Saturday , April   20, 2019
Saturday , April   20, 2019

യു.പി: സഖ്യം കുതിക്കുന്നു

ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതി 2014 ലേതിനെപ്പോലെ നിലനിന്നാലും 
ബി.ജെ.പിക്ക് പകുതിയിലേറെ സീറ്റുകൾ നഷ്ടപ്പെടുമെന്ന് പ്രണോയ് റോയ്.

ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യവും കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിശക്തമായ ത്രികോണപ്പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് അതിശക്തമായ വെല്ലുവിളിയുയർത്തുമെന്നാണ് പ്രമുഖ ഇലക്ഷൻ പ്രവചന വിദഗ്ദ്ധനും എൻ.ഡി.ടി.വി സ്ഥാപകനുമായ പ്രണോയ് റോയിയുടെ വിലയിരുത്തൽ. എസ്.പി-ബി.എസ്.പി സഖ്യത്തിൽ കോൺഗ്രസ് ഇല്ലാത്തത് ബി.ജെ.പിക്ക് ശുഭവാർത്തയാണ്. അതുവഴി 14 സീറ്റെങ്കിലും ബി.ജെ.പി അധികം നേടുമെന്നാണ് പ്രണോയ് റോയ് കരുതുന്നത്. 
2014 ൽ ഉത്തർപ്രദേശ് എൻ.ഡി.എ തൂത്തുവാരുകയായിരുന്നു. 80 സീറ്റിൽ ബി.ജെ.പി മാത്രം 71 സീറ്റ് നേടി. സഖ്യകക്ഷിയായ അപ്‌നാദളിന് രണ്ടു സീറ്റ് കിട്ടി. 
എന്നാൽ ഇത്തവണ ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം 37 ആയി ചുരുങ്ങുമെന്നാണ് എൻ.ഡി.ടി.വി ശേഖരിച്ച കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2014 ലെ അതേ നിലവാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനപ്രീതി നിലനിർത്തിയാലുള്ള സ്ഥിതിയാണ് ഇത്. കോൺഗ്രസ് കൂടി ഈ എസ്.പി-ബി.എസ്.പി സഖ്യത്തിലുണ്ടായിരുന്നുവെങ്കിൽ ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം 23 ആയി കുറഞ്ഞേനേ. 
2017 ൽ ബി.ജെ.പി തൂത്തുവാരിയ നിയമസഭാ ഇലക്ഷനുമായി പരിഗണിക്കുമ്പോഴും സീറ്റുകളുടെ കാര്യത്തിൽ കാര്യമായ വ്യത്യാസമില്ല. 2017 ലെ കണക്കനുസരിച്ച് വിലയിരുത്തിയാൽ ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം 33 ആയി കുറയും. കോൺഗ്രസ് കൂടി എസ്.പി-ബി.എസ്.പി സഖ്യത്തിലുണ്ടായിരുന്നുവെങ്കിൽ ബി.ജെ.പിക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണം 19 ലേക്ക് ചുരുങ്ങും. 
കോൺഗ്രസും എസ്.പി-ബി.എസ്.പി സഖ്യവും വെവ്വേറെ മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധ വോട്ടുകളിൽ വിള്ളലുണ്ടാക്കും. തെരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസും എസ്.പി-ബി.എസ്.പി സഖ്യവും തമ്മിലുള്ള ശത്രുത വർധിക്കുന്നതും ബി.ജെ.പിക്ക് ശുഭവാർത്തയാണ്. സഖ്യം രണ്ട് സീറ്റ് വെച്ചുനീട്ടിയാണ് കോൺഗ്രസിനെ പരിഹസിച്ചതെങ്കിൽ കോൺഗ്രസ് ഏഴ് സീറ്റ് സഖ്യത്തിനായി മാറ്റിവെച്ച് തിരിച്ചടിച്ചു. 
എസ്.പി-ബി.എസ്.പി സഖ്യത്തിൽ ചേർന്നിരുന്നെങ്കിൽ ബി.ജെ.പിയെ തോൽപിക്കുകയെന്ന ലക്ഷ്യം സാധ്യമാക്കാമായിരുന്നുവെന്ന് പല കോൺഗ്രസ് നേതാക്കളും പറയുന്നു. എന്നാൽ വിജയ മാർജിനിൽ മാത്രമേ ഇത് വ്യത്യാസമുണ്ടാക്കൂ എന്ന നിലപാടാണ് സീനിയർ കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിക്ക്. കോൺഗ്രസും എസ്.പി-ബി.എസ്.പി സഖ്യവും സംസ്ഥാനത്ത് 50-60 സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒരുമിച്ചു മത്സരിച്ചിരുന്നുവെങ്കിൽ ബി.ജെ.പിയുടെ സീറ്റുകൾ ഒറ്റയക്കത്തിലൊതുക്കാമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. 
പുൽവാമ സംഭവം ബി.ജെ.പിക്ക് ഗുണം ചെയ്യുമെങ്കിലും അടിസ്ഥാന യാഥാർഥ്യങ്ങൾ മാറ്റിമറിക്കാൻ മാത്രം അത് ഘടകമാവില്ലെന്നാണ് പ്രണോയ് റോയിയുടെയും പ്രമുഖ ജേണലിസ്റ്റ് ശേഖർ ഗുപ്തയുടെയും നിലപാട്. എൻ.ഡി.എക്ക് വോട്ട് ചെയ്യാൻ സാധ്യതയുള്ളവർ മാത്രമാണ് ദേശീയ സുരക്ഷാ വിഷയങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നത്. 1952 മുതൽ 2002 വരെ ജനപ്രീതിയാണ് പ്രധാനമായും ലോക്‌സഭാ ഇലക്ഷൻ വിജയം നിർണയിച്ചിരുന്നതെന്ന് പ്രണോയ് റോയ് പറയുന്നു. വിജയത്തിന് 67 ശതമാനം കാരണം ജനപ്രീതിയാണ്. പ്രതിപക്ഷത്തെ ഭിന്നതയാണ് വിജയം നിർണയിക്കുന്നതിൽ 33 ശതമാനത്തോളം ഘടകമായത്. എന്നാൽ 2002 നു ശേഷം വിജയം സാധ്യമായതിന്റെ പിന്നിലുള്ള പ്രധാന കാരണം പ്രതിപക്ഷത്തെ ഭിന്നിപ്പായി മാറി -45 ശതമാനം. അതായത് ഒരു പാർട്ടി ജയിക്കാൻ സ്വന്തം വോട്ടുകൾ നേടിയാൽ മാത്രം പോരാ, എതിർപാർട്ടികൾ ഒരുമിച്ചു മത്സരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. ഉത്തർപ്രദേശിൽ ഇത് നിർണായകമാണെന്ന് പ്രണോയ് റോയ് കരുതുന്നു. ബി.ജെ.പിക്ക് ആകെ കിട്ടിയത് 43 ശതമാനം വോട്ടാണ്. എന്നാൽ 91 ശതമാനം സീറ്റുകളും അവർ കൈയടക്കി. 22 ശതമാനം വോട്ട് ലഭിച്ചിട്ടും എസ്.പി അഞ്ച് സീറ്റിലൊതുങ്ങി. 20 ശതമാനം വോട്ട് കിട്ടിയ ബി.എസ്.പിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. എട്ട് ശതമാനം വോട്ടാണ് കോൺഗ്രസ് നേടിയത്. അവർക്ക് രണ്ട് സീറ്റ് ലഭിച്ചു.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ അവസ്ഥയാണ്. ബി.ജെ.പിക്ക് 41 ശതമാനം വോട്ട് കിട്ടി. എസ്.പിയും കോൺഗ്രസും ഒരുമിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത്. അവർക്ക് 28 ശതമാനം വോട്ട് ലഭിച്ചു. ബി.എസ്.പി വോട്ട് ശതമാനം വർധിപ്പിച്ചു -22 ശതമാനമാക്കി. 2017 ലെ നിയമസഭാ കണക്കനുസരിച്ച് ബി.ജെ.പിക്ക് 71 സീറ്റ് കിട്ടണം. 
എസ്.പിക്കും കോൺഗ്രസിനും കൂടി 2014 ൽ ഏഴ് സീറ്റാണ് കിട്ടിയത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച അവർ ആറ് ലോക്‌സഭാ സീറ്റിലാണ് മുന്നിട്ടു നിന്നത്. ബി.എസ്.പി മൂന്ന് മണ്ഡലങ്ങളിൽ മുൻകൈ നേടി. 2019 ൽ എസ്.പിയും ബി.എസ്.പിയും കൈകോർത്തത് കണക്കുകൾ തകിടം മറിക്കും. അഖിലേഷ് യാദവിന്റെ ശ്രമമാണ് ഈ സഖ്യം സാധ്യമാക്കിയതെന്ന് പ്രണോയ് കരുതുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും എസ്.പിയെയും ബി.എസ്.പിയെയും കോൺഗ്രസ് തഴഞ്ഞതാണ് യു.പിയിൽ അവർ തിരിച്ചടിക്കാൻ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 
എസ്.പി വോട്ടർമാരിൽ 80 ശതമാനവും ബി.എസ്.പി വോട്ടർമാരിൽ 85 ശതമാനവും അടിയുറച്ച വോട്ടുകളാണെന്ന് പ്രണോയ് റോയ് പറയുന്നു. എന്നാൽ കോൺഗ്രസിനും ബി.ജെ.പിക്കും 45 മുതൽ 50 ശതമാനം അടിയുറച്ച വോട്ടർമാരേയുള്ളൂ. അതുകൊണ്ടു തന്നെ എസ്.പിയും ബി.എസ്.പിയും കൈകോർത്തത് ബി.ജെ.പിക്ക കനത്ത വെല്ലുവിളിയാവുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. 
 

Latest News