Sunday , May   26, 2019
Sunday , May   26, 2019

അഞ്ചു വര്‍ഷത്തിനിടെ സ്വത്തില്‍ 2081% വര്‍ധന; ഇടി പറയുന്ന കണക്കുകള്‍ കൂടി കേള്‍ക്കൂ

മലപ്പുറം- പാര്‍ലമെന്റ് അംഗമായ ശേഷം തന്റെ ആസ്തിയില്‍ 2081 ശതമാനത്തിന്റെ വന്‍ വര്‍ധനയുണ്ടായെന്ന റിപോര്‍ട്ടിനു മുസ്ലിം ലീഗ് പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം. അധ്യാപകനായിരുന്ന പിതാവ് വഴി ലഭിച്ച 77 സെന്റ് ഭൂമിയും ഇവിടെ 40 വര്‍ഷ മുമ്പ്, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ജീവനക്കാരനായിരിക്കെ താന്‍ നിര്‍മ്മിച്ച വീടും, 2008 മോഡല്‍ ഒരു കാറും മാത്രമാണ് തന്റെ ആസ്തിയെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഇടി വിശദീകരിക്കുന്നു. 50 വര്‍ഷത്തെ പൊതു ജീവിതത്തിനിടെ ഒരു സെന്റു ഭൂമി പോലും വാങ്ങിയിട്ടില്ലെന്നും ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയപ്പോഴും ലഭിച്ച ശമ്പള വരുമാനത്തില്‍ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലന്‍സോ തന്റേയും കുടുംബത്തിന്റേയും പേരില്‍ ഇപ്പോഴും ഇല്ലെന്നും ഇടി വ്യക്തമാക്കുന്നു. ഇക്കാലത്തിനിടെ ഒരു തരത്തിലുള്ള കച്ചവടത്തിനോ ധന സമ്പാദന മാര്‍ഗത്തിലോ പങ്കാളിയായിട്ടില്ലെന്നും ഇടി വിശദമാക്കി.

2009-ല്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ വീടും ഭൂമിയും തന്നെയാണ് 2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും എന്റെ ആസ്തി. പത്തുവര്‍ഷത്തിനു ശേഷം കിടപ്പാടത്തിന്റെ മൂല്യം കുടിയിട്ടുണ്ടെങ്കില്‍ അത് ഇത്തവണയും സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ ബോധ്യപ്പെടുത്തും. 2009-ല്‍ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയിരുന്നത് ഒരു ലക്ഷമായിരുന്നു. 2014ല്‍ കാണിച്ച മൂല്യം 20 ലക്ഷമാണ്. അതായത് രണ്ടായിരം ശതമാനത്തിന്റെ വര്‍ധനവ്. ഇതു സമ്പാദിച്ച വരുമാനമല്ലെന്നും ആസ്തിയുടെ മൂല്യം വര്‍ധിച്ചതാണെന്നും ഇടി ചൂണ്ടിക്കാട്ടുന്നു. 

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പ്രസിദ്ധീകരിച്ച സിറ്റിങ് എംപിമാരുടെ ആസ്തി മൂല്യവര്‍ധനയുടെ റിപോര്‍ട്ടിലാണ് ഇടിയുടെ ആസ്തിയില്‍ അഞ്ചു വര്‍ഷത്തിനിടെ 2081 ശതമാനം വര്‍ധിച്ചതായി രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആസ്തി, വരുമാന കണക്കുകള്‍ താരതമ്യം ചെയ്താണ് ഈ റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2009-ല്‍ ഇടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആസ്തി മൂല്യം 6,05,855 രൂപയായിരുന്നു. 2014-ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇതിന്റെ വര്‍ധിച്ച മൂല്യമായ 1.32 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതാണ് 2081 ശതമാനത്തിന്റെ വര്‍ധന. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയരേ, 
പൊന്നാനിയിൽ എന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതൽ തീർത്തും അസത്യമായ പ്രചാരണങ്ങൾ ബോധപൂർവമായി ചില കേന്ദ്രങ്ങൾ പടച്ചുവിടുന്നുണ്ട്.തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ ഇത്തരം വ്യാജ ആരോപണങ്ങൾക്ക് മറുപടി പറയുക എന്നത് പ്രായോഗികമല്ലങ്കിലും അല്പസമയമെങ്കിലും എന്നിൽ വിശ്വാസം അർപ്പിച്ച പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ഇത്തരം കുപ്രചാരണങ്ങൾക്ക് സാധിച്ചേക്കും.

നീണ്ടകാലം മാവൂർ ഗ്വാളിയോർ റയോൺസിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു ഞാൻ.
ഒരു പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന എന്റെ പിതാവ് വഴി ലഭിച്ച എഴുപത്തിഏഴ് സെന്റ് ഭൂമിയും ഇതിൽ നാല്പത് വർഷം മുമ്പ് റയോൺസ് ജോലിക്കിടെ ഞാൻ നിർമിച്ച വീടും അല്ലാതെ ഇന്ന് ഈ ദിവസം വരെ അൻപത് വർഷത്തെ പൊതു ജീവിതത്തിനിടയിൽ ഒരു സെന്റ് ഭൂമിയോ ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തിൽ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ എന്റെയോ കുടുംബത്തിന്റെയോ പേരിൽ മുമ്പും ഇപ്പോഴും ഇല്ല.ഈ കാലത്തിനിടക്ക് ഞാൻ ഒരുതരത്തിലുമുള്ള കച്ചവടത്തിലോ മറ്റു ധന സമ്പാദന മാർഗത്തിലോ പങ്കാളിയായിട്ടുമില്ല.

ദാനശീലരുടെ കോടിക്കണക്കിന്ന് രൂപയുടെ സഹായ ധനം ക്രോഡീകരിച്ചു നിരവധി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സാമ്പത്തിക വിഷയങ്ങളിൽ വിശ്വാസപരമായി അതീവ സൂക്ഷ്മത പുലർത്താൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ.രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ എന്റെ സാമ്പത്തിക സ്ഥിതിയിൽ കാണിച്ച സ്വത്തിന്റെ മൂല്യത്തിൽ കാലക്രമേണ വന്ന വർദ്ധനവും എന്റെ ശമ്പള ഇനത്തിൽ വന്ന വരുമാനവും പതിനൊന്ന് വർഷമായി ഞാൻ ഉപയോഗിച്ചുവരുന്ന 2008 മോഡൽ വാഹനവും അല്ലാതെ ഒരു രൂപയുടെ ആസ്തിയും ഇല്ലാത്ത എന്നെ കുറിച്ച് വരുന്ന വാർത്തകൾക്ക് ഇതിനപ്പുറം ഒരു മറുപടി എനിക്കില്ല.ആരാണോ ഇത്തരം വാർത്തകൾ പടച്ചുണ്ടാക്കുന്നത് അവർ തന്നെ അതിന്റെ ആധികാരികതയും സ്രോതസും സമൂഹത്തെ ബോധ്യപെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

2009 ൽ ഞാൻ പൊന്നാനിയിൽ മത്സരിക്കുമ്പോൾ നൽകിയ അഫിഡവിറ്റിൽ പറഞ്ഞ എന്റെ വീടും ഭൂമിയുമാണ് 2014 ലും 2019 ലും എന്റെ ആസ്തി.പത്തുവർ ഷത്തിനിപ്പുറം എല്ലാവരുടേതും പോലെ എന്റെ കിടപ്പാടത്തിന്റെ മൂല്യം കൂടിയിട്ടുണ്ടങ്കിൽ അത് ഈ തിരഞ്ഞെടുപ്പിലും ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ ബോധ്യപ്പെടുത്തും. ഇങ്ങനെയൊരു വാർത്തയുടെ കൂടെ ചേർക്കുന്ന പാർലിമെന്റ് രേഖയിൽ വന്ന വരുമാന വർദ്ധനവ് എന്ന പരാമർശത്തിന്ന് ഒരു പക്ഷെ കാരണമായതിൽ ഒരു ഉദാഹരണം 2009 ൽ സത്യവാങ് മൂലത്തിൽ എന്റെ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു. ഇതേ വസ്തുവിന്ന് 2014 ൽ കാണിച്ച മൂല്യം ഇരുപത് ലക്ഷമാണ് അതായത് രണ്ടായിരം ശതമാനം വർദ്ധനവ്. മാത്രമല്ല 120 മാസം പാർലിമെന്റ് അംഗമായ എനിക്ക് ലഭിക്കുന്ന വേദനം തന്നെ ആരോപിക്കുന്ന തുകയിൽ അധികം വരും.

ഇവിടെ പരാമർശിച്ചതല്ലാത്ത രൂപയോ ഒരു സെന്റ് ഭൂമിയോ മറ്റ് വസ്തുക്കളോ എന്റെ കൈവശം അധികമുണ്ടങ്കിലോ ജീവിതക്കാലത്തിന്നിടക്ക് വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടങ്കിലോ പൂർണമായും ഇത്തരം ആരോപണങ്ങൾ തെളിയിക്കുന്നവർക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നൽകാൻ ഞാൻ തയ്യാറാണ്.

വിശ്വസ്തതയോടെ,
ഇ.ടി.മുഹമ്മദ് ബഷീർ

Latest News