Tuesday , June   18, 2019
Tuesday , June   18, 2019

സൗദിയുടെ നേട്ടങ്ങളിൽ അസഹിഷ്ണുത പുലർത്തുന്നവർ 

ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒമ്പതാം സ്ഥാനം കൈവരിച്ചെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ ലോക വാർത്താ ഏജൻസികളും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് ലോകത്തെങ്ങുമുള്ള അറബികൾക്കും മുസ്‌ലിംകൾക്കും ഏറെ സന്തോഷവും ആഹ്ലാദവും നൽകി. കോടിക്കണക്കിന് ആളുകൾക്ക് ഇതിൽ അഭിമാനം തോന്നി. ആധുനിക യുഗത്തിൽ ആദ്യമായാണ് ഒരു അറബ്, ഇസ്‌ലാമിക് രാജ്യം ലോകത്തെ ഏറ്റവും ശക്തമായ പത്തു രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നത്. 
സൗദി അറേബ്യയോട് ചിലർ വെച്ചുപുലർത്തുന്ന അസൂയയും വിദ്വേഷവും തുറന്നുകാട്ടുന്നതിനും ഈ റിപ്പോർട്ട് ഇടയാക്കി. പാശ്ചാത്യ ശക്തികൾ മാത്രമല്ല, അറബി ഭാഷ ഒഴുക്കോടെ സംസാരിക്കുന്നവരിൽ ചിലരും സൗദി അറേബ്യയെ ലക്ഷ്യമിടുന്നതായി ഇത് ഒരിക്കൽ കൂടി വ്യക്തമാക്കി. ഈ റിപ്പോർട്ട് പുറത്തുവന്ന ശേഷം സാമൂഹിക മാധ്യമങ്ങളിലെ ചില ആക്ടിവിസ്റ്റുകൾ സൗദി അറേബ്യയെയും സൗദി ജനതയെയും ആക്രമിക്കുന്നത് കണ്ടത് എന്നെ പ്രകോപിതനാക്കി. സൗദി അറേബ്യ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നും ഭരണാധികാരികളുടെ മോഹങ്ങളും പ്രതീക്ഷകളും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സാക്ഷാൽക്കരിക്കുന്നതിന് സാധിച്ചു എന്നുമാണ് രാജ്യത്തിനെതിരായ ആക്രമണങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് എനിക്ക് ഉറപ്പായത്. ഇത് ചിലരെ അസൂയാലുക്കളാക്കി. ഇത്തരക്കാരുടെ ഇരട്ടത്താപ്പോടെയുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനും സാധിക്കുന്നില്ല. 
സൗദി അറേബ്യക്കെതിരെ പ്രചാരണം നടത്തുന്ന അസൂയാലുക്കൾ ഉപയോഗിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ഒന്നായ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി മാത്രം പ്രത്യേകം പരിശോധിച്ചാൽ ഇക്കൂട്ടരുടെ ഇരട്ടത്താപ്പ് വ്യക്തമാകും. പുരുഷന്മാരെ പോലെ സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകാത്തതിന്റെ പേരിൽ വർഷങ്ങൾക്കു മുമ്പ് രാജ്യത്തിനെതിരെ അതിരൂക്ഷമായ ആക്രമണങ്ങളാണ് ഇവർ നടത്തിയിരുന്നത്. വനിതകൾക്ക് ഭരണകൂടം ഡ്രൈവിംഗ് അനുമതി നൽകിയപ്പോൾ അതിനെ വിലമതിക്കുന്നതിനു പകരം ഇവർ ആക്രമണത്തിന് മൂർച്ച കൂട്ടുകയാണ് ചെയ്തത്. രാജ്യം സ്ഥാപിതമായ അടിസ്ഥാന മൂല്യങ്ങൾ സൗദി അറേബ്യ കൈയൊഴിഞ്ഞെന്ന് കുറ്റപ്പെടുത്തിയും മുമ്പ് നിരോധിച്ച ഒരു കാര്യം അനുവദനീയമാക്കുന്നതിന് തീരുമാനിച്ചത് ന്യായീകരിക്കാവതല്ല എന്ന് പറഞ്ഞുമാണ് വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി തീരുമാനത്തിന്റെ പേരിൽ രാജ്യത്തിനെതിരെ ഇവർ ആക്രമണം അഴിച്ചുവിട്ടത്. 
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആഗോള വിപണിയിൽ എണ്ണ വില കൂപ്പുകുത്തിയപ്പോൾ സൗദി അറേബ്യ തകരുമെന്ന് ബെറ്റ് വെച്ചവരെയും ഇക്കൂട്ടത്തിൽ നമുക്ക് കാണുന്നതിന് സാധിക്കും. എണ്ണ വരുമാനത്തിലൂടെ ലഭിച്ച ട്രില്യൺ കണക്കിന് ഡോളറിന്റെ സമ്പാദ്യം സൗദി അറേബ്യ പാഴാക്കിക്കളഞ്ഞെന്നും എണ്ണ വില കുറയുന്ന കാലം മുൻകൂട്ടി കണ്ട് ആവശ്യമായ ആസൂത്രണങ്ങൾ നടത്തിയില്ലെന്നും ഇവരിൽ ചിലർ കുറ്റപ്പെടുത്തി. എണ്ണ മേഖലയിൽ നിന്നുള്ള വരുമാനം ആശ്രയിക്കുന്നത് കുറക്കുന്നതിനും പെട്രോളിതര വരുമാനം വർധിപ്പിക്കുന്നതിനും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ട് വിഷൻ 2030 പദ്ധതി രാജ്യം പ്രഖ്യാപിച്ചപ്പോൾ ഇക്കൂട്ടർ രാജ്യത്തിനെതിരായ ആക്രമണം കൂടുതൽ രൂക്ഷമാക്കി. ഇത്തവണ ഉച്ചത്തിൽ പൊട്ടിച്ചിരിച്ച ഇവർ സൗദി അറേബ്യയിലെ ഭരണകൂടം എന്തായാലും നിലംപതിക്കുമെന്ന് കട്ടായം പറഞ്ഞു. സൗദി അറേബ്യ എണ്ണ വരുമാനം ആശ്രയിക്കാത്ത കാലം ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യമാണെന്ന് ഇവർ പറഞ്ഞു. എന്നാൽ വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും ഇതിന്റെ ഫലങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും തുടങ്ങിയതോടെ ഒട്ടകപ്പക്ഷികളെ പോലെ ഇവർ മണലിൽ തങ്ങളുടെ ശിരസ്സുകൾ കുഴിച്ചിടുന്നതും, സൗദി അറേബ്യക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതിന് പുതിയ ന്യായീകരണങ്ങളും കാരണങ്ങളും കഥകളും കണ്ടെത്തുന്നതിന് ശ്രമിക്കുന്നതുമാണ് കാണാൻ കഴിഞ്ഞത്. 
ആണവ ശക്തികളായ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉരുണ്ടുകൂടിയ യുദ്ധസമാനമായ സംഘർഷത്തിന് അയവുവരുത്തുന്നതിന് സൗദി അറേബ്യ നടത്തിയ നയതന്ത്ര ശ്രമങ്ങൾ വിജയിച്ചത് ഇവർക്ക് ശക്തമായ ആഘാതം സമ്മാനിച്ചു. ഇതിന്റെ ഞെട്ടലിൽ നിന്ന് ഇവർ ഇനിയും ഉണർന്നിട്ടില്ല. ലോകത്തെ വൻ ശക്തികളായ രാജ്യങ്ങൾക്കൊന്നും കഴിയാതെ പോയ കാര്യമാണ് സൗദി അറേബ്യ സാധിച്ചെടുത്തത്. സൗദി അറേബ്യ നടത്തിയ സമാധാന, മധ്യസ്ഥ ശ്രമങ്ങൾ കുറച്ചുകാണിക്കുന്നതിന് ഇവർ ശ്രമിച്ചു. എന്നാൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ സംഘർഷം ലഘൂകരിക്കുന്നതിലും സ്ഥിതിഗതികൾ നിയന്ത്രണാതീതമായി പോകാതെ നോക്കുന്നതിലും സൗദി അറേബ്യ പ്രശംസനീയമായ ശ്രമങ്ങൾ നടത്തിയതായി പാക് ഇൻഫർമേഷൻ മന്ത്രി തന്നെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത് എല്ലാവരുടെയും സംശയം തീർത്തു. 
മത, സാമ്പത്തിക, രാഷ്ട്രീയ തലങ്ങളിലെ കരുത്തുറ്റ സ്ഥാനങ്ങൾ മൂലം ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ മാറിയിട്ടുണ്ട് എന്ന റിപ്പോർട്ട് കാരണമായി മാത്രമല്ല, മറിച്ച്, ഭരണാധികാരികൾക്കൊപ്പം ജനങ്ങൾ എക്കാലവും ഉറച്ചുനിൽക്കുന്നതും ഈ അസൂയാലുക്കൾക്ക് ഭാവിയിൽ കൂടുതൽ ആഘാതങ്ങളും പ്രഹരങ്ങളും നൽകുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്ത് ദൃശ്യമായ സുരക്ഷാ ഭദ്രതക്കും സമാധാനത്തിനും നാനാവിധ പുരോഗതിക്കും അഭിവൃദ്ധിക്കും കാരണം രാജ്യത്തെ സാമൂഹികൈക്യവും ഭരണാധികാരികളും ജനങ്ങളും ഒന്നിച്ചുനിൽക്കുന്നതുമാണ് എന്ന് ആർക്കാണ് അറിയാത്തത്. അസൂയാലുക്കൾ നരകത്തിലേക്ക് ടിക്കറ്റുകൾ എടുക്കട്ടെ. 
 

Latest News