Tuesday , June   18, 2019
Tuesday , June   18, 2019

കഥയറിയാതെ ഒച്ച വെക്കുന്ന പ്രധാനമന്ത്രി

കോൺഗ്രസ് പ്രചാരണ വിഭാഗം തലവൻ ആനന്ദ് ശർമയുമായി അഭിമുഖം 

ചോ: കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മതേതരം എന്ന വാക്ക് ഉപയോഗിക്കാൻ കോൺഗ്രസ് മടിക്കുകയാണ്. എന്താണ് കാരണം?

ഉ: കോൺഗ്രസിന് മതേരതത്വത്തെ പേടിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ബഹുസ്വരതയെയും വൈജാത്യത്തെയും കുറിച്ചാണ് ഞങ്ങൾ സംസാരിക്കാറ്. പ്രചാരണങ്ങളിൽ എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകാറുണ്ട്. ആ പ്രതിബദ്ധതയിൽനിന്ന് ഞങ്ങൾ ഒരിക്കലും പിന്നോട്ടു പോയിട്ടില്ല. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് അപകടകരമാണ്. ഏതു സമൂഹത്തിനും അത് ഹാനികരമാണ്. അതേസമയം അമ്പലമോ പള്ളിയോ ഗുരുദ്വാരയോ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റ്? പക്ഷേ വോട്ട് തട്ടാനും സമൂഹത്തെ ഭിന്നിപ്പിക്കാനും വിവേചനം വ്യാപിപ്പിക്കാനും മതത്തെ ഉപയോഗിക്കരുത്. 

ചോ: പാർട്ടിയുടെ പ്രചാരണ വിഭാഗം നേതാവണല്ലോ താങ്കൾ? എന്തുകൊണ്ടാണ് നേതാക്കൾ വ്യത്യസ്ത സ്വരത്തിൽ സംസാരിക്കുന്നത്? മോഡിയെ പോലെ ശക്തനായ പ്രധാനമന്ത്രിയല്ല മൻമോഹൻ സിംഗ് എന്നാണ് ഈയിടെ ഷീലാ ദീക്ഷിത് പറഞ്ഞത്.

ഉ: അത് അവരുടെ കാഴ്ചപ്പാടാണ്. നേതാക്കളെ കോൺഗ്രസ് നിയന്ത്രിക്കാറില്ല. ബി.ജെ.പിയാണ് അതു ചെയ്യാറ്. ആർ.എസ്.എസ് തീട്ടൂരം വരുമ്പോൾ അവർ വായടക്കും. വ്യക്തികൾക്ക് കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിലുണ്ട്. ഷീലാ ജി നേരത്തെ ദൽഹി മുഖ്യമന്ത്രിയായിരുന്നു. മുംബൈ ഭീകരാക്രമണത്തിനു ശേഷമുള്ള സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കൊരു കാഴ്ചപ്പാടുണ്ടാവാം. ഞാൻ അന്ന് കേന്ദ്ര സർക്കാരിന്റെ ഭാഗമായിരുന്നു. എനിക്ക് മറ്റൊരു കാഴ്ചപ്പാടാണ്. നമ്മുടെ നയതന്ത്രം എത്രമാത്രം വിജയകരമായിരുന്നുവെന്ന് എനിക്കറിയാം. ലഷ്‌കറെ ത്വയ്യിബയെയും ഹാഫിസ് സഈദിനെയും നേരിടുന്നതിൽ എത്ര വിജയം കണ്ടു എന്നുമറിയാം. 
രാജ്യം കൂടുതൽ സുരക്ഷിതമാണോ എന്ന് നോക്കിയാണ് ഒരു നയത്തിന്റെ വിജയം അളക്കുന്നത്. 2014 നേക്കാളും രാജ്യം അപകടാവസ്ഥയിലാണ് ഇന്ന്. കശ്മീർ അന്നത്തെ അപേക്ഷിച്ച് തിളച്ചുമറിയുകയാണ്. ഇപ്പോഴത്തെ നയം ശരിയാണെങ്കിൽ, എന്തുകൊണ്ടാണ് അതിർത്തിക്കപ്പുറത്തെ ഞങ്ങളുടെ ശത്രുക്കളും പാക്കിസ്ഥാനും അവരുടെ മണ്ണിലെ ഭീകരതയുടെ സംവിധാനങ്ങളെ ഇത്ര മറയില്ലാതെ പിന്തുണക്കുന്നത്? പാക്കിസ്ഥാനെയും ഭീകരതയെയും നേരിടുന്നതിൽ പ്രധാനമന്ത്രിക്ക് കാഴ്ചപ്പാടില്ല. വിഭജനത്തിനു ശേഷം പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിയ ആളാണ് മൻമോഹൻ സിംഗ്. പാക്കിസ്ഥാൻ സന്ദർശനം അദ്ദേഹം ആഗ്രഹിച്ചതാണ്. എന്നാൽ സാഹചര്യം അനുഗുണമല്ലാത്തതിനാൽ അദ്ദേഹം സന്ദർശനം ഒഴിവാക്കി. ഇപ്പോഴത്തെ പ്രധാനമന്ത്രി ലാഹോറിൽ പോയി. ഒരു സല്യൂട്ടോ സ്വീകരണമോ ലഭിച്ചില്ല. പാക്കിസ്ഥാൻ സേന അതിന് വിസമ്മതിച്ചു. അത് എന്റെ രാജ്യത്തെ അപമാനിക്കലല്ലേ? അപ്പോൾ ആരാണ് കരുത്തനായ പ്രധാനമന്ത്രി? നയതന്ത്രമെന്നാൽ ഫോട്ടോ ഷൂട്ടല്ല. നയതന്ത്രമെന്നാൽ ഒച്ചവെക്കലുമല്ല. അത് നിശ്ശബ്ദമായിരിക്കണം. ഫലപ്രദമായിരിക്കണം. പ്രധാനമന്ത്രിക്ക് എല്ലാം പ്രചാരണായുധമാണ്. വിദേശ നയമെന്നാൽ എന്താണെന്നറിയാതെ ഒച്ചവെക്കുന്നയാളാണ് പ്രധാനമന്ത്രി. 

ചോ: തൊഴിലില്ലായ്മ മുതൽ സാമ്പത്തിക വളർച്ച കുറഞ്ഞതു വരെ നിരവധി പ്രശ്‌നങ്ങൾ രാജ്യത്തെ അലട്ടുന്നു. എന്തുകൊണ്ടാണ് കോൺഗ്രസിന് ഈ പ്രശ്‌നങ്ങളൊന്നും ഉയർത്തിക്കൊണ്ടു വരാൻ സാധിക്കാത്തത്? രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് റഫാലിനെക്കുറിച്ചാണല്ലോ?

ഉ: ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ദേശീയ സുരക്ഷ വിഷയമാക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഈ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടു വരണം. സർക്കാരിന്റെ എല്ലാ അവകാശവാദങ്ങൾക്കിടയിലും സാമ്പത്തിക വളർച്ച മുരടിക്കുകയാണ്. 2008-09 ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് രാജ്യം ഭരിച്ചവരാണ് ഞങ്ങൾ. എന്നാൽ കഴിഞ്ഞ വർഷങ്ങളിലൊന്നും അത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നത് ഈ സർക്കാരിന്റെ ഭാഗ്യമാണ്. എണ്ണയുടെയും ചരക്കിന്റെയും ആഗോള വില കുറഞ്ഞിട്ടും ഉപഭോക്താവിനെ കൊള്ളയടിച്ച് സർക്കാർ നേട്ടമുണ്ടാക്കുകയാണ് ചെയ്തത്. മെയ്ക്ക് ഇൻ ഇന്ത്യ എന്ന് കൊട്ടിഘോഷിച്ചപ്പോൾ അതിന്റെ ലോഗൊ വരെ ഇന്ത്യയിൽ നിർമിച്ചതായിരുന്നില്ല. ജനീവയിലെ ഒരു വാച്ച് കമ്പനിയിയുടെ ലോഗൊ മോഷ്ടിച്ചതായിരുന്നു. നാണക്കേടാണ് ഇത്. 
രാഹുൽ ഗാന്ധി റഫാലിനെക്കുറിച്ചു മാത്രമല്ല തൊഴിലില്ലായ്മയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. റഫാലിൽ പ്രധാനമന്ത്രി നേരിട്ട് പ്രതിയാണ്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചും പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ വെട്ടിമാറ്റിയുമാണ് പ്രധാനമന്ത്രി നേരിട്ട് കരാർ മാറ്റിയെഴുതിയത്. പാർലമെന്റിൽ പോലും പ്രധാനമന്ത്രി ഇതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. സഭയിൽ കള്ളം പറഞ്ഞാൽ ചട്ടവിരുദ്ധമാവുമെന്ന് അദ്ദേഹത്തിനറിയാം. 

ചോ: ബി.ജെ.പിയെ നേരിടാൻ ഒറ്റക്കെട്ടായി പൊരുതുമെന്ന് ഓരോ ദിവസവും പ്രതിപക്ഷ നേതാക്കൾ പ്രഖ്യാപിക്കുന്നു. എന്നാൽ യു.പിയിൽ എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരെയും ബംഗാളിൽ തൃണമൂലിനെതിരെയും പൊരുതുകയാണ് നിങ്ങൾ?

ഉ: ഐക്യത്തിനായി ഞങ്ങൾ ശ്രമിക്കാഞ്ഞിട്ടല്ല. തമിഴ്‌നാട്ടിലും ബിഹാറിലും കേരളത്തിലും മഹാരാഷ്ട്രയിലും ഝാർഖണ്ഡിലുമൊക്കെ കോൺഗ്രസ് പ്രതിപക്ഷ ഐക്യം ഉണ്ടാക്കിയിട്ടുണ്ട്. ഇരുനൂറോളം മണ്ഡലങ്ങളിൽ മുന്നണിയായാണ് കോൺഗ്രസ് മത്സരിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ സഖ്യ രൂപീകരണത്തിന് പ്രശ്‌നമുണ്ട്. രാജസ്ഥാനിലും പഞ്ചാബിലും മധ്യപ്രദേശിലുമൊക്കെ ആരെങ്കിലും സഖ്യ വാഗ്ദാനവുമായി വന്നാൽ അത് സ്വീകരിക്കുന്നതിന് കോൺഗ്രസിന് വിഷമമുണ്ട്. കാരണം പരമാവധി സീറ്റുകൾ കോൺഗ്രസ് നേടേണ്ടതുണ്ട്. ഞങ്ങൾക്ക് നേരിട്ട് ബി.ജെ.പിയെ തോൽപിക്കാനാവുമെന്ന് വിശ്വാസമുള്ള സംസ്ഥാനങ്ങളുണ്ട്. ഇത്തരം മേഖലകളിൽ ഇടം വിട്ടുകൊടുക്കാൻ കോൺഗ്രസിനാവില്ല. സഖ്യത്തിലൂടെ എല്ലാ പാർട്ടികൾക്കും നേട്ടമുണ്ടാക്കാനാവുമെന്ന് കരുതുന്ന സ്ഥലങ്ങളിൽ ഞങ്ങളതിന് തയാറായിട്ടുണ്ട്. ബിഹാറിൽ ആർ.ജെ.ഡിയുമായും മഹാരാഷ്ട്രയിൽ എൻ.സി.പിയുമായും ചേർന്നിട്ടുണ്ട്. യു.പി വലിയ സംസ്ഥാനമാണ്. എസ്.പി-ബി.എസ്.പി നിലപാടിനെ ഞങ്ങൾ മാനിക്കുന്നു. എന്നു വെച്ച് മരണം വരിക്കാൻ ഞങ്ങൾക്കാവില്ല. രണ്ട് സീറ്റ് വെച്ചു നീട്ടുന്നവരോട് 78 സീറ്റും നിങ്ങളെടുത്തോ എന്ന് പറയാൻ കഴിയില്ല. 2009 നെക്കുറിച്ച് മറയ്‌ക്കേണ്ട. ഞങ്ങളെല്ലാം വെവ്വേറെ മത്സരിച്ചിട്ടും വേണ്ടിവന്നപ്പോൾ കൈകോർത്തിട്ടുണ്ട്. 2019 ഒരിക്കലും 2014 ആവില്ല. 2014 ആവർത്തിക്കാമെന്നത് മോഡിയുടെയും അമിത് ഷായുടെയും വ്യാമോഹം മാത്രമാണ്. 

ചോ: ബി.ജെ.പിയുടെ റാഞ്ചൽ കോൺഗ്രസിനെ ഭയപ്പെടുത്തുന്നുണ്ടോ?

ഉ: തിരിച്ചും സംഭവിക്കുന്നുണ്ടല്ലോ? കീർത്തി ആസാദിനെ പോലുള്ള സിറ്റിംഗ് എം.പിമാർ കോൺഗ്രസിലേക്ക് വന്നത് മോഡിയുടെയും അമിത് ഷായുടെയും രാഷ്ട്രീയം മടുത്തിട്ടല്ലേ? ഗുജറാത്തിൽ പ്രധാനമന്ത്രിയും അമിത് ഷായും ആത്മവിശ്വാസത്തിലാണെങ്കിൽ എന്തിനാണ് എം.എൽ.എമാരെ മോഷ്ടിക്കുന്നത്? റാഞ്ചൽ അല്ല ഇത് പകൽക്കൊള്ളയാണ്. മണിപ്പൂരിലും ഗോവയിലും അരുണാചൽ പ്രദേശിലും എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതല്ലേ? മധ്യപ്രദേശിലും അതിന് ശ്രമിച്ചു. കർണാടകയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എം.എൽ.എമാരെയും സർക്കാരുകളെയും തട്ടിയെടുക്കുകയെന്നത് ബി.ജെ.പിയുടെ രക്തത്തിലലിഞ്ഞ സ്വഭാവമാണ്. 

Latest News