Sunday , May   26, 2019
Sunday , May   26, 2019

നാലു ദിവസത്തിന് 6 ലക്ഷം, ഞങ്ങള്‍ക്ക് കളിക്കണം -ഗോകുലം

ഭുവനേശ്വര്‍ - എ.ഐ.എഫ്.എഫിന്റെ ചിറ്റമ്മ നയത്തില്‍ രോഷാകുലരായി ഐ-ലീഗ് ഫുട്‌ബോള്‍ ക്ലബ്ബുകള്‍. സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്‍ ടീമുകള്‍ക്കെതിരെ ഇന്ന് കളിക്കേണ്ട ഗോകുലം കേരളാ എഫ്.സിയും ഐസ്വാള്‍ എഫ്.സിയും വാക്കോവര്‍ നല്‍കും. കളിക്കാന്‍ അതിയായ താല്‍പര്യമുണ്ടെന്നും തങ്ങളുമായി കൂടിക്കാഴ്ചക്ക് സമ്മതിച്ചാല്‍ തന്നെ മത്സരത്തിന് ഇറങ്ങാമെന്നും ഗോകുലം കേരള പ്രസിഡന്റ് വി.സി പ്രവീണ്‍ പറഞ്ഞു. എന്തുകൊണ്ട് മത്സരത്തലേന്നത്തെ പതിവ് പത്രസമ്മേളനത്തിന് എത്തിയില്ലെന്നാണ് എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ ചോദിച്ചത്. കൂടിക്കാഴ്ചക്ക് ഒരു സമയം നിശ്ചയിച്ചാല്‍ മതി ടൂര്‍ണമെന്റില്‍ കളിക്കാന്‍ സന്നദ്ധമാണെന്ന് മറുപടി നല്‍കി. അപൂര്‍വമായാണ് ഞങ്ങള്‍ക്ക് ടൂര്‍ണമെന്റുകള്‍ കിട്ടുന്നത്. പത്തു മാസത്തോളം കളിക്കാര്‍ക്ക് ഞങ്ങള്‍ പ്രതിഫലം നല്‍കുന്നു. ആകെ കളിക്കുന്നത് ഐ-ലീഗിലും ഏതാനും ആഭ്യന്തര ടൂര്‍ണമെന്റുകളിലുമാണ്. അതിനാല്‍ സൂപ്പര്‍കപ്പില്‍ കളിക്കാന്‍ അതിയായ താല്‍പര്യമുണ്ട്. സൂപ്പര്‍ കപ്പിലെ നാലു ദിനങ്ങള്‍ക്കായി ആറ് ലക്ഷത്തോളം രൂപയാണ് ചെലവ്. കളിക്കേണ്ടെന്നാണ് തീരുമാനമെങ്കില്‍ അപ്പോള്‍ തന്നെ സ്ഥലം വിടുമായിരുന്നു. കൂടിക്കാഴ്ചക്ക് ഞങ്ങള്‍ സമയം ചോദിക്കുന്നത് ഇപ്പോഴല്ല. മൂന്നു മാസമായുള്ള ആവശ്യമാണ്. സൂപ്പര്‍കപ്പിനിടയില്‍ പോലും അതിന് തയാറല്ലെങ്കില്‍ ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ഞങ്ങളെ അവഗണിക്കും. അടുത്ത ലീഗിന് തൊട്ടുമുമ്പ് മത്സരക്രമം ഞങ്ങള്‍ക്കയച്ച് മിണ്ടാതിരിക്കും -പ്രവീണ്‍ പറഞ്ഞു. ക്ലബ്ബുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നത് സംസ്ഥാന അസോസിയേഷനുകളിലാണെന്നും തങ്ങള്‍ സംസാരിക്കേണ്ടതില്ലെന്നുമുള്ള കൈകഴുകല്‍ നിലപാടിലാണ് എ.ഐ.എഫ്.എഫ്. രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗായി ഐ.എസ്.എല്ലിനെ മാറ്റുകയാണ് ലക്ഷ്യം. റിലയന്‍സ് ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ബോര്‍ഡാണ് എ.ഐ.എഫ്.എഫിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍. അവര്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ഐ-ലീഗ് ക്ലബ്ബുകളുടെ പ്രധാന പരാതി.

Latest News