Monday , June   24, 2019
Monday , June   24, 2019

വോട്ട് പെട്ടി നിറയ്ക്കാൻ അസീസിന്റെ വോട്ടുപാട്ട്

അസീസ് തായിനരി

കണ്ണൂർ- തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കു മാപ്പിളപ്പാട്ടിന്റെ അകമ്പടിയുമായി പ്രചാരണ ഗാനങ്ങളെത്തുന്നു. ആയിരക്കണക്കിനു വേദികളിൽ ഇശൽമഴ പെയ്യിച്ച പ്രശസ്ത മാപ്പിളപ്പാട്ടു കലാകാരൻ അസീസ് തായിനേരിയുടെ സ്റ്റുഡിയോയിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി പ്രചാരണ ഗാനങ്ങളൊരുങ്ങുന്നത്. വ്യത്യസ്ത മുന്നണിയിലുള്ള മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർക്കും മുൻ കേന്ദ്ര മന്ത്രിമാരായ ഇ. അഹമ്മദിനും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം നൂറുകണക്കിനു നേതാക്കൾക്കായി പ്രചാരണ ഗാനമൊരുക്കിയ അസീസ് തായിനേരിയുടെ പയ്യന്നൂരിലെ എസ്.എസ് സ്റ്റുഡിയോയിൽ രാഷ്ട്രീയക്കാരുടെ തിരക്കാണിപ്പോൾ. 
കാസർകോട് മണ്ഡലത്തിൽ ജനവിധി തേടുന്ന ഇടതു സ്ഥാനാർഥി കെ.പി. സതീഷ് ചന്ദ്രനും കണ്ണൂരിൽ ജനവിധി തേടുന്ന പി.കെ.ശ്രീമതി ടീച്ചർക്കും വടകരയിൽ മത്സരിക്കുന്ന പി. ജയരാജനും വേണ്ടി പ്രചാരണ ഗാനങ്ങളൊരുക്കാനുള്ള തിരക്കിലാണിപ്പോൾ അസീസ് തായിനേരി. കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയാവുന്നതോടെ അവിടെനിന്നും ആളുളെത്തും. മലപ്പുറത്തുനിന്നു വരെ ആളുകളെത്താറുണ്ടെന്ന് അസീസ് തായിനേരി പറയുന്നു. 
ചന്ദ്രികയും തോറ്റു പോകും, 
മന്ദസ്മിതം ചുണ്ടിൽ 
സതീഷ് ചന്ദ്രൻ സ്ഥാനാർഥിയായി
വന്നു നമ്മുടെ മുന്നിൽ

എന്നാരംഭിക്കുന്ന ഗാനമാണ് സതീഷ് ചന്ദ്രനു വേണ്ടി തയാറായത്. മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളും പുതുതലമുറയെ ഹരം കൊളളിക്കുന്ന ന്യൂജെൻ പാട്ടും പാരഡിയും ഏത് വേണമെങ്കിലും ഇവിടെ റെഡിയാണ്. അഞ്ചു പതിറ്റാണ്ടായി മലബാറിലെ വോട്ടു പാട്ടുകൾക്കു പിന്നിൽ ഈ ഗായകനുണ്ട്. സി.എച്ച്. മുഹമ്മദ് കോയക്കും ഇ. അഹമ്മദിനും ഇ.കെ. നായനാർക്കും രാമചന്ദ്രൻ കടന്നപ്പള്ളിക്കും ഒക്കെ ഏറെ പ്രിയങ്കരമായ ശബ്ദമാണ് അസീസ് തായിനേരിയുടേത്. 1970 ലാണ് എസ്.എസ് റെക്കോഡിംഗ് സ്റ്റുഡിയോ ആരഭിക്കുന്നത്. അന്നു മുതൽ ഇന്നു വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും അസീസ് തായിനേരിയും ടീമും തെരഞ്ഞെടുപ്പു ഗാനങ്ങളൊരുക്കുന്നു. അസീസ് തായിനേരിക്കു പുറമെ, കണ്ണൂർ സീനത്ത്, അസീസിന്റെ മരുമകൻ കൂടിയായ അഷറഫ് പയ്യന്നൂർ, ഹാരിസ് കണ്ണൂർ, ഫൈസൽ എന്നിവരാണ് മുഖ്യ ഗായകർ. കാഞ്ഞങ്ങാട്ടെ അബൂബക്കർ മുറിയാനാവിയാണ് മാപ്പിളപ്പാട്ട് രചയിതാവ്. മുൻകാലങ്ങളിൽ പ്രേംസൂറത്തായിരുന്നു അസീസിന്റെ മുഖ്യ രചയിതാവ്.
പയ്യന്നൂരിനടുത്ത് തായിനേരി സ്വദേശിയായ അസീസ് തായിനേരി, പതിനഞ്ചു വയസ്സു മുതൽ മാപ്പിളപ്പാട്ട് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ദഫമുട്ട്, കോൽക്കളി, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയവ കേരളത്തിനകത്തും ഗൾഫു നാടുകളിലും പരിചയപ്പെടുത്തിയതിനു പിന്നിൽ ഇദ്ദേഹത്തിന്റെ സംഭാവന കൂടിയുണ്ട്. ഒരു കാലത്ത് വടക്കെ മലബാറിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന താരാട്ട് പാട്ട് എന്ന സംഗീത ശാഖയെ ജനകീയമാക്കിയത് ഇദ്ദേഹമാണ്. കാൽ നൂറ്റാണ്ടിലേറെയായി  സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വിധികർത്താക്കളിലൊരാളാണ് അസീസ് തായിനേരി. ഗൾഫ് രാജ്യങ്ങളിൽ അടക്കം നിരവധി വേദികളിൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചു. കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരം, സംഗീതനാടക അക്കാദമി പുരസ്‌കാരം, മോയിൻകുട്ടി വൈദ്യർ സ്മാരക പുരസ്‌കാരം, ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം, കേരള മാപ്പിള സംഗീത അക്കാദമി പുരസ്‌കാരം, കർണാടക സർക്കാർ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
അനീതിക്കെതിരെ നടന്ന സമരങ്ങളുടെയും ചരിത്ര ഗീതങ്ങളാണ് മാപ്പിളപ്പട്ടുകളെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇത് ഒരു കാലഘട്ടത്തിന്റെ, സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലാണ്. എന്നാൽ ഇന്ന് മാപ്പിളപ്പാട്ടിനെ കച്ചവട താൽപര്യം മുൻനിർത്തി എതെല്ലാം വിധത്തിൽ അവഹേളിക്കാൻ സാധിക്കുമെന്നാണ് ചിലർ ചിന്തിക്കുന്നത്. മാപ്പിളപ്പാട്ടിനെ വികൃതമാക്കാൻ ശ്രമിക്കുന്ന പുതു തലമുറയെ പരിഹസിച്ച് അസീസ് തായിനേരി രചിച്ച് സംഗീതം നൽകി പുറത്തിറക്കിയ, 'ആർക്കും പാട്ടെഴുതാമെന്നായി' എന്ന ഗാനം സൂപ്പർ ഹിറ്റാണ്. ആശയമില്ലാത്തതിനാൽ കൊഞ്ചം തമിഴും, തോടാ ഹിന്ദിയും, തഞ്ചം അറബിപ്പാട്ടും മാന്തിച്ചേർത്ത് മാപ്പിളപ്പാട്ടിനെ ഹലാക്കാക്കിയവർക്കുള്ള മറുപടിയാണീ ഗാനമെന്ന് ഇദ്ദേഹം പറയുന്നു. 

Latest News