Tuesday , June   18, 2019
Tuesday , June   18, 2019

അധമന്മാരുടെ അവസരവാദ രാഷ്ട്രീയം 

ആയാറാം ഗയാറാം രാഷ്ട്രീയം വീണ്ടും ശക്തമായി അവതരിപ്പിക്കപ്പെടുന്ന ഘട്ടമാണിപ്പോൾ. രാവേറും വരെയും കോൺഗ്രസായിരിക്കുന്നവർ നേരം പുലരുമ്പോൾ ബിജെപിയിൽ ചേർന്ന് കാവിവസ്ത്രമണിഞ്ഞ് കൈകൂപ്പി നിൽക്കുന്നു. അതിൽ പിസിസി അധ്യക്ഷൻമാരായിരുന്നവർ, എം പി മാരായിരുന്നവർ, കേന്ദ്രമന്ത്രിമാരായിരുന്നവർ ഒക്കെയുണ്ട്. ഏറ്റവുമൊടുവിൽ എ ഐ സി സി വക്താവ് ടോം വടക്കനും കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തി. കർണാടകയിൽ എം എൽ എമാർ കോടിക്കണക്കിന് രൂപയ്ക്ക് മുന്നിൽ വരിവരിയായി നിന്ന് തലകുമ്പിട്ട് കൈകൂപ്പുന്നു. റിസോർട്ടുകളാണ് രക്ഷാകവചം ഒരുക്കുന്നത്. കോൺഗ്രസ് ബി ജെ പിയിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയായി അധഃപതിച്ചു. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുളള പലായനം പോലെ ശക്തമല്ലെങ്കിലും ബിജെപിയിൽനിന്ന് കോൺഗ്രസിലേക്കും മെല്ലെമെല്ലെയുള്ള ഒഴുക്ക് കാണാനാവും. എല്ലാം സീറ്റിനുവേണ്ടിയാണ്. പദവിക്കുവേണ്ടിയാണ്. മന്ത്രിസ്ഥാനത്തിനുവേണ്ടിയാണ്. കാറ്റ് എങ്ങോട്ടേക്ക് വീശുന്നുവോ അങ്ങോട്ടേക്ക് ചാഞ്ഞുമറിയുന്നവർ. സ്ഥാനാർഥിയാവാൻ ഞാൻ മുന്നേ മുന്നേ എന്ന് മന്ത്രിച്ച് കോൺഗ്രസുകാർ തിക്കും തിരക്കും കൂട്ടിയപ്പോൾ കോൺഗ്രസ് തിക്കും തിരക്കും കുറയ്ക്കാൻ പുതിയ സംവിധാനം ആവിഷ്‌കരിച്ചു. സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്നവർ 50,000 രൂപയും ഒരു ലക്ഷം രൂപയും നൽകി അപേക്ഷകൾ സമർപ്പിക്കണം. പക്ഷേ തിരക്ക് കുറഞ്ഞതേയില്ല. എത്ര പണവും അടയ്ക്കാൻ കോൺഗ്രസുകാർ സന്നദ്ധർ. കോൺഗ്രസുകാർക്കോ പണത്തിന് പഞ്ഞം?
പക്ഷേ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ പല മണ്ഡലങ്ങളിലും കോൺഗ്രസുകാർ ഒളിച്ചോട്ടത്തിന്റെ കുതിച്ചു പായലിലാണ്. എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാർഥി പ്രഖ്യാപനം പറഞ്ഞ തിയതിയും കടന്ന് നീണ്ടുനീണ്ടു പോകുന്നു. ഈ അനിശ്ചിതത്വത്തിന് എന്ന് വിരാമമാവുമെന്ന് ഒരു കോൺഗ്രസ് നേതാവിനും നിശ്ചയമില്ല. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മലയാളിയായ കെ സി വേണുഗോപാൽ ആ സ്ഥാനം ഏറ്റെടുത്ത് മാസങ്ങൾക്കുശേഷവും മാധ്യമങ്ങളോട് പറഞ്ഞു; 'മത്സരിക്കുന്നെങ്കിൽ ആലപ്പുഴയിൽ തന്നെ'. പക്ഷേ ഇടതുമുന്നണി സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ കെ സി വേണുഗോപാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 'ഇല്ല, ഇത്തവണ മത്സരിക്കില്ല' കട്ടായമായി അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തിന്റെ കാരണങ്ങളും അദ്ദേഹം വ്യക്തമാക്കി. 
എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥാനാർഥികളെ നിശ്ചയിക്കണം. രാജ്യത്താകെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കണം. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് രൂപകൽപന നടത്തണം. വിശിഷ്യാ കർണാടക സംസ്ഥാനത്തിന്റെ സവിശേഷ ചുമതല നിർവഹിക്കണം. അതുകൊണ്ട് താനില്ലേയില്ല. പിന്നെന്തിനാണ് മത്സരിക്കുന്നെങ്കിൽ ആലപ്പുഴയിൽ നിന്നുതന്നെ എന്ന് പുരപ്പുറത്തു കയറി നിന്ന് കൂവിയാർത്തത്? മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നു. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന്. മത്സരിക്കാനില്ലെന്ന് പറയുന്ന വേണുഗോപാൽ വയനാട് സീറ്റിനു വേണ്ടിയുള്ള മല്ലയുദ്ധത്തിലായിരുന്നു എന്നതാണ് യാഥാർഥ്യം.
മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വടകരയിൽ മത്സരിക്കണമെന്ന് കോൺഗ്രസുകാരാകെ കേണപേക്ഷിക്കുന്നുവത്രേ! പക്ഷേ മുല്ലപ്പള്ളി പറയുന്നു, താൻ മത്സരിക്കില്ലെന്ന്. അദ്ദേഹത്തിനുമുണ്ട് ന്യായവാദം. ഇരുപത് പാർലമെന്റ് മണ്ഡലത്തിലും അദ്ദേഹം ഓടിയെത്തിയാലേ യുഡിഎഫിന് വിജയിക്കാനാവൂ. വടകര മണ്ഡലത്തിൽ മാത്രം ഒതുങ്ങിപ്പോയാൽ പത്തൊമ്പത് മണ്ഡലങ്ങളും തോറ്റുപോവും. താൻ മാത്രം ജയിക്കുകയും പത്തൊമ്പത് മണ്ഡലങ്ങൾ തോൽക്കുകയും ചെയ്താൽ തന്റെ കരള് കരിഞ്ഞുപോകുമെന്നാണ് മുല്ലപ്പള്ളിയുടെ നീതിസാരം.
കണ്ണൂരിൽ വീണ്ടും മത്സരിക്കുമെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കെ സുധാകരനും വീണ്ടുവിചാരമുണ്ടായി. ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സുധാകരൻ കാരണമായി പറഞ്ഞത് വ്യക്തിപരമായി ഒട്ടേറെ അസൗകര്യങ്ങളുണ്ടെന്നാണ്. പക്ഷേ പിന്നീട് സ്ഥാനാർഥിയായി.
ഉമ്മൻചാണ്ടിയെ കോട്ടയത്തോ ഇടുക്കിയിലോ മത്സരിപ്പിക്കണമെന്ന് കോൺഗ്രസുകാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വീണ്ടും മുഖ്യമന്ത്രിയാകേണ്ട ഉമ്മൻചാണ്ടിയെ നാടുകടത്താനുള്ള രമേശ് ചെന്നിത്തലയുടെ ആസൂത്രിത ഗൂഢനീക്കമാണിതെന്ന് എ ഗ്രൂപ്പിലെ സൈദ്ധാന്തികർ ഉമ്മൻചാണ്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങൽ വേണ്ട, ആലപ്പുഴയിൽ പോയാൽ മതി എന്ന കോൺഗ്രസ് നിർദ്ദേശത്തോട് പണി തന്നോട് വേണ്ടെന്നാണ് അടൂർ പ്രകാശിന്റെ മറുപടി.
തിരുവനന്തപുരം മണ്ഡലത്തിൽ ബി ജെ പിയിൽ കാമുകൻമാർ ധാരാളമായിരുന്നു. കഥയൊന്നുമില്ലെങ്കിലും അവർ പരസ്പരം പോരടിച്ചു. ശബരിമല വിഷയത്തിൽ അനുനിമിഷം മാറിമാറിയുള്ള പ്രസ്താവനകൾ നടത്തി വർത്തമാനകാല രാഷ്ട്രീയ കോമാളിയായി മാറിത്തീർന്ന ബി ജെ പി അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്ക് മോഹം. സന്നിധാനത്ത് വൃദ്ധയുടെ തലയിലേക്ക് നെയ്‌ത്തേങ്ങ വലിച്ചെറിയുകയും റാന്നി പൊലീസ് സ്‌റ്റേഷനിൽ ഇരുമുടിക്കെട്ട് തറയിലേക്കിടുകയും ചെയ്ത കെ. സുരേന്ദ്രന് മോഹം. പക്ഷേ ഇരുവരുടെയും മോഹം കുമ്മനം തകർത്തുകളഞ്ഞു. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച്, കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തെത്തി. 
കേരള കോൺഗ്രസ് മാണിയിൽ ചെന്നുപെട്ടുപോയ പാതകത്തിന്റെ പിഴ ഏറ്റെടുക്കുകയാണ് പി ജെ ജോസഫ്. ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും മാണിയും ജോസ് കെ മാണിയും അടിച്ചുകൊണ്ടുപോയി. എനിക്ക് സീറ്റുവേണം, എനിക്ക് സീറ്റുവേണം എന്ന് പി ജെ ജോസഫ് പരസ്യമായി യാചിച്ചിട്ടും കെ എം മാണിയുടെ ചെവിയിൽ മന്ത്രിച്ച് ജോസ് കെ മാണി ജോസഫിനെ വെട്ടിനിരത്തി. ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ കലാശാലകളിൽ വ്യസനവും വേദനയും പങ്കുവയ്ക്കുകയാണ് പി ജെ ജോസഫും കൂട്ടരും. 

Latest News