Tuesday , June   18, 2019
Tuesday , June   18, 2019

പുതിയ രോഗങ്ങൾ; പുതിയ വെല്ലുവിളികൾ

മലയാളിക്ക് ഏറെ കേട്ടുകേൾവിയില്ലാത്ത രോഗബാധയേറ്റ് ഒരു കുരുന്നു ജീവൻ അടർന്നു വീണിരിക്കുന്നു. വെസ്റ്റ്‌നൈൽ എന്ന് വൈദ്യശാസ്ത്രം പേരിട്ട വൈറസ് ബാധയേറ്റാണ് മലപ്പുറം ജില്ലയിലെ ആറു വയസ്സുകാരന്റെ മരണം. അപൂർവമായ രോഗങ്ങൾക്ക് ഇടക്കിടെ കീഴടങ്ങുന്ന കേരളത്തിന്റെ ആരോഗ്യരംഗത്തിന് ഈ പുതിയ വൈറസും ഒരു വെല്ലുവിളിയാണ്. രോഗം പടരുന്നത് തടയാൻ നമുക്ക് കഴിയും. എന്നാൽ വൈറസുകൾക്ക് വിധേയമാകുന്ന, പ്രതിരോധ ശേഷി കുറഞ്ഞ മാനവ സമ്പത്താണ് ഇപ്പോഴും നമുക്കുള്ളതെന്നത് ഗൗരവമായി തന്നെ കാണണം. പ്രത്യേകിച്ച്, ആരോഗ്യ മേഖലയിൽ കേരളം മറ്റേത് സംസ്ഥാനത്തേക്കാൾ മുന്നിലാണെന്ന് നാം അഭിമാനിക്കുമ്പോൾ. 
1937 ൽ ഉഗാണ്ടയിൽ കണ്ടെത്തിയ വെസ്റ്റ് നൈൽ വൈറൽ പനി കേരളത്തിന്റെ കാലാവസ്ഥയിലും ആരോഗ്യ നിലയിലും വേഗത്തിൽ പിടിപെടാൻ സാധ്യത കൂടുതലുള്ള ഒന്നാണ്. കൊതുകുകളാണ് ഇത് പരത്തുന്നത് എന്നതാണ് ഏറ്റവും ഗൗരവത്തോടെ കാണേണ്ടത്. സാധാരണ ഗതിയിൽ മനുഷ്യ രക്തത്തിലൂടെ പകരില്ലെങ്കിലും കൊതുകുകളിലൂടെ അതിവേഗം മനുഷ്യരിലേക്ക് പടരുന്ന രോഗമാണിത്. പ്രതിരോധ മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗം ബാധിച്ചാൽ മരണം വരെ സംഭവിക്കാമെന്നാണ് മലപ്പുറം സംഭവം തെളിയിക്കുന്നത്. 
രോഗതുരമായ ഒരു സമൂഹമെന്ന അവസ്ഥയിൽ നിന്ന് കേരളത്തിന് ഇന്നും മോചനമായിട്ടില്ല. നിപ്പ വൈറസ്, വെസ്റ്റ് നൈൽ വൈറസ് തുടങ്ങി പല തലത്തിലുള്ള രോഗാണുക്കൾ വിരുന്നെത്തുന്ന സംസ്ഥാനമാണ് കേരളം. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണെന്നതാണ് വൈറസുകൾക്ക് മുന്നിലുള്ള ഈ വിധേയത്വം തെളിയിക്കുന്നത്. ഇന്ത്യയിൽ തന്നെ അപൂർവമായി മാത്രം കാണുന്ന വൈറസുകൾക്ക് ഈറ്റില്ലമായി മാറുന്ന കേരളം ഓരോ സീസണിലും ഓരോ അസുഖങ്ങൾക്ക് അടിപ്പെടുന്ന അവസ്ഥ ഇന്നും മാറിയിട്ടില്ല. വേനൽകാലത്ത് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ എല്ലായിടത്തും വ്യാപകമാണ്. വർഷക്കാലത്ത് പല തരത്തിലുള്ള പനികൾക്കും കോളറക്കും നാം അടിപ്പെടുന്നു. 
നിപ വൈറസ് പോലെ തന്നെ വെസ്റ്റ് നൈൽ വൈറസും മലബാർ മേഖലയിൽ നിന്നാണ് പൊട്ടിമുളച്ചിട്ടുള്ളത്.നിപയെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പും കോഴിക്കോട് ജില്ലയിലെ ആരോഗ്യ പ്രവർത്തകരും പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തിയത്. എന്നാൽ രോഗം വരുന്നത് ഒഴിവാക്കാനോ രോഗബാധ നേരത്തെ കണ്ടെത്താനോ ഇപ്പോഴും മലബാർ മേഖലയിൽ സംവിധാനങ്ങളില്ല. 
നേട്ടങ്ങൾക്കിടയിലും കേരളത്തിന്റെ ആരോഗ്യ മേഖലയുടെ പോരായ്മകളെ കുറിച്ച് പല തവണ മാധ്യമങ്ങളിലൂടെ ചർച്ചകൾ നടന്നതാണ്. പ്രതിരോധ കുത്തിവെപ്പിന്റെ അഭാവം മൂലമുള്ള പല രോഗങ്ങളും വ്യാപകമായി തിരിച്ചെത്തുന്നത് കൂടുതലും മലബാർ മേഖലയിലാണെന്ന് കാണാം. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ഒന്നര പതിറ്റാണ്ടിലേറെയായി കേരളം ജാഗ്രതയിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ പണവും വിദേശ ആരോഗ്യ ഏജൻസികൾ നൽകുന്ന പണവുമെല്ലാം ഉപയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടും രോഗങ്ങൾ പൊങ്ങി വരുന്നത് പ്രതിരോധത്തിലെ പാകപ്പിഴവല്ലാതെ മറ്റൊന്നല്ല. മതപരമായ വിശ്വാസത്തിന്റെ പേരിൽ പ്രതിരോധ കുത്തിവെപ്പെടുക്കാൻ ചിലർ വിസമ്മതിക്കുന്നുവെന്ന യാഥാർഥ്യം മലബാർ മേഖലയിൽ നിലനിൽക്കുന്നുണ്ട്.പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾക്കായി ധാരാളം പണം നാം ചെലവിടുന്നുണ്ടെങ്കിലും ഇതൊന്നും ഫലവത്താകുന്നില്ല.
കൊതുകുകളിലൂടെ പകരുന്ന രോഗങ്ങളുടെ ആവാസ കേന്ദ്രമായി കേരളം ഇപ്പോഴും നിലനിൽക്കുകയാണ്. രോഗ നിർണയത്തിനുള്ള സൗകര്യങ്ങൾ വടക്കൻ കേരളത്തിൽ ഇപ്പോഴും കുറവാണ്. ഗ്രാമങ്ങൾ തോറും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ടെങ്കിലും അവിടെയൊന്നും രോഗ നിർണയത്തിനോ രക്തപരിശോധനക്കോ ആവശ്യമായ മികച്ച സംവിധാനങ്ങളില്ല. രോഗികൾക്ക് പലപ്പോഴും രക്തപരിശോധന സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് നടത്തേണ്ടി വരും. ഭാരിച്ച ചെലവു മൂലം പലരും അതിന് തയാറാകില്ല. ഇതുമൂലം മൂടിവെക്കപ്പെടുന്നത് രോഗാണുക്കളുടെ സാന്നിധ്യമാണ്. വൈറസുകളുടെ ആക്രമണം കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. എന്നാൽ വൈറസുകളെ കണ്ടെത്തുന്നതിനുള്ള വിശദമായ രക്തപരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഇന്നും ഇവിടെയില്ല.
ജില്ലകൾ തോറും സർക്കാർ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയും താലൂക്ക് ആശുപത്രികളെ ജില്ലാ ആശുപത്രികളാക്കുകയും ചെയ്‌തെങ്കിലും രോഗ നിർണയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ജില്ലകളിൽ ഇല്ല. രോഗം മൂർച്ഛിച്ചാൽ മലബാർ മേഖലയിലെ വലിയൊരു വിഭാഗം സാധാരണക്കാർക്ക് ഇന്നും ആശ്രയ കേന്ദ്രം കോഴിക്കോട് മെഡിക്കൽ കോളേജാണ്. രോഗികളുടെ ബാഹുല്യം മൂലം വീർപ്പുമുട്ടുന്ന മെഡിക്കൽ കോളേജിലാകട്ടെ ലാബ് സൗകര്യങ്ങൾ ഇന്നും അപര്യാപ്തമാണ്. വൈറോളജി വിഭാഗത്തിന് പരിശോധനകൾ നടത്താൻ മറ്റു ജില്ലകളെയോ സംസ്ഥാനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു.
കൊതുകുകളിലൂടെയും മറ്റുമുള്ള വൈറസ് ബാധ തടയുന്നതിനുള്ള സുസ്ഥിരമായ ഒരു സംവിധാനത്തെ കുറിച്ച് ഭരണകൂടങ്ങൾ ഇനിയും വേണ്ടത്ര ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങിയിട്ടില്ല. മഴക്കാലത്ത് ഡ്രൈഡേ ആചരിച്ച് അവസാനിപ്പിക്കുന്നതിലൂടെ കൊതുകുകൾക്കെതിരായ പ്രതിരോധം അവസാനിക്കുന്നില്ല. വൃത്തിയുള്ള പരിസരങ്ങൾ ഇന്നും നമുക്ക് അന്യമാണ്. ഇക്കാര്യത്തിൽ ജനങ്ങളുടെ അലസ മനോഭാവവും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.
രോഗപ്രതിരോധ ശേഷിയും ആരോഗ്യവുമുള്ള ഒരു സമൂഹമാണ് നമുക്ക് ആവശ്യം. ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കുറിച്ച് വീമ്പ് പറയുമ്പോഴും പുതിയ ഇനം വൈറസുകളുടെ ആക്രമണത്തിന് മുന്നിൽ പ്രതിരോധിക്കാനാകാത്ത നിസ്സഹായവസ്ഥയിലാണ് മലയാളികളുള്ളത്. ഇക്കാര്യത്തിൽ ആരോഗ്യ മേഖലയിൽ പുതിയ കാഴ്ചപ്പാടുകളുണ്ടാകേണ്ടിയിരിക്കുന്നു.  

Latest News