Wednesday , April   24, 2019
Wednesday , April   24, 2019

ഇന്ത്യ കൂടുതല്‍ ഒറ്റപ്പെടുന്നു, ടെന്നിസ് ടൂര്‍ണമെന്റുകള്‍ മാറ്റി

ന്യൂദല്‍ഹി - പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയെ കായികരംഗത്ത് കൂടുതല്‍ ഒറ്റപ്പെടലിലേക്ക് നയിച്ചു. പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് വിസ നിഷേധിച്ചതോടെ രാജ്യാന്തര കായിക ഫെഡറേഷനുകള്‍ ഇന്ത്യയില്‍ മത്സരം നടത്താന്‍ വിസമ്മതിക്കുകയാണ്. ജൂനിയര്‍ ഡേവിസ് കപ്പ് ടെന്നിസും ഫെഡറേഷന്‍ കപ്പ് ടെന്നിസുമാണ് ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ നിന്ന് മാറ്റുന്നത്. ബാലകോട് വ്യോമാക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതാണ് ടൂര്‍ണമെന്റ് മാറ്റാനുള്ള കാരണമായി പറയുന്നത്. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 16 അണ്ടര്‍-16 ഡേവിസ് കപ്പ് ടീമുകള്‍ ഇന്ത്യയില്‍ കളിക്കേണ്ടതായിരുന്നു. ഏപ്രില്‍ എട്ട് മുതല്‍ ന്യൂദല്‍ഹിയിലെ ഡി.എല്‍.ടി.എ കോംപ്ലക്‌സിലാണ് ടൂര്‍ണമെന്റ് അരങ്ങേറേണ്ടിയിരുന്നത്. ഏപ്രില്‍ 15 മുതലായിരുന്നു ഫെഡറേഷന്‍ കപ്പ് നിശ്ചയിച്ചിരുന്നത്. 
ഇന്ത്യയാണ് ടൂര്‍ണമെന്റ് ബാങ്കോക്കിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതെന്ന് ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന്‍ അറിയിച്ചു. ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന് ഫണ്ട് കണ്ടെത്താനാവാത്തതിനാലാണ് മാറ്റിയതെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഹിരണ്‍മയ് ചാറ്റര്‍ജി വിശദീകരിച്ചു.

Latest News