Monday , June   17, 2019
Monday , June   17, 2019

കവിത്വമുള്ള വാക്കുകൾ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുമോ? 

തന്റെ പരാജയങ്ങളെ കാവൽക്കാരൻ എന്ന സംജ്ഞയിൽ മറച്ചുവെക്കാനുള്ള നരേന്ദ്ര മോഡിയുടെ ശ്രമം വിജയിക്കുമോ എന്നതിന്റെ ഉത്തരമാണ് ഈ തെരഞ്ഞെടുപ്പ്. ഇന്ത്യൻ രാഷ്ട്രീയത്തെ ഹീറോയും വില്ലനുമുള്ള ഒരു ഗെയിമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമം. ഡിജിറ്റൽ ലോകത്തിന്റെ ആരവങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്ന യാഥാർഥ്യങ്ങളെ കണ്ടെത്താൻ വോട്ടർമാർക്ക് കഴിയുമോ?


രാഷ്ട്ര ഭാഗധേയം നിർണയിക്കുന്ന മഹാജനവിധിക്ക് ആരംഭം കുറിച്ചുകഴിഞ്ഞു. ഇന്ത്യയിലെ 543 ലോക്‌സഭാ മണ്ഡലങ്ങളിൽ ഏതാനും ചിലേടത്ത് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഏഴു ഘട്ടങ്ങളിലായി ആഴ്ചകൾ നീളുന്ന ജനാധിപത്യോത്സവം അടുത്ത മാസം 23 വരെ നീണ്ടുനിൽക്കും. ജനമനസ്സ് ഏതാണ്ടൊരു തീരുമാനത്തിലേക്ക് ഇപ്പോൾ തന്നെ എത്തിച്ചേർന്നിട്ടുണ്ടാകും. അനുകൂലമായവരെ ഉറപ്പിച്ചു നിർത്താനും മറിച്ചു ചിന്തിക്കുന്നവരെ തിരുത്താനുമുള്ള അടവുകളാണിനി. അവസാനത്തെ അടവുകൾ. 

2014 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബി.ജെ.പി മൂർത്തമായ വാഗ്ദാനങ്ങളൊന്നും മുന്നോട്ടു വെക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആരംഭം മുതൽ പ്രകടമായ ആശയക്കുഴപ്പം അവരുടെ പ്രകടന പത്രികയിൽ ദൃശ്യമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പികളിൽ വിളമ്പിത്തന്നെയാണ് ബി.ജെ.പി നയം വ്യക്തമാക്കിയത്. പഴയ വികസന പുരുഷനേയും ലോഹ പുരുഷനേയുമൊന്നും കാണാനില്ല. കഴിഞ്ഞ മൂന്നു ദശാബ്ദമായി ബി.ജെ.പിക്ക് ഊർജം നൽകിയ ആ പഴയ സംഗതികളൊക്കെത്തന്നെയാണ് ഇപ്പോഴും അവരുടെ കൈവശമുള്ളത്- രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി, ഏക സിവിൽ കോഡ്, പാക്കിസ്ഥാനുമായി യുദ്ധം.

വികസനമായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പി മുഖ്യമായും ഉയർത്തിയത്. ജനം അവർക്ക് അവസരം നൽകി. മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയം. ആരുടേയും സമ്മർദങ്ങൾക്ക് വഴങ്ങാതെ ഭരിക്കാനുള്ള അവസരം. പറഞ്ഞതൊക്കെ നടപ്പാക്കാനുളള സമയം. അഭൂതപൂർവമായ ജനാവേശം. എന്നാൽ എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് വ്യക്തമാകാൻ അൽപം സമയമെടുത്തു. ഹിന്ദു രാഷ്ട്ര നിർമാണത്തിന്റെ അണിയറയിലായിരുന്നു ആർ.എസ്.എസും ബി.ജെ.പിയും. ദീർഘവർഷങ്ങൾ രാജ്യത്തിന്റെ അധികാര ചക്രം തിരിക്കാനുള്ള അടവുകൾ മാത്രം അവർ തിരഞ്ഞു. അതിനിടെ, ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലമാക്കാനും കാവി പൂശി അടിത്തറയൊരുക്കാനും ശ്രമിച്ചു. എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ച് റിസർവ് ബാങ്ക് വരെ സർക്കാരിന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു.

ദേശീയത ജ്വലിപ്പിച്ചു നിർത്തുകയാണ് ഹിന്ദു രാഷ്ട്ര നിർമാണത്തിന്റെ മുഖ്യ ചേരുവ. അതിനായി ദേശസുരക്ഷാ ഉപദേഷ്ടാവായി ആർ.എസ്.എസ് ബുദ്ധിജീവിയെ നിയമിച്ചു. അക്കാദമിക സ്ഥാപനങ്ങളിൽ സംഘ് പ്രചാരകരെ മേധാവികളാക്കി, ഫിലിം ഇൻസ്റ്റിറ്റിയൂട്ടുകൾ മുതൽ യൂണിവേഴ്‌സിറ്റികൾ വരെ. രാജ്ഭവനുകളിൽ സട കൊഴിയാറായ സിംഹങ്ങളെ പ്രതിഷ്ഠിച്ചു. അയൽരാജ്യവുമായി സംഘർഷത്തിലേർപ്പെട്ടു. അതിനായി ആഭ്യന്തര സുരക്ഷാ രംഗത്തെ വീഴ്ചകൾ അവഗണിച്ചു. ലോക രാജ്യങ്ങളിലൂടെ സഞ്ചരിച്ച് പുതിയ ഇന്ത്യയെന്ന സങ്കൽപത്തെ ആണിയടിച്ചുറപ്പിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അവർ കാത്തിരിക്കുകയാണ്. ഹിന്ദു രാഷ്ട്രനിർമാണത്തിലേക്ക് ഇനി ഏതാനും മാസങ്ങൾ എന്ന ചിന്തയോടെ.

ഇന്ത്യൻ രാഷ്ട്രീയത്തെ ഒരു ഗെയിം കളിക്കുന്നതു പോലെയാണ് ബി.ജെ.പി പരിഗണിച്ചത്. നമോ ആപ്പ് മത്സരം ആരാണ് മറക്കുക. പാർട്ടിക്ക് സംഭാവന നൽകിയാൽ കിട്ടുന്ന ടോക്കൺ ഉപയോഗിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം. സോഷ്യൽ മീഡിയയും ഇന്റർനെറ്റും അസാധാരണമായ വിധത്തിൽ നമ്മുടെ സാമൂഹിക ജീവിതത്തിലേക്ക് തുളച്ചുകയറുമ്പോൾ, ശരിയാണ്, രാഷ്ട്രീയത്തേയും ഗെയിമായി മാറ്റേണ്ടത് നമുക്ക് അനിവാര്യമായിത്തീരും. എന്നാൽ അതിന് നിയന്ത്രണമോ പരിധിയോ ഇല്ലെങ്കിൽ, പണവും രാഷ്ട്രീയാധികാരവും അതിന്റെ ചൈതന്യം കെടുത്തിക്കളയും.
വസ്തുതകളുടേയും വീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ, യാഥാർഥ്യങ്ങളുടെ നിലപാട് തറയിലുറച്ച് തീർച്ചയായും ജനപ്രിയ രാഷ്ട്രീയം സാധ്യമാണ്. തെരഞ്ഞെടുപ്പെന്നതു തന്നെ ജനകീയ ആഘോഷമാണ്. എന്നാൽ സത്യമെന്ന നിലയിൽ പ്രചരിപ്പിക്കപ്പെടുകയും വിനോദ രൂപത്തിൽ ലഭ്യമാക്കുകയും ചെയ്യുന്ന ഗെയിമാണ് രാഷ്ട്രീയമെങ്കിലോ.. അവിടെ വിജയിക്കാൻ ഹീറോയും കൊല്ലപ്പെടാൻ വില്ലനും ആവശ്യമാണെങ്കിലോ.. തീർച്ചയായും ജനാധിപത്യത്തിന് അത് മാരകമായിരിക്കും.

മേം ഭീ ചൗക്കീദാർ എന്നാണ് ഇത്തവണ മോഡി ഉയർത്തുന്ന മുദ്രാവാക്യം. തന്നെ അനുകൂലിക്കുന്നവരെയൊക്കെ ചൗക്കീദാറാക്കാൻ മോഡി ആഹ്വാനവും ചെയ്തു. എന്നാൽ പഴയ പോലെ ആവേശം ബി.ജെ.പി വൃത്തങ്ങളിൽ കണ്ടില്ല. സ്വന്തമായുണ്ടാക്കിയ മൂന്നു നമോടിവി ചാനലുകൾ ഡിഷ് ടിവിയിലും എയർടെല്ലിലും ടാറ്റ സ്‌കൈയിലും ഡി2എച്ചിലുമൊക്കെ തന്ത്രപരമായി പ്രതിഷ്ഠിച്ച് അതിലൂടെ ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലിനെക്കുറിച്ച് രാജ്യത്തെ അറിയിക്കാൻ കാട്ടിയ മിടുക്ക് സമ്മതിക്കണം. എന്നാൽ ചൗക്കീദാർ കള്ളനാണ് എന്ന രാഹുൽ മുദ്രാവാക്യം, വലിയ സ്വീകാര്യത നേടുന്നതാണ് കണ്ടത്. തന്റെ പരാജയങ്ങളെ കാവൽക്കാരൻ എന്ന സംജ്ഞയിൽ മറച്ചുവെക്കാനുള്ള മോഡിയുടെ ശ്രമം വിജയിക്കുമോ എന്നതിന്റെ ഉത്തരമാണ് ഈ തെരഞ്ഞെടുപ്പ്.

രാഷ്ട്രീയത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും ഈ ഗെയിംവൽക്കരണം എത്രത്തോളമെത്തിയെന്നറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ മറികടക്കാൻ ബി.ജെ.പി ആവിഷ്‌കരിക്കുന്ന തന്ത്രങ്ങൾ നോക്കിയാൽ മതി. പീപ്പ്ൾസ് മൂവ്‌മെന്റ് എന്ന പേരിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള വിവര ശേഖരണം പോലും കമ്മീഷന് തടയാനാവുന്നില്ല. അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ് എന്ന എൻ.ജി.ഒയെ ഉപയോഗിച്ചാണ് നവമാധ്യമ ലോകത്തെ യുദ്ധം ബി.ജെ.പി മുന്നോട്ടു കൊണ്ടുപോകുന്നത്. അമിത് ഷായുടെ സ്വന്തം ആളുകളാണ് ഇത് നടത്തുന്നത്. നേഷൻ വിത് നമോ, ഭാരത് കെ മൻ കി ബാത്ത്, മേം ഭീ ചൗക്കീദാർ തുടങ്ങി അനേകം സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് എ.ബി.എം ഇത് ചെയ്യുന്നത്. വാട്‌സാപ്പിൽ പ്രചരിപ്പിക്കുന്ന വർഗീയ സന്ദേശങ്ങൾക്ക് പിന്നിലും ഇവരാണ്. എന്നാൽ ഇലക്ഷൻ കമ്മീഷനോ, ഫേയ്‌സ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ ഭീമൻമാർക്കോ ഒന്നും ചെയ്യാനാവുന്നില്ല. ബി.ജെ.പിയാകട്ടെ, എ.ബി.എമ്മുമായി ബന്ധമില്ല എന്ന് പറഞ്ഞൊഴിയുകയും ചെയ്യുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ, പാർട്ടി ചിഹ്നത്തിന് നിയന്ത്രണങ്ങളുണ്ട്. സർക്കാർ ഔദ്യോഗികമായി അത് പ്രചരിപ്പിക്കുന്ന വിധത്തിൽ ഒന്നും ചെയ്യാൻ പാടില്ല. എന്നാൽ താമര ഇന്ന് അനേകം ഉൽപന്നങ്ങളിലൂടെ ബ്രാൻഡ് ചെയ്യപ്പെട്ട് വിപണനം ചെയ്യപ്പെടുന്നു. ടീ ഷർട്ടുകളായും തൊപ്പിയായും ഒക്കെ വിതരണം ചെയ്യപ്പെടുന്നു. കമ്മീഷനാകട്ടെ, ഇതൊന്നും കണ്ടില്ലെന്ന മട്ടിൽ പഴയ സ്‌കൂൾ പോസ്റ്ററുകളും കട്ടൗട്ടുകളും ലഘുലേഖകളും ബോർഡുകളും നോക്കി വഴിയിൽ നടക്കുകയാണ്. യുദ്ധം തെരുവിലല്ല, സ്‌ക്രീനുകളിലാണ് നടക്കുന്നത് എന്ന തിരിച്ചറിവ് ഇനിയും അവർക്കുണ്ടായിട്ടില്ല. തീവ്ര ദേശീയതയുടെ തീപ്പൊരികൾ, വാട്‌സാപ്പിലൂടെ മാത്രമല്ല അവർ പടർത്തുന്നത്. ഈയിടെ ബി.ജെ.പിയുടെ കാവി നിറത്തിലിറങ്ങിയ തീപ്പെട്ടിയുടെ ഒരു വശത്ത് താമരയും മറുവശത്ത് ഭാരത പൗരനെന്നതിൽ അഭിമാനിക്കൂ എന്ന മുദ്രാവാക്യവുമായിരുന്നു. 

ഈ ഡിജിറ്റൽ ശബ്ദങ്ങൾക്കിടയിലും ഹിസ്റ്റീരിയയിലും മുങ്ങിപ്പോകുന്നത് ഒന്നു മാത്രമാണ്- സത്യം. എന്താണതെന്ന് തിരിച്ചറിയാനാകാതെ ജനം പകച്ചുനിൽക്കുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇത് ചൂണ്ടിക്കാട്ടുന്നു: ഈ പീപ്പ്ൾസ് മൂവ്‌മെന്റിന്റെ ഭാഗമായിരിക്കുന്നവരിൽ ഒരാൾ പോലും യഥാർഥ ജീവിതത്തിൽ ഒരു ചൗക്കീദാർ ആകാൻ ആഗ്രഹിക്കുന്നില്ല. ഈ രാജ്യത്തെ യുവാക്കളോ, കർഷകരോ ഒക്കെ ചൗക്കീദാർ ആയിട്ടുണ്ടെങ്കിൽ അത് മറ്റൊരു മെച്ചപ്പെട്ട അവസരമില്ലാത്തതിനാലാണ്. 

സമാജ്‌വാദി പാർട്ടിയുടെ ദേശീയ വക്താവും ചരിത്രകാരനും കവിയുമായ അലിഖാൻ മഹ്മൂദാബാദ് എഴുതി: കഴിഞ്ഞ അഞ്ചു വർഷം നമുക്കൊരു പ്രധാനമന്ത്രിയുണ്ടായിരുന്നു- ഓരോ ചോദ്യത്തേയും അദ്ദേഹം വ്യക്തിപരമായെടുത്തു, വാർത്താസമ്മേളനത്തെ ഒരു അപൂർവ വസ്തുവാക്കി മാറ്റി, സത്യത്തെ ഏതു ദിശയിലും കറങ്ങുന്ന ക്രിക്കറ്റ് ബോളാക്കി, ഈ തെരഞ്ഞെടുപ്പിനെ 100 കോടി ജനം വോട്ട് ചെയ്യുന്ന ഒരു ജനാധിപത്യ പ്രക്രിയ എന്നതിനേക്കാൾ രണ്ട് വ്യക്തികൾ തമ്മിലുള്ള 20-20 മത്സരമാക്കി. നാം ചതിക്കപ്പെട്ടുവോ, നമുക്കത് മറികടക്കാനാകുമോ...

കവിത്വമുള്ള വാക്കുകൾ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുമോ?