Saturday , April   20, 2019
Saturday , April   20, 2019

ബാലികേറാമലയിലേക്ക് സ്വാഗതം

സഹപ്രവർത്തകനും മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിൽ മുൻഗാമിയുമായ ദിഗ്‌വിജയ് സിംഗിനോട് സംസ്ഥാനത്തെ ഏറ്റവും പ്രയാസകരമായ സീറ്റിൽ മത്സരിക്കണമെന്ന് കമൽനാഥ് അഭ്യർഥിച്ചിരിക്കുകയാണ്. ദിഗ്‌വിജയ് സിംഗിന്റെ കഴിവിലുള്ള വിശ്വാസമാണോ അതോ പാർട്ടിയിലെ എതിരാളിയെ ചതിക്കുഴിയിൽ വീഴ്ത്താനുള്ള തന്ത്രമാണോ ഇതെന്നേ അറിയാനുള്ളൂ. 
ലോക്‌സഭാ ഇലക്ഷനിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെങ്കിൽ സംസ്ഥാനത്തെ ഏറ്റവും പ്രയാസകരമായ സീറ്റിൽ പോരിനിറങ്ങണമെന്നാണ് മുൻഗാമിയോട് കമൽനാഥിന്റെ ഉപദേശം. 
30-35 വർഷമായി കോൺഗ്രസിന് കീഴ്‌പെടാത്ത മൂന്നാലു മണ്ഡലങ്ങൾ മധ്യപ്രദേശിലുണ്ടെന്നും അവിടെ കരുത്തരായ നേതാക്കൾ മത്സരിക്കണമെന്നുമാണ് കമൽനാഥിന്റെ ആവശ്യം. ഭോപാലാണ് ദിഗ്‌വിജയ് സിംഗിനായി കമൽനാഥ് കണ്ടുവെച്ചതെന്നാണ് സൂചന. ഈ മണ്ഡലത്തിൽ കോൺഗ്രസ് അവസാനം ജയിച്ചത് 1984 ലാണ്. മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയാണ് അവസാനം ഇവിടെ ജയിച്ച കോൺഗ്രസുകാരൻ.
ഇൻഡോർ സീറ്റിലേക്കും ദിഗ്‌വിജയ് സിംഗ് പരിഗണിക്കപ്പെടുന്നുണ്ട്. 1989 ലാണ് ഇൻഡോറിൽ അവസാനം കോൺഗ്രസ് ജയിച്ചത്. 1989 ൽ പ്രകാശ് ചന്ദ്ര സേത്തിയിലൂടെ മണ്ഡലം പിടിച്ച കോൺഗ്രസിന് പിന്നീട് കാലുകുത്താനായിട്ടില്ല. കഴിഞ്ഞ എട്ടു തവണയും ഇൻഡോറിൽ ജയിച്ചത് നിലവിലെ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജനാണ്. 
രാജ്ഗഢിൽനിന്ന് മത്സരിക്കാനാണ് ദിഗ്‌വിജയ് സിംഗിന് താൽപര്യമെന്നാണ് റിപ്പോർട്ട്. രാജ്ഗഢ് ദിഗ്‌വിജയ് സിംഗിന്റെ തട്ടകമാണ്. 1984 ലും 1991 ലും രാജ്ഗഢിൽ നിന്ന് ദിഗ്‌വിജയ് ജയിച്ചിട്ടുണ്ട്. അതിനു ശേഷം നടന്ന ഏഴ് തെരഞ്ഞെടുപ്പിൽ രണ്ടു തവണയൊഴികെ കോൺഗ്രസ് ജയിച്ചു. എന്നാൽ 2014 ൽ ബി.ജെ.പിയുടെ റോദ്മാൽ നഗാറാണ് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് രാജ്ഗഢിൽ ജയിച്ചത്. ദിഗ്‌വിജയ് ഇപ്പോൾ രാജ്യസഭാംഗമാണ്. മകൻ ജയ്‌വർധൻ സിംഗ് മധ്യപ്രദേശിൽ കാബിനറ്റ് മന്ത്രിയാണ്. 
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ഗുണയിൽ തന്നെ മത്സരിക്കണമെന്നാണ് കമൽനാഥിന്റെ ആവശ്യം. ഗുണയിൽ ഭാര്യ പ്രിയദർശിനിയെ മത്സരിപ്പിക്കാനാണ് ജ്യോതിരാദിത്യയുടെ ശ്രമം. പകരം ഗ്വാളിയറിൽ മത്സരിക്കാൻ ജ്യോതിരാദിത്യ ആഗ്രഹം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തവണ രണ്ടു സീറ്റുകൾ മാത്രമാണ് സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ചത്. ജ്യോതിരാദിത്യ മത്സരിച്ച ഗുണയും കമൽനാഥ് മത്സരിച്ച ചിന്ത്‌വാരയും. രണ്ടു സീറ്റും ഇത്തവണ എന്തു വില കൊടുത്തും പിടിക്കുമെന്ന വാശിയിലാണ് ബി.ജെ.പി. അതിനാൽ ഗുണയിൽ ജ്യോതിരാദിത്യ തന്നെ മത്സരിക്കണമെന്ന് കമൽനാഥ് നിർദേശിക്കുന്നു. ചിന്ത്‌വാര വർഷങ്ങളായി കമൽനാഥിന്റെ തട്ടകമാണ്. മുഖ്യമന്ത്രിയായതോടെയാണ് എം.പി സ്ഥാനം രാജിവെച്ചത്. എങ്കിലും ചിന്ത്‌വാര നിയമസഭാ മണ്ഡലത്തിൽനിന്ന് അദ്ദേഹം ജനവിധി തേടുന്നുണ്ട്. ചിന്ത്‌വാര ലോക്‌സഭാ മണ്ഡലത്തിൽ മകൻ നകുൽ മത്സരിക്കും. 

Latest News