Tuesday , June   18, 2019
Tuesday , June   18, 2019

പ്രഹസനമാവുന്ന പ്രവാസി ക്ഷേമം   

പരദേശിക്കായി  മാത്രം ഒരു വകുപ്പ് അതാണ് പ്രവാസി കാര്യ വകുപ്പ്. 1996ൽ രൂപീകരിച്ചു കൃത്യം 12 വർഷം കഴിഞ്ഞപ്പോൾ പിറവി എടുത്തു നോൺ റസിഡന്റ്  കേരളൈറ്റ്‌സ് ഐഡി കാർഡ്. (2008 ഓഗസ്റ്റിൽ) കാർഡുള്ള വ്യക്തിയ്ക്ക്  അപകട മരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ, കൂടാതെ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ കീഴിൽ പ്രവാസി കേരളീയ ക്ഷേമ പദ്ധതി. 11 വർഷം  കഴിഞ്ഞപ്പോൾ ഐഡികാർഡ് കാണിച്ചാൽ സുൽത്താനേറ്റ് ഓഫ് ഒമാൻ  നാഷണൽ കാരിയറായ ഒമാൻ വിമാന ടിക്കറ്റിനു ഇളവും പ്രാബല്യത്തിലായി.  അഭിനന്ദനാർഹം തന്നെ. കഴിഞ്ഞ വർഷം ഒരു ലോക കേരളാ സഭയും. ഇത്രയുമായാൽ പ്രവാസി കാര്യ വകുപ്പായി.  ഒമാൻ എയർലൈസിനു 7% ഡിസ്‌കൗണ്ട്. കാർഡുടമക്കും സഹധർമ്മിണിക്കും 18ന് വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഒമാൻ എയറിന്റെ ഓഫീസുകൾ വഴിയുംഅവരുടെ വെബ് സൈറ്റ് ലിങ്കിൽ നോർക് 2018 എന്ന പ്രമോഷൻ കോഡ് നൽകിയും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.  നോർക്ക ഐഡി കാർഡ് ഒരു തിരിച്ചറിയൽ കാർഡായി കീശയിലിട്ടു നടക്കുമ്പോൾ വീണു കിട്ടിയ ഒരു സൗഭാഗ്യമായാണ് പരദേശി ഒമാൻ വിമാന ടിക്കറ്റിനുള്ള  ഇളവ് കണക്കാക്കുന്നത്. മറ്റു വിമാനക്കമ്പനികൾക്കു കൂടി ഇത് നടപ്പിലാക്കിയാൽ അത് വലിയ ആശ്വാസമായേനെ. പ്രത്യേകിച്ച് ഇന്ത്യൻ വിമാന കമ്പനികളായ ഇന്ത്യൻ എയർലൈൻസ്, ജെറ്റ് എയർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയവ. അതല്ലാതെ വലതും ഇടതും മുന്നണി സർക്കാറുകൾ  വർഷങ്ങൾ പറഞ്ഞുതീർത്ത സാമ്പാറും ചട്ടിണിയും  നെയ്‌ച്ചോറും വിളമ്പുന്ന 'എയർ കേരളാ' എന്നൊക്കെ പറഞ്ഞു കാലം തീർക്കലല്ലാതെ മറ്റൊന്നുമാവില്ല.
സർക്കാരിനോ മറ്റു ഏജൻസികൾക്കോ ഒരു രൂപ പോലും ചെലവില്ലാതെ നോർക്ക കാർഡുള്ള പ്രവാസിയെ ചെറിയ അവധിക്കു നാട്ടിലെത്തുന്ന സമയത്ത് വിവിധങ്ങളായ ഓഫീസുകളിൽ  നിന്ന് തനിക്ക് ലഭ്യമാവേണ്ട സേവനങ്ങൾക്കായി കയറിയിറങ്ങി നടക്കുമ്പോൾ വേഗത്തിൽ സേവനം ലഭിക്കാൻ (ഔട്ട് ഓഫ് ടേൺ പ്രയോറിറ്റി) ഒരു മുൻഗണന നൽകണമെന്ന ഉത്തരവ് നൽകി സഹായിക്കാവുന്നതാണ്. ഇത് വഴി വർഷങ്ങളോളം കാത്തിരിക്കുന്ന പല നിസ്സാര കാര്യങ്ങളും പരദേശിക്ക് എളുപ്പമായെനെ. ലോക കേരളാ സഭയുടെ കഴിഞ്ഞ മാസം ദുബായിൽ നടന്ന ഈ വർഷത്തേ പശ്ചിമേഷ്യൻ മേഖല സമ്മേളനത്തിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലിപറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: -നമ്മുടെ സർക്കാരാഫീസുകളിൽ നിന്ന്  സേവനങ്ങൾ ഒന്നും സമയത്തിന്  ലഭ്യമാവുന്നില്ല, അഥവാ ലഭ്യമായാൽ അതിന്റെ പിന്നിൽ അഴിമതി എന്നൊക്കെ ആരോപിച്ചു നടപ്പിലാക്കാൻ പോവുന്ന പദ്ധതികളെ തുരങ്കം വെക്കുന്നു.-  ഇത് അദ്ദേഹത്തിന്റെ  അനുഭവമാണെങ്കിൽ പാവപ്പെട്ട പ്രവാസിയുടെ സ്ഥിതി എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരത്തിൽ നോർക്ക കാർഡ് പ്രവാസിയുടെ ദൈനം ദിന കാര്യങ്ങൾക്കുപയുക്തമാവുന്ന രീതിയിൽ ആക്കി തീർത്താൽപരദേശിയെ മുഴുവനായും നോർക്കയുമായി ബന്ധിപ്പിക്കുവാൻ സാധിച്ചേനെ. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ പ്രവാസിയെക്കുറിച്ചുള്ള വ്യക്തമായ കണക്കുകളും ഈ വകുപ്പിന് ലഭ്യമായേനെ. സർക്കാരിന് ഒരു സാമ്പത്തിക നഷ്ടവുമില്ലാതെ പരദേശിയെ സഹായിക്കാൻ ഏറ്റവും നല്ല ഒരു മാർഗ്ഗമായി ഉപയോഗപ്പെടുത്തുകയുമാവാം.
പ്രവാസി കേരളീയ ക്ഷേമ പദ്ധതിയിൽ വിദേശത്തുള്ളവൻ മാസാമാസം 300 രൂപയും മടങ്ങി വന്ന പ്രവാസിയും ഇന്ത്യയിലെ ഇതര സംസ്ഥാനത്തുള്ളവൻ 100 രൂപയും അംശദായം അടച്ചു പോരുന്നു. എന്നാൽ എല്ലാവർക്കും 2000 രൂപ മാത്രമാണ് പെൻഷൻ ലഭ്യമാവുന്നത്. അംശാദായത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ തുക ഉയർത്തുകയും മിനിമം പെൻഷൻ 5000 രൂപയെങ്കിലുമാക്കണമെന്ന ഏറെ നാളത്തെ  പ്രവാസിയുടെ ആവശ്യം പരിഗണിക്കപ്പെടാതെ തന്നെ കിടക്കുകയാണ്. 2018-2019 കാലയളവിലെ ബജറ്റിലാണ് എല്ലാവർക്കും ഒരേ രീതിയിൽ പെൻഷൻ നടപ്പിലാക്കിയത്. പ്രവാസ ലോകത്ത് നിന്ന് അത്യാഹിതം സംഭവിച്ചാൽ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ഉറപ്പു വരുത്തുക, മരിച്ച പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് നോർക്കയുടെ കാരുണ്യം പദ്ധതിയിലെ നിലവിലെ വ്യവസ്ഥകൾ ലഘൂകരിക്കുക, ക്ഷേമനിധി അംഗത്തിന് മരണമോ അപകടമോ സംഭവിച്ചാൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് സർക്കാർ ഏജൻസി വഹിക്കുക എന്നീ വിഷയങ്ങളും പരിഗണിക്കാവുന്നതാണ്. 
 

Latest News