക്ഷത്തിനെതിരെയുള്ള വിരോധമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുസ്‌ലിം ലീഗിനോടുള്ള എതിർപ്പ് മുസ്‌ലിം വിരോധമാക്കി മാറ്റാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ കോൺഗ്രസിനോ ലീഗിനോ ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു.  
മുസ്‌ലിംലീഗ് മതമൗലികവാദ നിലപാട് സ്വീകരിക്കുന്ന മതാധിഷ്ഠിത പാർട്ടിയാണ്. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയതുതന്നെ മതമൗലികവാദ നിലപാട് വ്യക്തമാക്കുന്നതാണ്. എന്നാൽ, ഐ.എൻ.എൽ മതമൗലിക പാർട്ടിയല്ല. അതിന്റെ പേര് തന്നെ മതനിരപേക്ഷത വ്യക്തമാക്കുന്നു. കോൺഗ്രസിനോടും കമ്യൂണിസ്റ്റുകാരോടും ലീഗിന്റെ പേര് കൂട്ടി പറയുന്നതാണ് മോഡിയുടെ വർഗീയ അജൻഡ. 
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻവിജയം നേടും. ഒരിടത്തും  സർക്കാർ വിരുദ്ധ വികാരമില്ല. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനം ജനവിധിയിൽ പ്രതിഫലിക്കും. കേരളത്തിൽ  ബി.ജെ.പിയുടെ വോട്ട് ബിജെപിക്ക് തന്നെ കിട്ടും എന്ന് ഉറപ്പിച്ചുപറയാൻ അമിത് ഷായ്ക്ക് കഴിയുമോ. ബി.ഡി.ജെ.എസ് മൽസരിക്കുന്ന മണ്ഡലങ്ങളിൽനിന്ന് ആർ.എസ്.എസുകാർ മറ്റ് മണ്ഡലങ്ങളിലേക്ക് മാറിയിരിക്കുന്നു. തിരുവനന്തപുരത്ത് കോൺഗ്രസുകാർ പ്രവർത്തിക്കുന്നില്ലെന്ന് ശശി തരൂർ തന്നെ പരാതി പറഞ്ഞു. സംസ്ഥാനത്ത് എസ്.ഡി.പി.ഐയുടെയും ആർ.എസ്.എസിന്റെയും വോട്ട് വേണ്ടെന്ന് സി.പി.എം  പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിൽ സി.പി.എം, ഡി.എം.കെയുമായാണ് സഖ്യത്തിലുള്ളതെന്നും കോടിയേരി പറഞ്ഞു.
 

Latest News