Tuesday , June   18, 2019
Tuesday , June   18, 2019

തൊഴിലില്ലായ്മ, വിലക്കയറ്റം - മോഡി സർക്കാരിന്റെ മുഖമുദ്ര

അധികാരത്തിലെത്തി ആദ്യദിനം മുതൽ മോഡി സർക്കാർ അദാനിമാരുടേയും അംബാനിമാരുടേയും താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കോർപ്പറേറ്റുകളാണ് മോഡി സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്. ജനവിരുദ്ധമായ നരേന്ദ്ര മോഡി സർക്കാരിനെ പുറത്താക്കാനുള്ള അവസരമാണ് ഇപ്പോൾ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ നാലരവർഷത്തെ മോഡി ഭരണത്തിൽ തൊഴിലവസരങ്ങളുടെ എണ്ണം കുറഞ്ഞു. നോട്ട് പിൻവലിക്കൽ നടപടി സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചു. സംഘടിത, അസംഘടിത മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. വ്യവസായ, വ്യാപാര മേഖലകളിലെ നിക്ഷേപം ഗണ്യമായി കുറഞ്ഞുവെന്ന് സർക്കാരിന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായും ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തെറ്റായ സാമ്പത്തിക നയങ്ങൾ തിരുത്തുന്നതിന് പകരം തൊഴിലില്ലായ്മ സംബന്ധിച്ച രേഖകളും കണക്കുകളും തിരുത്താൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു. ഇതേ തുടർന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷന്റെ ആക്ടിങ് ചെയർമാൻ ഉൾപ്പെടെ രണ്ടുപേർ രാജിവച്ചു. ആക്ടിങ് ചെയർമാൻ പി സി മോഹനനും കമ്മിഷൻ അംഗവും ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്‌സിലെ പ്രൊഫസറുമായ മീനാക്ഷിയും ജനുവരി 19ന് രാജിവച്ചു. ഇരുവരേയും കമ്മിഷൻ അംഗങ്ങളായി 2017 ജൂണിൽ മോഡി സർക്കാർ തന്നെയാണ് നിയമിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലെന്നാണ് കഴിഞ്ഞ കുറച്ച് കാലമായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പറയുന്നത്. എന്നാൽ തൊഴിലില്ലാത്തവരുടെ എണ്ണം ഗണ്യമായി വർധിച്ചു. തൊഴിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ അംഗങ്ങളുടെ എണ്ണം വർധിച്ചുവെന്ന പുതിയ സിദ്ധാന്തം ഉദ്ധരിച്ചാണ് തൊഴിലില്ലായ്മ കുറഞ്ഞുവെന്ന ജെയ്റ്റ്‌ലിയുടെ നിരീക്ഷണം. 
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നാണ് ജെയ്റ്റ്‌ലിയുടെ ഭാഷ്യം. ഇത് ശുദ്ധ അസംബന്ധമാണ്. പത്ത് തൊഴിലാളികളുള്ള സ്ഥാപനങ്ങൾ പോലും ഇപിഎഫിൽ അംഗത്വമെടുക്കണമെന്ന ഉത്തരവ് മോഡി സർക്കാരാണ് കൊണ്ടുവന്നത്. ഇപ്പോൾ അംഗമായവരിൽ ഭൂരിഭാഗം പേരും പ്രായം ചെന്നവരും അംഗത്വമെടുക്കാൻ നിർബന്ധിതരായവരുമാണ്. ഇതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ലെന്ന യാഥാർഥ്യമാണ് പുറത്തുവരുന്നത്.
അത് പോലെത്തന്നെ, തെരഞ്ഞെടുപ്പ് ഗിമ്മിക്കുകൾക്കിടെ, അഴിമതിയോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന നരേന്ദ്ര മോഡി സർക്കാർ വാദം അംഗീകരിക്കാനും ആരും തയ്യാറാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ നാലര വർഷത്തിനിടെ നടന്ന രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് റഫാൽ ഇടപാട്. യഥാർഥ പ്രശ്‌നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വ്യത്യസ്ത മേലങ്കികളാണ് ഇവർ അണിയുന്നത്. 
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മൂന്ന് സുപ്രധാനമായ ചോദ്യങ്ങളാണ് ഉയരുന്നത്. ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മോഡി സർക്കാർ തയ്യാറാകുന്നില്ല. എന്തിനാണ് റഫാൽ വിമാനങ്ങളുടെ എണ്ണം 126 ൽ നിന്നും 36 ആയി കുറച്ചത് എന്നതാണ് ആദ്യത്തെ ചോദ്യം. ഇതിലൂടെ രാജ്യസുരക്ഷ അപകടത്തിലായി. 126 വിമാനങ്ങളുടെ വിലയാണ് 36 വിമാനങ്ങൾക്ക് നൽകുന്നത്. ഇതിനുള്ള കാരണം എന്തെന്നതാണ് രണ്ടാമത്തെ ചോദ്യം. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസിനെ ഒഴിവാക്കി അനിൽ അംബാനിയുടെ കമ്പനിയെ ഓഫ്‌സെറ്റ് പങ്കാളിയായി ഉൾപ്പെടുത്തിയത് എന്തിനാണ്. ഒന്നും ചെയ്യാതെ അനിൽ അംബാനിക്ക് സർക്കാരിൽ നിന്നും 30000 കോടി രൂപയാണ് ലഭിച്ചത്.
കാവൽക്കാരൻ കള്ളനായി എന്ന മുദ്രാവാക്യം ഇന്ന് രാജ്യത്തെ ജനങ്ങൾക്ക് ഏറെ സുപരിചിതമായി. തങ്ങളുടെ പരാജയം മറയ്ക്കാനും യഥാർഥ പ്രശ്‌നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും സർക്കാർ അനുകൂലികളും ഈ മുദ്രാവാക്യം ഉപയോഗിക്കുന്നു. 
തെറ്റുകൾ സ്വയം ബോധ്യപ്പെട്ട് തിരുത്തുന്നതിന് പകരം അവയെ യുക്തിരഹിതമായ വാദങ്ങൾ ഉയർത്തി ന്യായീകരിക്കുന്നു. മറ്റ് മന്ത്രിമാരും ഇതു തന്നെയാണ് ചെയ്യുന്നത്. ഇപ്പോൾ യുവാക്കളും വിദ്യാർഥികളും തൊഴിൽ ആവശ്യപ്പെട്ട് തെരുവിലിറങ്ങി. ഇവരെ സർവകലാശാല അധ്യാപകരും അനുകൂലിക്കുന്നു. അധ്യാപകരും സമരത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസത്തെ രക്ഷിക്കുക, ജനാധിപത്യത്തെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം.
സൗജന്യവും, നിർബന്ധിതവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം നടപ്പാക്കുക, ഭഗത് സിങ് ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥി സംഘടനകൾ ഉന്നയിക്കുന്നത്. വിദ്യാഭ്യാസം സംരക്ഷിക്കുക, സർവകലാശാല കാമ്പസുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ആൻഡ് കോളജ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം.
നഴ്‌സറിതലം മുതൽ ബിരുദാനന്തര ബിരുദതലം വരെയുള്ള ക്ലാസുകളിലെ അധ്യാപകരുടെ സംയുക്ത സംഘടനകൾ, പൊതുജന കൂട്ടായ്മകൾ ഉൾപ്പെടെയുള്ള വിവിധ ജനസമൂഹങ്ങൾ തികച്ചും ചരിത്രപരമായ പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട്.
തൊഴിലില്ലായ്മ പോലെ നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന മറ്റൊരു പ്രതിഭാസമായി മാറി വിലക്കയറ്റം. മുൻ സർക്കാരുകൾ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികൾ സ്വീകരിക്കുന്നതായി അഭിനയിച്ചു. എന്നാൽ മോഡി മന്ത്രിസഭയിലെ അംഗങ്ങൾ വിലക്കയറ്റത്തെ നാണമില്ലാതെ ന്യായീകരിക്കുന്നു. കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദന ചെലവുപോലും വിലയായി കിട്ടാത്ത അവസ്ഥയിലാണ് രൂക്ഷമായ വിലക്കയറ്റം. ഓരോ വർഷവും ഉയർന്ന വില നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു.
അധികാരത്തിലെത്തി ആദ്യദിനം മുതൽ മോഡി സർക്കാർ അദാനിമാരുടേയും അംബാനിമാരുടേയും താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കോർപ്പറേറ്റുകളാണ് മോഡി സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്. ജനവിരുദ്ധമായ നരേന്ദ്ര മോഡി സർക്കാരിനെ പുറത്താക്കാനുള്ള അവസരമാണ് ഇപ്പോൾ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. 

Latest News