Wednesday , April   24, 2019
Wednesday , April   24, 2019

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമ്പോൾ

അടിയന്തരാവസ്ഥാ ഭരണത്തിനൊടുവിൽ റായ്ബറേലി മണ്ഡലത്തിൽ തോറ്റ ഇന്ദിരാ ഗാന്ധി കർണാടകയിലെ ചിക്മംഗളൂർ മണ്ഡലത്തിൽനിന്ന് മത്സരിച്ച് പാർലമെന്റിൽ എത്തിയതു പോലെയാണ് കേരളത്തിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ രാഹുൽ ഗാന്ധി എത്തുന്നത്. ചരിത്രം അതേപോലെയല്ല ആവർത്തിക്കുന്നതെങ്കിലും. ജനങ്ങളിൽനിന്നും കോൺഗ്രസ് നേതൃത്വത്തിൽനിന്നും ഒറ്റപ്പെട്ട ഇന്ദിരാഗാന്ധി പാർട്ടി പിളർത്തി രൂപീകരിച്ച കോൺഗ്രസ് ഐയുടെ പ്രസിഡന്റായിരുന്നു.  അവർക്കൊപ്പം ഉറച്ചുനിന്ന കർണാടക മുഖ്യമന്ത്രി ദേവരാജ് അർസാണ് ചിക്മംഗഌരിനെ പ്രതിനിധീകരിച്ചിരുന്ന പാർട്ടി എം.പി ചന്ദ്രഗൗഡയെ രാജിവെപ്പിച്ച് ഇന്ദിരാ ഗാന്ധിക്കു മത്സരിക്കാൻ ഉപതെരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്.
ഇന്ദിരയുടെ കാര്യത്തിൽ ഡി.ബി ചന്ദ്രഗൗഡയെ സ്ഥാനത്യാഗം ചെയ്യിച്ചാണ് കൈപ്പത്തി ചിഹ്നത്തിൽ ഇന്ദിരാ ഗാന്ധിയെ അന്ന് മുഖ്യമന്ത്രി ദേവരാജ് അർസ് പാർലമെന്റിലേക്ക് കൈപിടിച്ചുയർത്തിയത്.  അമേത്തിയിൽ വീണ്ടും ജനവിധി തേടുന്ന രാഹുൽ ഗാന്ധിക്കു കേരളത്തിൽനിന്നു കൂടി മത്സരിക്കാൻ വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രചാരണം ആരംഭിച്ച ടി. സിദ്ദീഖിനെ പിൻവലിപ്പിച്ചാണ് കെ.പി.സി.സി രാഹുലിന് മണ്ഡലത്തിലേക്ക് വഴിയൊരുക്കിയത്. നേരത്തെ കെ.പി.സി.സിയും കർണാടക പി.സി.സിയും ആന്ധ്രയിലെ കോൺഗ്രസ് നേതാക്കളും തങ്ങളുടെ സംസ്ഥാനങ്ങളിൽനിന്ന് രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നത് ഗൗരവമായി കണ്ടില്ലെങ്കിലും ഇപ്പോൾ എ.ഐ.സി.സി നേതൃത്വം വയനാട് തെരഞ്ഞെടുക്കാൻ സ്വയം മുന്നോട്ടു വന്നിരിക്കുന്നു.  ഈ നിർദേശം അപ്രതീക്ഷിതമായി ശനിയാഴ്ച കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത് ദൽഹിയിൽനിന്ന് എ.കെ ആന്റണിയാണ്. ചിക്മംഗളൂരിൽ ഇന്ദിരാ ഗാന്ധിയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതിൽ അഖിലേന്ത്യാ നേതൃത്വത്തോട് പ്രതിഷേധിച്ച് അന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ആന്റണി.  
അമേത്തിയിൽനിന്നും വയനാട്ടിൽനിന്നും  ഒരേസമയം ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള തീരുമാനം രാഹുലിന്റെ പരാജയ ഭീതി കൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞുകഴിഞ്ഞു. മെയ് 23 ന് വോട്ടെണ്ണൽ നടക്കും വരെ ബി.ജെ.പിയും അതു തന്നെ പറഞ്ഞുകൊണ്ടിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇടതുപക്ഷത്തെ നേരിടാനാണ് രാഹുൽ കേരളത്തിലേക്ക് വരുന്നതെന്ന സന്ദേശമാണ് വായിച്ചെടുത്തത്.
നെഹ്‌റു കുടുംബത്തിന്റെ വിശ്വാസവും  വൈകാരികതയുമായി ചരിത്ര ബന്ധമുള്ള മണ്ഡലങ്ങളാണ് യു.പിയിലെ അമേത്തിയും റായ്ബറേലിയും ഫൂൽപൂരും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കഴിഞ്ഞ ദിവസം ബി.ജെ.പി അമേത്തിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെന്നതും ശരിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോഡി തരംഗം ആഞ്ഞടിച്ചിട്ടും ബെല്ലാരിയിൽ സോണിയയും അമേഠിയിൽ രാഹുലും നിഷ്പ്രയാസം വിജയിച്ചു.  രാഹുലിനെ അന്നും നേരിട്ട സ്മൃതിയെ ഒരു ലക്ഷത്തി എണ്ണായിരത്തിനടുത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുൽ തോൽപിക്കുകയായിരുന്നു. 
ബി.എസ്.പിയും എസ്.പിയും അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ നിർത്തുന്നുമില്ല. എന്നാൽ ചിക്മംഗഌർ പോലെ അനായാസം ജയിക്കാൻ കഴിയുന്ന മറ്റൊരു മണ്ഡലം കണ്ടെത്തിയാൽ അമേത്തിയിലെ സ്വന്തം മണ്ഡലത്തിൽ ഏറെ കേന്ദ്രീകരിക്കാതിരിക്കാൻ എ.ഐ.സി.സി അധ്യക്ഷന്  കഴിയും.  പ്രത്യേകിച്ച് പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും യു.പിയുടെ പാർട്ടി ചുമതല ഏൽപിച്ച സ്ഥിതിയിൽ. 
അടിയന്തരാവസ്ഥയെ തുടർന്നുള്ള രാഷ്ട്രീയ വനവാസം അവസാനിപ്പിക്കാൻ പാർലമെന്റിൽ തിരിച്ചെത്തേണ്ടത് ഇന്ദിരാ ഗാന്ധിക്ക് അനിവാര്യമായിരുന്നു. കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നതിനും പ്രധാനമന്ത്രി മോഡിയുടെ വ്യക്തിപ്രഭാവത്തെ രാഷ്ട്രീയമായി നേരിടുന്നതിനുമാണ് കേരളത്തിൽനിന്നും യു.പിയിൽനിന്നും രാഹുൽ  ജനവിധി തേടുന്നത് നിർണായകമാണ്. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും സ്വാധീനം നഷ്ടപ്പെട്ട ആന്ധ്രയിലും തമിഴ്‌നാട്ടിലും അതോടൊപ്പം കേരളത്തിലും അനുകൂല രാഷ്ട്രീയ തരംഗങ്ങളുണ്ടാക്കാൻ രാഹുലിന്റെ വരവ് കോൺഗ്രസിനു സഹായകമാകും. പ്രധാനമന്ത്രി മോഡിയെ നേരിടുന്ന ഒരേയൊരു ദേശീയ നേതാവെന്ന പ്രതിഛായ ഈ തെരഞ്ഞെടുപ്പിൽ ശക്തിപ്പെടുത്താനാകും.  
യു.പിയുടെ നേതാവായോ ഉത്തരേന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിലെ നേതാവായോ മായാവതി നിലകൊള്ളുന്നു. മമതാ ബാനർജി 42 ലോക്‌സഭാ സീറ്റുകളുള്ള പശ്ചിമ ബംഗാളിന്റെ നേതാവാണ്.  ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഗവണ്മെന്റുകളും കർണാടകയിൽ കോൺഗ്രസ് ജനതാദൾ (യു) കൂട്ടുകക്ഷി സർക്കാരുമാണ്.  രാഹുലിനെ മോഡി 'പപ്പു' എന്നു കളിയാക്കിയ കാലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ കഴിഞ്ഞു.  2019 ലെ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ ദേശീയ നേതാവായി അംഗീകരിപ്പിച്ചെടുക്കേണ്ട ബാധ്യതയാണ് കോൺഗ്രസിന്റേത്. 
കേരളത്തിൽ അധികാരത്തിലിരിക്കുന്ന  എൽ.ഡി.എഫിനും അതിനെ നയിക്കുന്ന സി.പി.എമ്മിനും അപ്രതീക്ഷിതമായ രാഷ്ട്രീയ പ്രത്യാഘാതം രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഉണ്ടാക്കും. മോഡിയേയും ബി.ജെ.പിയേയും തോൽപിക്കാൻ 2015 ൽ വിശാഖപട്ടണത്തും 2018 ൽ തെലങ്കാനയിലും കോൺഗ്രസ് ചേർന്ന് തീരുമാനിച്ച സി.പി.എം തങ്ങളുടെ അടവുമായി മെയ് 23 ന് വോട്ടെണ്ണിക്കഴിയുമ്പോൾ രംഗത്തു വരുമെന്നാണ് പറയുന്നത്. എന്നാൽ മോഡി ഗവണ്മെന്റിനെ തോൽപിക്കലാണ് മുഖ്യ കടമയെങ്കിൽ കേരളത്തിൽ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി  മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ പിന്തുണ നൽകുകയാണ് എൽ.ഡി.എഫ് ചെയ്യേണ്ടത്. പനമ്പിള്ളി ഗോവിന്ദ മേനോനെതിരെ പി.എസ്.പി നേതാവ് സി.ജി ജനാർദ്ദനനെ സഹായിക്കാൻ 57 ലെ തെരഞ്ഞെടുപ്പിൽ തയാറായ കമ്യൂണിസ്റ്റ് പാർട്ടി മോഡി ഗവണ്മെന്റിനെ താഴെയിറക്കാൻ ദേശീയ തലത്തിൽ രാഹുലിന് പിന്തുണ നൽകേണ്ടതാണ്. 
ബി.എസ്.പിയുടെ മായാവതിയും എസ്.പിയുടെ അഖിലേഷ്  യാദവും രാഹുലിന്റെയും സോണിയയുടെയും മണ്ഡലങ്ങളിൽ കാണിക്കുന്ന രാഷ്ട്രീയ മാതൃക ഇടതുപക്ഷം വയനാട്ടിൽ കാണിക്കില്ലെങ്കിൽ അതിന്റെ വിശദീകരണമെന്താണ്. പഴയ കോ.ലി.ബി സഖ്യവും നേമം 
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടു കച്ചവടവും ആർ.എസ്.എസ് - യു.ഡി.എഫ് - എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടും എന്നൊക്കെ കേരളത്തിൽ ഇനിയും പാടിനടന്നാൽ മതിയോ.  ഗുരുതരമായ ദേശീയ രാഷ്ട്രീയ പോരാട്ടത്തെ ഫലപ്രദമായി അഭിസംബോധന ചെയ്യാൻ ഇടതുപക്ഷത്തിനു കഴിയില്ലെന്നോ. തെരഞ്ഞെടുപ്പിലെ പാർട്ടി അടവു നയങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ചും തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും സി.പി.എം പാർട്ടി കോൺഗ്രസുകൾ സ്വയം വിമർശനപരമായി വിലയിരുത്തിയിട്ടുണ്ട്. ഈ നിർണായക തെരഞ്ഞെടുപ്പു മുഖത്ത് സി.പി.എം നേതാക്കളെങ്കിലും അതിലേക്കൊന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും:
'ജനങ്ങൾ വിശ്വസിക്കാത്ത ഒരു മുദ്രാവാക്യമാണ് നമ്മൾ മുന്നോട്ടുവെച്ചത്. കോൺഗ്രസിതര ബി.ജെ.പിയിതര ബദൽ മതനിരപേക്ഷ സർക്കാർ ഉണ്ടാക്കുമെന്ന്.'  
ജനങ്ങൾ വിശ്വസിക്കാത്ത, അതിലും പൊള്ളയായ മുദ്രാവാക്യമാണ് 2019 ലെ ഈ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം മുന്നോട്ടു വെക്കുന്നത്.  കേരളത്തിലെ 20 സീറ്റിൽ മത്സരിച്ചതുകൊണ്ട് മോഡി ഗവണ്മെന്റിനെ താഴെയിറക്കുന്നതെങ്ങനെ? തമിഴ്‌നാട്ടിൽ ഡി.എം.കെയുടെ കരുണയിൽ കിട്ടിയ രണ്ടു സീറ്റ്, മഹാരാഷ്ട്രയിലും യു.പിയിലും ഇപ്പോൾ ബിഹാറിലും ഇടതു പാർട്ടികളെ പ്രതിപക്ഷ സഖ്യ കക്ഷികൾ പുറത്തു നിർത്തിയിരിക്കുന്നു. ആം ആദ്മി പാർട്ടി പോലും കൂടെ കൂട്ടാൻ തയാറല്ല.  
ഇപ്പോഴും പഴയ പോലെ കോൺഗ്രസിതര ബി.ജെ.പിയിതര ബദൽ സർക്കാർ ദൽഹിയിൽ രൂപീകരിക്കുമെന്ന ആകാശക്കോട്ട കെട്ടിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 20 ാം പാർട്ടി കോൺഗ്രസ് തന്നെ സി.പി.എമ്മിനെ ഓർമിപ്പിച്ചിരുന്നു:  ഭരണ വർഗത്തിന്റെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും നിശ്ചയദാർഢ്യത്തെ വിലയിരുത്തുന്നതിൽ പി.ബിയും കേന്ദ്ര കമ്മിറ്റിയും പരാജയപ്പെടുന്നു എന്ന്. അതിലേറെ, പാർട്ടിയുടെ സ്വന്തം ശക്തിയും കഴിവും തുടർ സംഭവങ്ങൾക്ക് സ്വാധീനം ചെലുത്താനുള്ള കഴിവും സി.പി.എം കുറച്ചുകാണുന്നു എന്ന്. 
കേരളത്തിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടികയെ രാഹുൽ ഗാന്ധി നേരിട്ടു നയിക്കുന്നു എന്നതിന്റെ പ്രാധാന്യം സി.പി.എം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞതിന്റെ അർത്ഥം.  തെരഞ്ഞെടുപ്പു രംഗത്ത് ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞ ഇതടക്കം ദേശീയ തലത്തിൽ വരെയുള്ള മാറ്റങ്ങൾ  ബി.ജെ.പി - ആർ.എസ്.എസ് രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ്. അതു കാണുന്നതിനു പകരം കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും കണ്ണൂരിലെ സി.കെ പത്മനാഭനും മറ്റും ബി.ജെ.പിയുടെ ദുർബലരായ സ്ഥാനാർത്ഥികളാണെന്നാണ് കണ്ടുപിടിക്കുന്നത്.   ഇടതുപക്ഷത്തിനെതിരെ ആർ.എസ്.എസ് - കോൺഗ്രസ് - എസ്.ഡി.പി.ഐ ഗൂഢാലോചന നടക്കുന്നുവെന്നും.  
രാഷ്ട്രീയ എതിരാളികൾ മാത്രമല്ല പാർട്ടിയുടെ ദേശീയ നേതാക്കൾ പോലും വിശ്വസിക്കാത്ത തരത്തിൽ 1957 ൽ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിൽ വന്നു. എല്ലാ പാർട്ടികളും മനോഹരമായ പല പരിപാടികളും ജനങ്ങൾക്കു മുമ്പിൽ അന്നും വെച്ചിരുന്നു. പക്ഷേ, കേരളത്തിൽ ഒരു ഗവണ്മെന്റ് എങ്ങനെ രൂപീകരിക്കണമെന്നോ അതിനുള്ള സാധ്യതകളെന്താണെന്നോ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലാതെ മറ്റൊരു പാർട്ടിയും വ്യക്തമാക്കിയില്ല. അന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ  ജനങ്ങൾ തെരഞ്ഞെടുത്തതിന്റെ ഒരു കാരണം അതായിരുന്നു.
2019 ലെ തെരഞ്ഞെടുപ്പിൽ മോഡി ഗവണ്മെന്റിനെ മാറ്റി എങ്ങനെ ഒരു മതനിരപേക്ഷ ഗവണ്മെന്റ് രൂപീകരിക്കുമെന്ന് പറയാൻ ഇടതുപക്ഷത്തിന് കഴിയുന്നില്ല എന്നതാണ് തങ്ങളുടെ പ്രതിസന്ധിയെന്ന് അവർ മനസ്സിലാക്കുന്നില്ല. എന്നാൽ പരമാവധി എന്തു ത്യാഗം ചെയ്തും മോഡി ഗവണ്മെന്റിനെ താഴെയിറക്കണമെന്നാണ് അഹമ്മദാബാദിൽ സമ്മേളിച്ച കോൺഗ്രസ് പ്രവർത്തക കമ്മിറ്റി പ്രഖ്യാപിച്ചത്. അതിനുള്ള രാഷ്ട്രീയ അടിത്തറ രാജ്യത്തുള്ള ഏക പാർട്ടിയും കോൺഗ്രസാണ്.  ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സാമ്പത്തിക നയങ്ങൾ ഒന്നു തന്നെയാണെന്ന സി.പി.എമ്മിന്റെ വിമർശവും ഇപ്പോൾ അസ്ഥാനത്താണെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളും കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 
ഇടതുപക്ഷത്തായാലും വലതുപക്ഷത്തായാലും വോട്ടർമാരുടെ മാനുഷിക വികാരങ്ങളും വിചാരങ്ങളും ഓരോ സംഭവങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അത് വിലയിരുത്തുന്നില്ലെങ്കിൽ ആ പാർട്ടികൾക്കെല്ലാം ഈ തെരഞ്ഞെടുപ്പും മറ്റൊരു ചരിത്ര പാഠമായിരിക്കും.  
 

Latest News