Tuesday , June   18, 2019
Tuesday , June   18, 2019

അദ്വാനിയില്ലെങ്കിൽ ആര്?

എൽ.കെ അദ്വാനി മത്സര രംഗത്തുനിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമായതോടെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായെ ഗുജറാത്തിലെ ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ നീക്കം. ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളിലും എം.എൽ.എമാരുമായും പാർട്ടി പ്രവർത്തകരുമായും സംസാരിക്കാൻ ബി.ജെ.പി നിരീക്ഷകരെ അയച്ചിരുന്നു. ഗാന്ധിനഗറിലെ പ്രവർത്തകർ പ്രത്യേകിച്ചൊരു പേരും നിർദേശിച്ചിട്ടില്ലെങ്കിലും ദേശീയ നേതൃത്വത്തിൽനിന്ന് പ്രമുഖരാരെങ്കിലും മത്സരിക്കണമെന്നാണ് അഭിപ്രായപ്പെട്ടതെന്ന് നിരീക്ഷക സംഘത്തിലുണ്ടായിരുന്ന ബി.ജെ.പി എം.എൽ. എ ഡോ. നിമ ആചാര്യ അറിയിച്ചു. പലരുടെയും മനസ്സിൽ അമിത് ഷാ ആണെന്നാണ് സൂചന. 
ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിൽ പെട്ട സർഖേജ് നിയമസഭാ മണ്ഡലത്തിൽനിന്ന് അമിത് ഷാ ജയിച്ചിരുന്നു. അദ്വാനി മത്സരിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രചാരണം നിയന്ത്രിച്ചിരുന്നതും അമിത് ഷാ ആയിരുന്നു. 
അമിത് ഷാ ഗാന്ധിനഗറിൽ മത്സരിക്കുന്നതിനോട് മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോൾ മധ്യപ്രദേശ് ഗവർണറുമായ ആനന്ദിബെൻ പട്ടേലിന് താൽപര്യമില്ല. മകൾ അനാറിനെയോ മറ്റൊരു ഉറ്റ അനുയായിയെയോ അവിടെ മത്സരിപ്പിക്കണമെന്നാണ് ആനന്ദിബെന്നിന്റെ താൽപര്യം. ആനന്ദിബെൻ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ തന്നെ തങ്ങുകയാണ്. ഗാന്ധിനഗറിലെ മറ്റൊരു നിയമസഭാ മണ്ഡലമായ ഘടിയോദിയയിൽനിന്ന് ആനന്ദിബെൻ നേരത്തെ ജയിച്ചിരുന്നു. ആനന്ദിബെൻ ക്യാമ്പിനെ നിശ്ശബ്ദമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണോ അമിത് ഷാ അവിടെ മത്സരിക്കണമെന്ന ആവശ്യം ഉയർത്തുന്നതെന്നും സംശയമുണ്ട്. അമിത് ഷാ ഗാന്ധിനഗറിൽ മത്സരിക്കുകയാണെങ്കിൽ ഗുജറാത്തിൽ പാർട്ടിക്ക് അത് വലിയ ഉശിര് പകരുമെന്ന് വിശ്വസിക്കുന്നവരേറെയാണ്. 
ഗാന്ധിനഗറിൽ നിന്ന് 1991 മുതൽ ആറു തവണ എൽ.കെ അദ്വാനി ജയിച്ചിട്ടുണ്ട്. അദ്വാനി വിട്ടുനിന്ന 1996 ൽ അടൽബിഹാരി വാജ്‌പേയി ജയിച്ചു. എന്നാൽ ലഖ്‌നൗ നിലനിർത്താനായി വാജ്‌പേയി ഗാന്ധിനഗറിൽ രാജിവെച്ചു. 1998 ലെ ഇലക്ഷനിൽ അദ്വാനി തിരിച്ചെത്തി. ഗാന്ധിനഗർ മണ്ഡലത്തിനു കീഴിലെ ഏഴ് നിയമസഭാ സീറ്റുകളിലും കഴിഞ്ഞ വർഷം ബി.ജെ.പിയാണ് ജയിച്ചത്. ഗാന്ധിനഗർ നോർത്ത്, കലോൾ, സനന്ദ്, ഗടിയോദിയ, വേജാൽപൂർ, നാരാൺപുര, സബർമതി എന്നിവയാണ് നിയമസഭാ മണ്ഡലങ്ങൾ. ഗടിയോദിയ എം.എൽ.എ ഭൂപേന്ദ്ര പട്ടേൽ ഒഴികെ ആറ് എം.എൽ.എമാരും ഗാന്ധിനഗറിൽ അമിത് ഷാ മത്സരിക്കണമെന്ന പക്ഷക്കാരായിരുന്നു. എന്നാൽ ആനന്ദിബെന്നിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 
അദ്വാനി വീണ്ടും ഇവിടെ മത്സരിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലെന്നതാണ് കൗതുകം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അദ്വാനി അപൂർവമായേ മണ്ഡലം സന്ദർശിച്ചിട്ടുള്ളൂ. മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് പാർട്ടി അദ്ദേഹത്തെ സമീപിച്ചതായി അറിയില്ലെന്നാണ് അദ്വാനിയുടെ സെക്രട്ടറി ദീപക് ചോപ്ര പറഞ്ഞത്. ഗാന്ധിനഗറിലെ കാര്യം ദേശീയ നേതൃത്വമാണ് തീരുമാനിക്കാറെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ജിതു വഗാനി പറഞ്ഞു. 

Latest News