Tuesday , June   18, 2019
Tuesday , June   18, 2019

രമ്യയും കുറെ യുവജന ചിന്തകളും

ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരെയും ചെറുപ്പത്തിന്റെ ആവേശങ്ങളെയുമൊക്കെ തെരഞ്ഞെടുപ്പിൽ അണിനിരത്തി ജനങ്ങളെ അതിശയിപ്പിക്കുന്ന രീതി എല്ലാ കാലത്തുമുണ്ട്.  സി.പി.എമ്മും ഇടതുപക്ഷവുമായിരുന്നു ഇക്കാര്യത്തിൽ പലപ്പോഴും മുന്നിൽ. ഇത്തവണ പക്ഷേ ആലത്തൂരിലേക്ക് രമ്യ ഹരിദാസിനെ മത്സരിക്കാനയച്ച് കോൺഗ്രസാണ് ഒരുപാട് മുന്നിലെത്തിയത്. നിലപാടുകളിൽ സ്ഥിരമായി കോൺഗ്രസ് പക്ഷം ചേർന്ന് നിൽക്കുന്നയാളൊന്നുമല്ലാത്ത സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ജെ.എസ് അടൂരിന്റെ രമ്യ അനുകൂല പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. പ്രളയ ദുരന്ത കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന് സാലറി ചാലഞ്ച് എന്ന നൂതന ആശയം അവതരിപ്പിച്ചു കൊടുത്ത മുൻ യു.എൻ. ഉദ്യോഗസ്ഥനാണ് ജെ.എസ്. അടൂർ. 
ആ പോസ്റ്റ് ഇങ്ങനെ: ഈ തെരഞ്ഞെടുപ്പിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽനിന്നുള്ള, ഒരു പണക്കാരുടെയും സഹായമില്ലാതെ തെരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസിനെപോലെയുള്ളവർ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹമുള്ളവർ അവരുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യുക. 
25,000 രൂപ ഞാൻ രമ്യയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകും. അതുപോലെ നൂറോ ആയിരമോ പതിനായിരമോ കൊടുക്കുവാൻ തയാറുള്ളവർ ഇവിടെയോ, ഇൻബോക്‌സിലോ അറിയിക്കുക. പാർട്ടി അല്ല ഇവിടെ പ്രശ്‌നം. കേരളത്തിൽനിന്ന് ആദ്യമായി താഴെ തട്ടിൽനിന്ന് പ്രവർത്തന മികവ് കൊണ്ട് മുന്നിൽ വന്ന ഏക ദളിത് സ്ത്രീ നേതാവാണ് രമ്യ. രമ്യ മാത്രമാണ് അങ്ങനെയൊരാൾ ഈ തെരഞ്ഞെടുപ്പിൽ. അതുകൊണ്ട് തന്നെ അവർ പാർലമെന്റിൽ പോകുന്നത് ചരിത്രമാകും.
രമ്യ ഹരിദാസ് ഇലക്ഷൻ ചലഞ്ചു ഫണ്ടിലേക്ക് നിങ്ങൾ സംഭാവന നൽകാനുള്ള തുക ഇവിടെ പറയുക. രമ്യയുടെ ബാങ്ക് ഡീറ്റെയിൽസ് ഇവിടെ പിന്നീട് പങ്കുവെക്കും. ഇത് ഒരു പാർട്ടിക്ക് വേണ്ടിയോ പാർട്ടിയുടെ പേരിലോ മുന്നണിയുടെ പേരിലോ അല്ല. രമ്യ ഹരിദാസ് എന്ന വ്യക്തിയെയും അവരുടെ ആർജവത്തെയും നേതൃഗുണത്തെയുമാണെനിക്കറിയാവുന്നത്.
കോൺഗ്രസ് നേരത്തെയും ഇത്തരം പരീക്ഷണങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിന്നിരുന്നില്ല. കോൺഗ്രസിലെ ഇന്നത്തെ മുതിർന്ന തലമുറയായി മാറിക്കഴിഞ്ഞവരുടെ കാലത്ത്  യുവജന രംഗപ്രവേശം അധികമധികമായി ഉണ്ടായി. ഒരുപാട് ഘട്ടങ്ങളിൽ കേരളം അത്തരം രംഗപ്രവേശങ്ങൾ ആഘോഷമാക്കി. യുവജന പ്രവേശങ്ങളുടെ അക്കാലത്തിന്റെ പ്രതിനിധിയായി, അതിശയനായി വന്നയാളാണ് പിന്നീടെപ്പോഴോ സ്ഥിരം ഇടതു പക്ഷ മുഖമായിപ്പോയ കടന്നപ്പള്ളി രാമചന്ദ്രൻ. 1971 ൽ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർഥിയായി നിശ്ചയിച്ചതറിഞ്ഞ് അന്ന് ഇരുപത്തിയാറുകാരനായ കടന്നപ്പള്ളിയും അറിയാതെ ചോദിച്ചു പോയിരുന്നു. അയ്യോ ഞാനോ? എന്ന്. സ്ഥാനാർഥിയുടെ ചെറുപ്പവും ഊർജസ്വലതയും  അത്യുത്തര കേരളത്തിന്റെ ആവേശമായപ്പോൾ കടന്നപ്പള്ളിക്ക് തോൽപിക്കാനായത് കേരള രാഷ്ട്രീയത്തിലെ അക്കാലത്തെയും  പരമോന്നതരിൽ ഒരാളായിരുന്ന ഇ.കെ. നായനാരെ. ഭൂരിപക്ഷം ഇരുപത്തിയെണ്ണായിരത്തിലധികം. അടിയൊഴുക്ക് മനസ്സിലാക്കി എ.കെ.ജി അന്ന് മണ്ഡലം മാറിയില്ലായിരുന്നുവെങ്കിൽ പാവങ്ങളുടെ പടത്തലവൻ കടന്നപ്പള്ളി എന്ന കോൺഗ്രസ് ചെറുപ്പത്തിന് മുന്നിൽ അടിയറ പറയയേണ്ടി വന്നേനേ. കാസർകോട്ട് വന്ന് മത്സരിക്കാമോ എന്ന്, എ.കെ.ജി ഇന്ത്യൻ പാർലമെന്റിലിരുന്ന് ജവാഹർലാൽ നെഹ്‌റുവിനെ ആത്മവിശ്വാസത്തോടെ വെല്ലുവിളിച്ചിരുന്നുവെന്നതൊക്കെ ചരിത്രം. 
പിന്നീടുണ്ടായ തെരഞ്ഞെടുപ്പുകളിൽ ഇതു പോലുള്ള പരീക്ഷണങ്ങൾ നിരവധിയുണ്ടായി. അതൊക്കെ അധികവും ഇടതുപക്ഷത്ത് നിന്നായിരുന്നു. ഒറ്റപ്പാലത്തെ എസ്. ശിവരാമനും ആലപ്പുഴയിലെ ആഞ്ചലോസും കൊല്ലത്തെ സബിതാ ബീഗവും കണ്ണൂരിലെ അബ്ദുല്ലക്കുട്ടിയും അങ്ങനെയങ്ങനെ... ആ പട്ടിക നീണ്ടതാകും. ഇവർക്കെല്ലാം പിന്നീടുണ്ടായ  ആദർശ വ്യതിയാനങ്ങളും രാഷ്ട്രീയ മുരടിപ്പും കേരളം കണ്ടും കേട്ടും അനുഭവിച്ചു. ഹോ എന്തായിരുന്നു അവരുടെ വരവെന്ന് ഓർത്ത് ചിരിച്ചു. 
ഒറ്റപ്പാലത്ത് നിന്നുദിച്ചുയർന്നയാൾ അവിടെയും ഇവിടെയുമെല്ലാം സഞ്ചരിച്ച് ഇപ്പോൾ പഴയ ഇടത്തിൽ തന്നെ വന്നു നിൽക്കുന്നു. ആലപ്പുഴയിലെ ആഞ്ചലോസ് വി.എസ് അച്യുതാനന്ദനെപ്പോലൊരു കമ്യൂണിസ്റ്റ് കാരണവരിൽനിന്ന് തന്നെ അധമമായ പ്രഹര പദങ്ങളൊക്കെ ഏറ്റുവാങ്ങി ഇപ്പോൾ സി.പി.ഐ എന്ന ഇടതുപക്ഷ സുരക്ഷിത ഇടത്തിൽ ഒതുങ്ങിക്കഴിയുന്നു. 
കൊല്ലത്തിന്റെ ദരിദ്ര പുറമ്പോക്കിൽനിന്ന് ഇതാ ഒരു ഇടതുപക്ഷ താരകം എന്ന് അഡ്വ.സബിതാ ബീഗത്തെ ചൂണ്ടി ആളുകൾ ആവേശം പറഞ്ഞതൊക്കെ തൊട്ടു മുമ്പുള്ള നാളുകളിലായിരുന്നു. ഒടുവിലെപ്പോഴോ ബീഗവും വാർത്തകളുടെ വെള്ളി വെളിച്ചത്തിൽനിന്ന് മാഞ്ഞു പോയി. അബ്ദുല്ലക്കുട്ടി ഇത്തവണ കോൺഗ്രസ് സീറ്റ് കൊടുക്കാത്തതിന്റെ പേരിൽ മുതിർന്ന നേതാക്കളോട് കലഹിച്ച് കഴിയുന്നു. യുവത്വവും ദാരിദ്ര്യവുമൊക്കെ മാത്രം അളവുകോലായിക്കണ്ട് പാർലമെന്ററി രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ്  ഉത്സവങ്ങളിലേക്ക് ആനയിക്കപ്പെടുന്നവർ അധികകാലം അവിടെ തന്നെ കാണണമെന്നില്ല. അതിനാവശ്യം ചാഞ്ചാടാത്ത രാഷ്ട്രീയ മനസ്സും വ്യക്തി ഗുണങ്ങളുമാണ്. രമ്യ ഹരിദാസ് അങ്ങനെയൊരാളാകട്ടെ എന്ന് ജെ.എസ്. അടൂരിനെപ്പോലുള്ളവർക്കൊപ്പം നമുക്കും ആശംസിക്കാം. 
 

Latest News