Tuesday , June   18, 2019
Tuesday , June   18, 2019

മോഡി ഭരണകൂടത്തിന്  ബാലറ്റിലൂടെ മറുപടി നൽകുക 

 രാജ്യ ചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത്. നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിനാണ് നാം തുടക്കമിട്ടിരിക്കുന്നത്.
ഈ പോരാട്ടത്തിലെ തന്ത്രങ്ങളും കൂട്ടുകെട്ടലുകളും വിവിധ ഘടകങ്ങളെ ആശ്രയിച്ചാകും തീരുമാനിക്കപ്പെടുക. രാഷ്ട്രീയ വികാസങ്ങൾ അതിവേഗമാകും സംഭവിക്കുക. രാഷ്ട്രീയ സാഹചര്യങ്ങളുടെ സങ്കീർണതകൾ ഇടത് പാർട്ടികൾക്ക് മനസ്സിലായിട്ടുണ്ട്. ഈ സങ്കീർണതകൾ വെളിപ്പെടുത്തുന്ന ചോദ്യങ്ങളാണ് നാം ജനങ്ങൾക്ക് മുന്നിൽ വെക്കുന്നതും. നമ്മുടെ പോരാട്ടം കൂടുതൽ കരുത്താർജിക്കേണ്ടതിന്റെ ആവശ്യകതയാണ് അനുഭവങ്ങൾ ഈ അവസരത്തിൽ നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത്. ഒപ്പം എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ നാം സുസജ്ജമാകേണ്ടതുമുണ്ട്. വരുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കാനുള്ള ഭ്രാന്തമായ ആവേശത്തിലാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി.
അഞ്ച് വർഷത്തെ മോഡി ഭരണത്തിന് ശേഷം ഇവരുടെ സാമൂഹ്യ സാമ്പത്തിക നയങ്ങളും അവയുടെ അനന്തര ഫലങ്ങളുമാണ് രാഷ്ട്രീയ ഗതി നിർണയിക്കുക. സാധാരണക്കാരന്റെ ജീവൽ സംബന്ധിയായ യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് അവർ. തീവ്ര ദേശീയതയിലൂന്നിയ ഒരു യുദ്ധസമാന സാഹചര്യം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. ദേശസുരക്ഷയ്ക്ക് ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണ്. ഏത് തരത്തിലുള്ള ബാഹ്യ ഇടപെടലിൽ നിന്നും നമ്മുടെ രാജ്യത്തെ പ്രതിരോധിക്കേണ്ടതും നമ്മുടെ കർത്തവ്യമാണ്. ഇന്ത്യയുടെ സുരക്ഷിതത്വത്തിന് സൈന്യത്തോടൊപ്പം തന്നെ നാമും നിലയുറപ്പിക്കണം. അതേസമയം ഇന്ത്യയെ സംരക്ഷിക്കലെന്നാൽ ബിജെപിയെ സംരക്ഷിക്കലാണെന്ന ആർഎസ്എസ് - ബിജെപി സിദ്ധാന്തം നാം തള്ളുകയും വേണം.
ധാരാളം മോഹന വാഗ്ദാനങ്ങളുമായാണ് തീവ്ര വലതുപക്ഷ നിലപാടുള്ള ബിജെപി തങ്ങളുടെ ഫാസിസ്റ്റ് തത്വങ്ങളുമായി 2014 ൽ അധികാരത്തിലേറിയത്. കള്ളപ്പണം തിരികെ എത്തിക്കും, പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ദാരിദ്ര്യം പൂർണമായും തുടച്ച് മാറ്റും എന്നിവ ആയിരുന്നു അവരുടെ പ്രകടന പത്രികയിൽ ഉയർത്തിക്കാട്ടിയ വാഗ്ദാനങ്ങളിൽ പ്രധാനമായവ. 'എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനത്തിന്' എന്നതായിരുന്നു 2014 ലെ അവരുടെ മുദ്രാവാക്യം.
'നരേന്ദ്ര മോഡിയുടെ ശക്തമായ നേതൃത്വത്തിൽ നാം പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. രാജ്യത്തിന് ശക്തവും സ്ഥിരവും ദാർശനികവും പുരോഗമനപരവുമായ ഒരു സർക്കാർ രൂപീകരണമാണ് നമ്മുടെ ലക്ഷ്യം. നമ്മുടെയും രാജ്യത്തിന്റെയും വിധി മാറ്റിയെഴുതാനുള്ള അവസരമാണിത്. ഭാരത മാതാവിനും മക്കൾക്കും യശസ്സുയർത്താനുള്ള അവസരം' എന്നതായിരുന്നു അവരുടെ പ്രകടന പത്രികയിലെ അവസാന ഖണ്ഡിക. എന്നാൽ ഇതിന് നേർ വിപരീതമാണ് കഴിഞ്ഞ അഞ്ച് വർഷം നമ്മുടെ രാജ്യത്ത് നടമാടിയത്. സാധാരണക്കാരന്റെ ജീവിത ദുരിതങ്ങൾ പതിന്മടങ്ങായി. ഭാരത മാതാവിന്റെ മക്കൾ ഭൂരിഭാഗവും പട്ടിണിയിലും ദാരിദ്ര്യത്തിലുമായി. 2018 ലെ ആഗോള വിശപ്പ് സൂചികയിൽ 119 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 103 ാമതായി. 31.1 ആയിരുന്നു ഇന്ത്യയുടെ സ്‌കോർ നില. അതായത് പട്ടിണിയിൽ ഇന്ത്യയുടെ സ്ഥാനം ബഹുദൂരം മുന്നിൽ. ഇത് അതീവ ഗൗരവതരമായ ഒരു വിഷയമാണ്.
രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നർ കൂടുതൽ സമ്പന്നരായെന്ന് ഓക്‌സ്ഫാം റിപ്പോർട്ട് പറയുന്നു. 39 ശതമാനമാണ് ഇവരുടെ വരുമാനത്തിൽ വർധനയുണ്ടായത്. അതേസമയം താഴെക്കിടയിലുള്ളവരുടെ സമ്പത്തിൽ വെറും മൂന്ന് ശതമാനം മാത്രമാണ് വർധിച്ചത്. താഴേക്കിടയിലുള്ള അറുപത് ശതമാനം പേർ അതായത് രാജ്യത്തെ ഭൂരിപക്ഷത്തിന്റെ പക്കൽ രാജ്യത്തെ ധനത്തിന്റെ വെറും 4.8 ശതമാനം മാത്രമാണുള്ളത്. വർധിച്ചു വരുന്ന സാമ്പത്തിക അസമത്വത്തിന്റെ ഏറ്റവും വലിയ ദോഷം സ്ത്രീകളും പെൺകുട്ടികളുമാണ് അനുഭവിക്കുന്നതെന്നും ഓക്‌സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്ത് ശതമാനം പേരിലേക്ക് രാജ്യത്തെ സമ്പത്തിന്റെ 77.4 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നു. 13.6 കോടി ഇന്ത്യക്കാർ 2004 മുതൽ കടത്തിൽ കഴിയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഭരണാധികാരികൾ നേട്ടത്തിന്റെ പട്ടിക വിളംബരം ചെയ്ത 2019 ജനുവരിയിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയിൽ വെച്ചാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഓക്‌സ്ഫാം പുറത്ത് വിട്ട സിആർഐ (അസമത്വങ്ങൾ ഇല്ലാതാക്കൽ) റിപ്പോർട്ടിൽ 157 രാജ്യങ്ങളിൽ 147 ാമതാണ് ഇന്ത്യയുടെ സ്ഥാനം. 
പൊതുജനാരോഗ്യ രംഗത്ത് പണം ചെലവഴിക്കുന്നതിലും വിദ്യാഭ്യാസത്തിലും സാമൂഹ്യ സുരക്ഷയിലും ഈ റിപ്പോർട്ടിൽ ഇന്ത്യയ്ക്ക് 151 ാം സ്ഥാനമാണുള്ളത്. തൊഴിൽ അവകാശങ്ങളിലും വേതനത്തിലും 141 ാമതും.
മോഡിയുടെ ഭരണത്തിൽ തൊഴിലില്ലായ്മ കഴിഞ്ഞ 45 കൊല്ലത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 27 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 7.38 ശതമാനമാണ് ഇക്കഴിഞ്ഞ ഡിസംബറിൽ രേഖപ്പെടുത്തിയത്. പന്ത്രണ്ട് കൊല്ലത്തിനിടെ രാജ്യത്ത് 1.09 കോടി പേർക്ക് തൊഴിൽ നഷ്ടമായി. ഇതിൽ 83 ശതമാനവും ഗ്രാമീണ മേഖലയിലാണ്. തൊഴിൽ നഷ്ടമായവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തൊഴിലില്ലായ്മയുടെ ഈ കുതിച്ചുചാട്ടത്തിന് കാരണം മോഡി സർക്കാരാണെന്ന് ദേശീയ സാമ്പിൽ സർവേ ഓഫീസിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരമൊരു റിപ്പോർട്ട് തയാറാക്കിയ എൻഎസ്എസ്ഒ അധ്യക്ഷനും അംഗങ്ങളും രാജിവെക്കാൻ നിർബന്ധിതരായി. ആസൂത്രണ കമ്മീഷൻ ഒഴിവാക്കി നീതി ആയോഗ് കൊണ്ടുവന്നിട്ടും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ അടിസ്ഥാനപരമായി 2004 - 05 ൽ നിന്ന് 2011 - 12 ലെത്തുമ്പോഴും യാതൊരു മാറ്റവും ഉണ്ടായില്ല. രാജ്യത്തെ വളർച്ചാ രംഗം നേരിടുന്ന പ്രശ്‌നങ്ങൾ മറച്ചുവെയ്ക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ല. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ വളർച്ച നിരക്ക് അടുത്തിടെയാണ് പുറത്ത് വന്നത്. വെറും 6.7 ശതമാനം മാത്രമാണിത്. മുൻ പാദത്തിൽ ഇത് ഏഴ് ശതമാനമായിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ഭരണകക്ഷിയും വൻകിട കോർപറേറ്റുകളുമായുള്ള ബന്ധം മറനീക്കി പുറത്ത് വന്നതിനും ഈ സർക്കാരിന്റെ കാലത്ത് നാം സാക്ഷിയായി. രാജ്യത്തെ പണക്കാർക്ക് മാത്രമാണ് മോഡി ഭരണത്തിൻ കീഴിൽ  'അച്ചെ ദിൻ' അനുഭവിക്കാനായത്. അവരുടെ ഭണ്ഡാരം ഭരണകക്ഷിയുടെ ചെലവിലാണ് ഉറപ്പിച്ചത്. കോർപറേറ്റുകളിൽ നിന്ന് ബിജെപിക്ക് ലഭിച്ച സംഭാവന 437.04 കോടിയാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ കോൺഗ്രസിന് ഇവർ നൽകിയത് 26.65 കോടി മാത്രമാണ്. ഇവരാണ് കോർപറേറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളിൽ രണ്ടാം സ്ഥാനത്തുള്ളത്.
ഹിന്ദുത്വ അജണ്ടയിലൂന്നിയ നരേന്ദ്ര മോഡി സർക്കാരിന്റെ ഫാസിസ്റ്റ് സിദ്ധാന്തങ്ങൾ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അത്യന്തം അപകടത്തിലാക്കിയിരിക്കുന്നു. ഇവരുടെ ശത്രുത നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ പരമാധികാരത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനും വിരുദ്ധമാണ്. അവരുടെ ഇടുങ്ങിയ കാഴ്ചപ്പാടിനനുസരിച്ച് ഭരണ നിർമാണ, നിർവഹണ സംവിധാനങ്ങളെയും എന്തിന് നീതിന്യായ വിഭാഗത്തെ പോലും ചൊൽപടിയിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
വിദ്യാഭ്യാസത്തെയും സർവകലാശാലകളെയും ആക്രമിക്കുന്നതാണ് ബിജെപിയുടെ ഇപ്പോഴത്തെ ശൈലി. സിബിഐ അടക്കമുള്ള ഏജൻസികളെ തങ്ങളുടെ തടവിലാക്കിയിട്ടിരിക്കുകയാണിവർ. ന്യൂനപക്ഷങ്ങൾ ഇവിടെ ഭയത്തിലാണ് കഴിഞ്ഞ് കൂടുന്നത്. ഇവരുടെ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങൾ പലപ്പോഴും ആക്രമിക്കപ്പെടുന്നു. ബ്രാഹ്മണ്യ, പുരുഷാധിപത്യ ആർഎസ്എസ് പ്രത്യയശാസ്ത്രത്തിൻ കീഴിൽ ദളിതുകളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നു. ഗോസുരക്ഷയുടെ പേരിൽ പലയിടങ്ങളിലും നിരപരാധികൾ കൊല്ലപ്പെട്ടു. പശു വളരെപ്പെട്ടെന്ന് വർഗീയ വികാരം ചൂഷണം ചെയ്യാനുള്ള ഒരു രാഷ്ട്രീയ മൃഗമായി മാറ്റപ്പെട്ടു. 
കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ രാജ്യമെമ്പാടുമായി ഗോ സംരക്ഷകർ 44 പേരെ കൊന്നതായി അടുത്തിടെ പുറത്ത് വന്ന ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 36 പേരും മുസ്‌ലിംകളാണ്. 2015 മെയ് മുതൽ 2018 ഡിസംബർ വരെയുണ്ടായ ആക്രമണങ്ങളിൽ 280 പേർക്ക് പരിക്കേറ്റു. സർക്കാരിന്റെ കോർപറേറ്റ് അനുകൂല നിലപാട് മൂലം ദുരിതത്തിലായത് യഥാർത്ഥ സാമ്പത്തിക സ്രഷ്ടാക്കളായ കർഷകരും തൊഴിലാളികളുമാണ്. രാജ്യത്ത് എല്ലായിടവും കർഷകർക്ക് ന്യായവില നിഷേധിക്കപ്പെട്ടു. ഇവർ കടത്തിന്റെ പിടിയിലമർന്നു. കർഷകർക്ക് ആവശ്യത്തിന് ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിലും ഈ സർക്കാർ തികഞ്ഞ പരാജയമായി. ലക്ഷക്കണക്കിന് കർഷകർ സ്വയം കാർഷിക ജോലികൾ ഏറ്റെടുക്കാൻ നിർബന്ധിതരായി. 2013 മുതൽ രാജ്യത്ത് കാർഷിക മേഖലയിൽ പ്രതിവർഷം 12,000 പേർ ആത്മഹത്യ ചെയ്യുന്നതായി 2017 മേയിൽ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ കണക്കുകൾ പ്രകാരം മോഡി ഭരണത്തിൻ കീഴിൽ 60,000 കർഷകരാണ് ആത്മഹത്യ ചെയ്തത്.
മധ്യപ്രദേശ് പോലെയുള്ള സ്ഥലങ്ങളിൽ അവർ വെടിവെപ്പിന് പോലും ഇരയായി. കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ കർഷക ആത്മഹത്യയുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അതിസമ്പന്നരുടെ താൽപര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന നവഉദാരനയങ്ങൾ പിന്തുടരുന്ന ഒരു സർക്കാർ തീർച്ചയായും തൊഴിലാളി വിരുദ്ധമാകും. തൊഴിലാളികളെ നരേന്ദ്ര മോഡി സർക്കാർ തങ്ങളുടെ വർഗ ശത്രുക്കളായാണ് ഈ കാലയളവിൽ മുഴുവൻ പരിഗണിച്ചത്. ബ്രിട്ടീഷ് ഭരണ കാലം മുതൽ പാസാക്കിയ 44 തൊഴിലാളി സംരക്ഷണ നിയമങ്ങൾ പോലും മോഡി സർക്കാർ ചവറ്റുകുട്ടയിൽ തള്ളി. ഇതിന്റെ സ്ഥാനത്ത് നാല് തൊഴിലാളി നിയമങ്ങൾ കൊണ്ടുവന്നു.
വ്യവസായങ്ങളുടെ സൗകര്യത്തിനായി മുതലാളിമാരുടെ ഔദാര്യത്തിൽ തൊഴിലാളികളെ കൊണ്ടുവന്നു. മോഡിയുടെ അഞ്ച് വർഷത്തെ ഭരണത്തിനിടെ ഇന്ത്യൻ തൊഴിലാളി കോൺഫറൻസ് ഒരു തവണ മാത്രമാണ് സമ്മേളിച്ചത്. ബാങ്ക്, ഇൻഷുറൻസ് പോലുള്ള സാമ്പത്തിക മേഖലകളിലെ തൊഴിലാളികൾ തങ്ങളുടെ നിലനിൽപിന് വേണ്ടി നിരവധി പോരാട്ട പരമ്പരകൾ തന്നെ നടത്തേണ്ടി വന്നു. ഒന്നിച്ച് പോരാടാൻ തൊഴിലാളി ജനവിരുദ്ധ നയങ്ങൾ ജനങ്ങൾക്ക് പ്രേരകമായി. ജനുവരി എട്ട്, ഒൻപത് തീയതികളിൽ 20 കോടി തൊഴിലാളികൾ തങ്ങളുടെ ജോലി നിർത്തി വച്ച് അവകാശ സംരക്ഷണത്തിനായി തെരുവിലിറങ്ങി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലാളി മുന്നേറ്റമായിരുന്നു ഇത്. മുമ്പില്ലാത്ത വിധം തങ്ങളുടെ മാതൃരാജ്യത്തെ കൊള്ളയടിക്കുന്നത് കയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന മുന്നറിയിപ്പ് നിരവധി സമര പോരാട്ടങ്ങളിലൂടെ അധികാര വർഗത്തിന് തൊഴിലാളികൾ നൽകി. വർഗീയ ജാതി ശക്തികളിൽ നിന്നും ചൂഷണത്തിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഒന്നിച്ച് പോരാടേണ്ടതുണ്ട്. എല്ലാ ജനാധിപത്യ മതേതര ശക്തികൾക്കും ഒപ്പം അണിചേർന്ന് തൊഴിലാളികളും കർഷകരും ദേശീയ വഞ്ചകരായ മോഡി സർക്കാരിനെ തൂത്തെറിയാൻ വോട്ടവകാശം വിനിയോഗിക്കുക.

Latest News