Wednesday , April   24, 2019
Wednesday , April   24, 2019

കനിമൊഴിക്ക് കന്നിയങ്കം

തൂത്തുക്കുടിയിൽ ഡി.എം.കെ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കനിമൊഴിക്ക് കന്നിയങ്കം. എതിരാളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദരരാജൻ. ഡി.എം.കെയുടെ പട്ടികയിൽ മൂന്ന് ഡോക്ടർമാരും അഞ്ച് അഭിഭാഷകരും ഒരു എൻജിനിയറും ഒമ്പത് ബിരുദധാരികളും മൂന്ന് വനിതകളുമുണ്ട്. മിക്കവരും കോടീശ്വരർ.

മക്കളും കുടുംബക്കാരും കൂട്ടത്തോടെ പടക്കിറങ്ങുന്നതാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികളുടെ നടപ്പുരീതി. കലൈഞ്ജർ മുത്തുവേൽ കരുണാനിധിയുടെ മക്കളും രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമാണ്. ഏതാനും വർഷമായി ഇന്ദ്രപ്രസ്ഥത്തിൽ ഡി.എം.കെയുടെ മുഖമാണ് രാജ്യസഭാംഗമായ മകൾ കനിമൊഴി. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലതുകാൽ വെക്കുകയാണ് ഇത്തവണ കനിമൊഴി. തൂത്തുക്കുടി മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാർഥിയായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കനിമൊഴി കന്നിയങ്കം കുറിക്കുന്നത്. പെൺപോരാണ് മണ്ഡലത്തിൽ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദരരാജനായിരിക്കും മണ്ഡലത്തിൽ കനിമൊഴിയുടെ മുഖ്യ എതിരാളി. 
നാടാർ സമുദായത്തിന് ഭൂരിപക്ഷമുള്ള തൂത്തുക്കുടിയിൽ ഡി.എം.കെ വോട്ടിനപ്പുറത്തേക്കാണ് കനിമൊഴിയുടെ നോട്ടം. കനിമൊഴിയുടെ അമ്മ രാജാത്തി അമ്മാൾ നാടാർ സമുദായക്കാരിയാണ്. തമിളിസൈയും നാടാർ സമുദായക്കാരിയാണെങ്കിലും കനിമൊഴിയുടെ വ്യക്തിപ്രഭാവം ഇല്ല. എന്നാൽ എ.ഐ.എ.ഡി. എം.കെ-ബി.ജെ.പി മുന്നണിയുടെ ഭാഗമായ പുതിയ തമിഴകത്തിന് മണ്ഡലത്തിൽ സ്വാധീനമുണ്ട്. തമിളിസൈ ഇതുവരെ കാര്യമായ പ്രചാരണം തുടങ്ങിയിട്ടില്ല. എന്നാൽ കനിമൊഴി തന്റെ എം.പി ഫണ്ടിൽനിന്ന് വികസനപ്രവർത്തനങ്ങൾക്ക് തുക ചെലവിട്ട് കുറച്ചുകാലമായി തൂത്തുക്കുടിയെ പരിപാലിച്ചുവരികയാണ്. അറുപതിലേറെ ഗ്രാമസഭാ യോഗങ്ങളിൽ കനിമൊഴി പങ്കെടുത്തു. 
തമിഴ്‌നാട്ടിൽ ഡി.എം.കെയും എ.ഐ.എ.ഡി.എം. കെയുമാണ് മുഖ്യ കക്ഷികളെങ്കിലും ഈ പാർട്ടികൾ എട്ട് മണ്ഡലങ്ങളിലേ നേരിട്ട് ഏറ്റുമുട്ടുന്നുള്ളൂ. അമ്മയും കലൈഞ്ജറും ഇല്ലാത്ത ആദ്യത്തെ പൊതുതെരഞ്ഞെടുപ്പാണ് ഇത്. ഡി.എം.കെ പുറത്തുവിട്ട സ്ഥാനാർഥിപ്പട്ടികയിൽ വിവിധ നേതാക്കളുടെ മക്കൾക്കാണ് മുൻതൂക്കം. ഏഴ് പ്രമുഖ നേതാക്കളും 17 പുതുമുഖങ്ങളുമുണ്ട് പട്ടികയിൽ. പുതുമുഖങ്ങൡലേറെയും 'മക്കൾ മുന്നണി' തന്നെ. മിക്ക സ്ഥാനാർഥികളും 'കോടിപതി'കളാണ്. കലൈഞ്ജർ കരുണാനിധിയുടെ മരീനയിലെ സ്തൂപത്തിനു മുന്നിലും ഗോപാലപുരത്തെ വസതിയിലെ മാലയിട്ട ചിത്രത്തിനു മുന്നിലും സ്ഥാനാർഥിപ്പട്ടിക സമർപ്പിക്കുകയും രോഗിയായ നേതാവ് കെ. അമ്പഴകന്റെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്ത ശേഷമാണ് ശേഷമാണ് കരുണാനിധിയുടെ മകൻ എം.കെ. സ്റ്റാലിൻ അത് മാധ്യമപ്രവർത്തകർക്കു മുന്നിൽ അനാവരണം ചെയ്തത്.  
മൂന്ന് ഡോക്ടർമാരും അഞ്ച് അഭിഭാഷകരും ഒരു എൻജിനിയറും ഒമ്പത് ബിരുദധാരികളും മൂന്ന് വനിതകളും പട്ടികയിലുണ്ട്. ലിസ്റ്റിലെ പ്രമുഖ സ്ഥാനാർഥി കരുണാനിധിയുടെ മകളും നിലവിൽ രാജ്യസഭാംഗവുമായ കനിമൊഴി തന്നെ.
ചെന്നൈ നോർത്ത് സീറ്റിൽ ഡോ. കലാനിധി വീരസാമിയാണ് മത്സരിക്കുക. മുൻ മന്ത്രി ആർകോട് എൻ. വീരസാമിയുടെ മകനാണ് ചർമരോഗ വിദഗ്ധനായ കലാനിധി വീരസാമി. ചെന്നൈ സൗത്തിൽ കവയിത്രി തമിഴച്ചി തങ്കപാണ്ഡ്യൻ മത്സരിക്കും. ക്വീൻ മേരീസ് കോളജിൽ ഇംഗ്ലിഷ് അധ്യാപികയായിരുന്നു തമിഴച്ചി തങ്കപാണ്ഡ്യൻ. മുൻ മന്ത്രി തങ്കപാണ്ഡ്യന്റെ മകളും മറ്റൊരു മുൻ മന്ത്രി തങ്കം തെന്നരശുവിന്റെ മൂത്ത സഹോദരിയുമാണ്.  മുൻ കേന്ദ്രമന്ത്രി മുരശൊലി മാരന്റെ മകനും മുൻ കേന്ദ്ര മന്ത്രിയുമായ ദയാനിധി മാരൻ ചെന്നൈ സെൻട്രലിൽ നാലാം തവണ പോരിനിറങ്ങും. ഇവിടെനിന്ന് രണ്ടു തവണ ദയാനിധി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ൽ തഞ്ചാവൂരിൽ തോറ്റ മുൻ കേന്ദ്ര മന്ത്രി ടി.ആർ. ബാലു ഇത്തവണ ശ്രീപെരുമ്പതൂരിലേക്ക് മാറും. കഴിഞ്ഞ തവണ ബാലുവിനായി തഞ്ചാവൂർ വിട്ടുകൊടുക്കേണ്ടി വന്ന മുൻ കേന്ദ്ര മന്ത്രി എസ്.എസ്. പളനിമാണിക്യം ഇത്തവണ തഞ്ചാവൂരിൽ പൊരുതും. 
യു.പി.എ മന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയ ഖനി മന്ത്രി എ. രാജ നീലഗിരിയിൽനിന്നാണ് മത്സരിക്കുക. നീലഗിരി സംവരണ മണ്ഡലമാണ്. 
മറ്റൊരു സംവരണ മണ്ഡലമായ കാഞ്ചീപുരത്ത് ജെ. ശെൽവമാണ് സ്ഥാനാർഥി. മുൻ കേന്ദ്ര മന്ത്രി എസ്. ജഗത്രക്ഷകൻ ആർക്കോണത്ത് മത്സരിക്കും. ഡി.എം.കെ ട്രഷറർ ദുരൈമുരുഗന്റെ മകൻ ടി.എം. കതിർ ആനന്ദാണ് വെല്ലൂരിൽ സ്ഥാനാർഥി. മുൻ മന്ത്രി പൊന്മുടിയുടെ മകൻ ഡി. ഗൗതം ശിഖമണി കള്ളക്കുറിച്ചിയിൽ മത്സരിക്കും. ഗൗതം ഓർതോപീഡിക് സർജനാണ്. മറ്റൊരു ഡോക്ടർ എസ്. സെന്തിൽകുമാർ ധർമപുരിയിൽ ജനവിധി തേടും. തിരുവണ്ണാമലയിൽ ഡി.എം.കെ യൂത്ത് വിംഗ് നേതാവ് സി.എൻ അണ്ണാദുരൈയാണ് സ്ഥാനാർഥി. കശുവണ്ടി കയറ്റുമതി ബിസിനസുകാരനായ ടി.ആർ.പി.എസ് രമേശിനെ ഗൂഡല്ലൂരിൽ അധികമാർക്കുമറിയില്ല. സേലത്ത് എസ്.ആർ പാർഥിപനാണ് മത്സരിക്കുക. കോൺഗ്രസിന്റെ മണിശങ്കർ അയ്യർ മൂന്നു തവണ വിജയിച്ചിരുന്ന മയിലാടുതുറൈയിൽ ഇത്തവണ ഡി.എം.കെയാണ് മത്സരിക്കുക. മണ്ഡലത്തിൽ സുപരിചിതനായ എസ്. രാമലിംഗമാണ് സ്ഥാനാർഥി. മയിലാടുതുറൈയിൽ പെട്ട തിരുവുടൈമരുദൂർ നിയമസഭാ മണ്ഡലത്തെ പലതവണ പ്രതിനിധീകരിച്ചിട്ടുണ്ട് രാമലിംഗം. 
പൊള്ളാച്ചിയിലും വ്യവസായപ്രമുഖനാണ് സ്ഥാനാർഥി. കെ. ഷൺമുഖസുന്ദരം. 2009 ൽ ഇവിടെ തോറ്റ ശൺമുഖസുന്ദരം രണ്ടാം തവണ ഭാഗ്യം തേടുകയാണ്. ഡിണ്ടിഗലിൽ പി. വേലുസാമിയാണ് സ്ഥാനാർഥി. ഡി.എം.കെ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹം. 
മുൻ എ.ഐ.ഡി.എം.കെ. എം.എൽ.എ ധനുഷ്‌കോടി അദിതന്റെ മകനാണ് തെങ്കാശിയിലെ സ്ഥാനാർഥി ധനുഷ് എം. കുമാർ. സംവരണ മണ്ഡലമാണ് ഇത്. 

Latest News