Tuesday , June   18, 2019
Tuesday , June   18, 2019

ഫാസിസ്റ്റ്  തേർവാഴ്ചക്കെതിരായ  പോരാട്ടങ്ങൾ  

2014 ൽ നിന്നും 2019 ലേക്കുള്ള ദൂരം കേവലം അഞ്ച് വർഷങ്ങൾ മാത്രമാണ്. ഈ ചുരുങ്ങിയ കാലംകൊണ്ട് പ്രഖ്യാപിച്ചതും പ്രതീക്ഷിച്ചതുമായ സാമ്പത്തിക വളർച്ചയുടെ അരികത്തെങ്ങും എത്താൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, സാമൂഹ്യമായി നാടിനെ പിന്നോക്കാവസ്ഥയിലേക്കു കൊണ്ടുചെല്ലുകയുമാണ് ഭരണകർത്താക്കൾ ചെയ്തിരിക്കുന്നത്. 
പശുമാംസം കൈയിൽ വെച്ചതിന്റെയും മതവെറിയുടെയും പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ ഒന്നൊന്നായി സംഭവിച്ചതും പുരോഗമനാശയങ്ങുടെ പ്രചാരകരായിരുന്ന ഖൽബുർഗി, ധബോൽക്കർ, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവർ നിർദയം വധിക്കപ്പെട്ടതും രാജ്യം അത്യധികമായ ദുഃഖത്തോടെയും അമർഷത്തോടെയുമായിരുന്നു കേട്ടത്.
 ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ വിഭാഗത്തിന് ഇവയിലൊക്കെ പങ്കുണ്ട് എന്ന ആരോപണം വ്യാപകമായി ഉയർന്നുവരുമ്പോഴും പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരുടെ നിസ്സംഗമായ മൗനം വല്ലാത്ത ഒരു അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടനാ തത്ത്വങ്ങൾക്കുനേരെ പുറംതിരിഞ്ഞുനിന്നതും, ഭരണഘടനാ സ്ഥാപനങ്ങളിൽ അനാവശ്യമായി കടന്നുകയറിച്ചെന്നതും ജവഹർലാൽ നെഹ്‌റു സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ കലഹവും കാലുഷ്യവും വളർത്തിയെടുത്തതും ബോധപൂർവമായ പരിശ്രമഫലമായിരുന്നു. 
സ്വാതന്ത്ര്യാനന്തര ഭാരതം വളർച്ചയുടെ പടവുകൾ കയറിയത് ശാസ്ത്രീയതയുടെ പിൻബലത്തിലായിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും വിദ്യാഭ്യാസവുമാണ് ആധുനിക സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്ന സാമാന്യബോധത്തെ നിഷേധിക്കുംവിധമുള്ള പ്രസ്താവനകൾ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ വേദിയിൽ നിന്നുപോലും ഉയരുന്നത് നമ്മൾ നൊമ്പരത്തോടെയാണ് കണ്ടത്. 
ഭാരതത്തിന്റെ മതേതര സ്വഭാവത്തെ തകർക്കണമെന്ന ആർഎസ്എസ് അജണ്ടയ്ക്കനുസൃതമായിട്ടായിരുന്നു പല നീക്കങ്ങളും ഇവിടെ നടന്നത്. കോൺഗ്രസും യുപിഎയും നടത്തിയ അഴിമതിയെ വിമർശിച്ചുകൊണ്ട് ഭരണത്തിലെത്തിയ നരേന്ദ്രമോഡിയും സംഘവും ഇന്ത്യയെ വൻകിട മുതലാളിമാർക്ക് വിശേഷിച്ചു അംബാനി, അദാനി എന്നിവർക്ക് പങ്കുവെച്ചു നൽകാൻ നടത്തുന്ന ഹീനശ്രമങ്ങൾ തുറന്നുകാണിക്കുന്നതിൽ ഇന്ത്യയിലെ ഇടതുപുരോഗമനശക്തികൾ വലിയ പങ്കായിരുന്നു വഹിച്ചത്. 
നീരവ് മോഡിയേയും വിജയ് മല്യയേയും പോലുള്ളവർ പൊതുസ്വത്ത് തട്ടിയെടുത്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് കടന്നുപോയപ്പോഴും അവയിലൊന്നും വേണ്ടവിധം ഇടപെടാൻ ഭരണകർത്താക്കൾക്കു കഴിഞ്ഞില്ല. റഫാൽ യുദ്ധവിമാനം വാങ്ങുന്ന പ്രക്രിയയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകൾ 'ദി ഹിന്ദു' പുറത്തു കൊണ്ടുവന്ന സാഹചര്യത്തിൽ സർക്കാർ രേഖകൾ മോഷണം പോയതായി സുപ്രിംകോടതിയിൽ അറ്റോർണി ജനറൽ പ്രസ്താവിക്കുന്ന ഇടം വരെ അഴിമതിക്കഥ എത്തി. ഇതിനിടയിൽ നടന്ന ഒരു സൈനിക നീക്കം രാഷ്ട്രീയമായി ഉപയോഗിക്കാൻ ഹീനമായ ഒരു ശ്രമവും നടക്കുകയുണ്ടായി.
2014 ലെ പൊതു തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ ഭാരതീയ ജനതാപാർട്ടിക്ക് ആകെ പോൾ ചെയ്ത വോട്ടിന്റെ 31.3 ശതമാനം മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളു. എന്നാൽ 543 അംഗ ലോക്‌സഭയിൽ 282 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം നേടാൻ അവർക്കായി. തുടർന്ന് മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, യുപി തുടങ്ങിയ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ നേട്ടങ്ങൾ ഉണ്ടാക്കാനായി എങ്കിലും ന്യൂഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുമ്പിൽ ബി ജെ പി തകർന്നുപോവുകയായിരുന്നു. 
തുടർന്ന് ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ഉദ്ദേശിച്ച മുന്നേറ്റം കൈവരിക്കാനാവാതെ വരുകയും 2018 ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബി ജെ പി പിന്നോക്കം പോവുകയും ചെയ്തു. നാട്ടിലെങ്ങും ഒരു ബി ജെ പി വിരുദ്ധ വികാരം പടർന്നുവരാൻ തുടങ്ങിയ പശ്ചാത്തലത്തിൽ എൻഡിഎ ഘടകകക്ഷികളിൽ പെട്ട തെലുങ്കുദേശം പാർട്ടി, രാഷ്ട്രീയ ലോക് സമതാ പാർട്ടി, അസം ഗണ പരിഷത് എന്നിവ പല കാരണങ്ങളിൽ ബിജെപി സഖ്യത്തിൽനിന്നും വിട്ടുപോകുന്ന പശ്ചാത്തലത്തിലാണ് ദേശീയ തെരഞ്ഞെടുപ്പ്.
ഭാരതീയ ജനതാപാർട്ടിയും സംഘ്പരിവാറും തങ്ങളാലാവുന്ന എല്ലാ തന്ത്രങ്ങളും പയറ്റിക്കൊണ്ടാണ് കേരളത്തിന്റെ മണ്ണിൽ ചുവടുറപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തിവരുന്നത്. എന്നാൽ ഈ ശ്രമങ്ങളെയെല്ലാം കേരളീയർ അമ്പാടെ പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. ഏറ്റവുമൊടുവിൽ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഇടപെട്ടുകൊണ്ട് ജനങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനും ശ്രമങ്ങളുണ്ടായി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഭാരതീയ ജനതാപാർട്ടിയുടെ മുഖംമൂടി നീങ്ങുകയും ഫാസിസ്റ്റു രൂപം പുറത്തേക്ക് ദൃശ്യമാവുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. 
ഇന്ത്യയിലെ ഒട്ടുമിക്ക രാഷട്രീയപാർട്ടികളിലും ജനങ്ങളിലും വളർന്നുവരുന്ന ഫാസിസ്റ്റ് വിരുദ്ധ ബോധം ഭാരതീയ ജനതാപാർട്ടിയെ പ്രതിസന്ധിയിലാക്കും എന്നുറപ്പാണ്. 

Latest News