Wednesday , June   19, 2019
Wednesday , June   19, 2019

ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ  ഫീസ് വർധിപ്പിക്കുന്നു

ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർധിപ്പിക്കുന്നു. 30 ശതമാനം, അതായത് 80 മുതൽ 120 റിയാൽ വരെ വർധനക്കാണ് സാധ്യത. ഇത് രക്ഷിതാക്കളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്നലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മാനേജിംഗ് കമ്മിറ്റി-രക്ഷാകർതൃ യോഗത്തിലാണ് ഫീസ് വർധനയുടെ കാര്യം ചെയർമാൻ മുഹമ്മദ് ഗസൻഫർ ആലം വെളിപ്പെടുത്തിയത്. സാമ്പത്തിക പ്രതിന്ധി നേരിടുന്ന സ്‌കൂളിന് മുന്നോട്ടു പോകണമെങ്കിൽ ഇതല്ലാതെ മാർഗമില്ലെന്നായിരുന്നു ഇതിന് ന്യായമായി ചെയർമാൻ പറഞ്ഞത്. എന്നാൽ രക്ഷിതാക്കളെ ഇതു തൃപ്തരാക്കിയില്ല. സാമ്പത്തിക ഭദ്രതയിലായിരുന്ന സ്‌കൂളിന്റെ സാമ്പത്തിക ശേഷി ചോർത്തിക്കളഞ്ഞത് ആൺകുട്ടികളുടെ സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട കേസും കോടതി വിധിയുമാണെന്ന് രക്ഷിതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടി. ഇതു സംഭവിച്ചത് സ്‌കൂളിന്റെ ഭരണ ചുമതലയും മേൽനോട്ടവും വഹിച്ചിരുന്നവരുടെ കെടുകാര്യസ്ഥതയാണെന്നും രക്ഷിതാക്കൾ പറഞ്ഞു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ പരാജയം മൂലം 32 മില്യൺ റിയാലാണ് സ്‌കൂളിന് നഷ്ടമായത്. കേസ് നടത്തിപ്പ് ഇനത്തിൽ വർഷങ്ങളായി ചെലവഴിച്ച ലക്ഷങ്ങൾ വേറെയും. സ്വന്തമായി വാങ്ങിയ സ്ഥലത്ത് ലക്ഷങ്ങൾ ചെലവഴിച്ചായിരുന്നു കെട്ടിടം പണിതത്. എന്നാൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ നഷ്ടപ്പെട്ട കാരണത്താൽ കേസ് പ്രതികൂലമാവുകയായിരുന്നു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന പ്രഖ്യാപനം സ്‌കൂളിന്റെ മേൽനോട്ടം നടത്തുന്നവരിൽ നിന്നുണ്ടായെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. മാത്രമല്ല, കെട്ടിടത്തിന് ഒരു ഉടമസ്ഥാവകാശവും ഇല്ലാതായെന്നു മാത്രമല്ല, ഉടമ കെട്ടിട വാടക വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കെട്ടിടം ഒഴിഞ്ഞു കൊടുക്കാനുള്ള നടപടികൾ സ്വീകരിച്ച് സാധനങ്ങളെല്ലാം നീക്കിയെങ്കിലും കുട്ടികളുടെയും രക്ഷിതാക്കളുടേയും പ്രതിഷേധവും വിദേശ മന്ത്രാലയത്തിന്റെ ഇടപെടലുംകൊണ്ട് അവസാനം അതുപേക്ഷിക്കുകയായിരുന്നു. ഈ ഇനത്തിലും ഭീമമായ സംഖ്യ സ്‌കൂളിന് നഷ്ടമായി. കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകുന്നതിന് ഏറ്റെടുത്ത മറ്റൊരു കെട്ടിടവുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്. 
മുൻ മാനേജിംഗ് കമ്മിറ്റികളുടെ കാലത്തു നടന്ന ഇടപാടുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ടു പോകണമെങ്കിൽ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയേ മതിയാവൂ എന്നും എം.സി അംഗങ്ങൾ വിശദീകരിച്ചു. സ്‌കൂൾ വാടകയുമായി ബന്ധപ്പെട്ട കരാർ അഞ്ചു വർഷത്തേക്ക് പുതുക്കിയതായും വാടകയിനത്തിൽ ഇളവ് ലഭിച്ചുവെന്നും അവർ രക്ഷകർത്താക്കളെ അറിയിച്ചു. അധ്യാപക നിയമനം, സ്‌കൂളിന്റെ ദൈനംദിന ചെലവുകൾ തുടങ്ങി ചെലവുകൾ കൂടുകയാണെന്നും എം.സി അംഗങ്ങൾ യോഗത്തെ അറിയിച്ചു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അധിക ബാധ്യതകൾ ഒന്നും ഏറ്റെടുക്കാവുന്ന സാഹചര്യത്തിലല്ല ഓരോ കുടുംബവുമെന്ന് രക്ഷിതാക്കളും മറുപടി നൽകി. എന്തു തന്നെയായാലും ഫീസ് വർധനയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. താമസിയാതെ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടാകും. 
അധിക സാമ്പത്തിക ബാധ്യതയുടെ പേരിൽ കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി 500 റിയാൽ വീതം പ്രവേശന ഫീസ് വർധിപ്പിച്ചിരുന്നു. ഇപ്പോൾ പ്രവേശന ഫീസ് ഇനത്തിൽ 1500 റിയാലാണ് നൽകേണ്ടത്. സ്‌കൂൾ വിസയിലല്ലാതെയുള്ള അധ്യാപകരുടെ അജീർ രജിസ്‌ട്രേഷൻ ഇനത്തിൽ വരുന്ന അധിക ബാധ്യതയുടെ പേരിലായിരുന്നു വർധന. ഇപ്പോഴത്തെ ഫീസ് വർധനക്കു പറയുന്ന കാരണങ്ങളിലൊന്നും ഇതാണ്. എന്നാൽ ഇതു സംബന്ധിച്ച വ്യക്തത ഇനിയുമായിട്ടില്ല. ഇതു സംബന്ധിച്ച് പഠിക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും ഹയർ ബോർഡ് സമിതിയെ നിയമിച്ചിരുന്നുവെങ്കിലും സമിതി റിപ്പോർട്ട് നൽകിയതായുള്ള വിവരമൊന്നും രക്ഷിതാക്കൾക്കു ലഭിച്ചിട്ടില്ല. 
ഒരു കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ മൂന്നാമത്തെ കുട്ടിക്കു മുതൽ ലഭിച്ചിരുന്ന ഫീസ് ഇളവും കഴിഞ്ഞ വർഷം നിർത്തലാക്കിയിരുന്നു. ഇതിനു പുറമെയായിരുന്നു പ്രവേശന ഫീസ് വർധന. 
യോഗത്തിൽ ചെയർമാനു പുറമെ എം.സി അംഗങ്ങളായ ജാഫർ കല്ലിങ്ങപ്പാടൻ, ഡോ.അബ്ദുൽ സത്താർ സമീർ, ഡോ.പ്രിൻസ് മുഫ്തി സൈനുൽ ഹസൻ, ഡോ.അബ്ദുൽ ബാസിദ് ബങ്ക, ഇക്രാമുൽ ബാസിദ് ഖാൻ, മുഹ്‌സിൻ ഹുസൈൻ ഖാൻ എന്നിവരും സംബന്ധിച്ചു.


 

Latest News