Tuesday , May   21, 2019
Tuesday , May   21, 2019

മാവോവാദി-പോലീസ് ഏറ്റുമുട്ടൽ: റിസോർട്ട് വളപ്പിൽ  മനുഷ്യവകാശ സംഘത്തിന് പ്രവേശനം അനുവദിച്ചില്ല

മനുഷ്യാവകാശ പ്രവർത്തകർ കൽപറ്റയിൽ വാർത്താസമ്മേളനത്തിൽ. 

കൽപറ്റ - മാർച്ച് ആറിന് രാത്രി ഒരാളുടെ മരണത്തിനു ഇടയാക്കിയ മാവോയിസ്റ്റ്- പോലീസ് എറ്റുമുട്ടൽ നടന്ന ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ മനുഷ്യാവകാശ സംഘടനകൾ നിയോഗിച്ച വസ്തുതാന്വേഷണ സംഘത്തിനു പോലീസ് പ്രവേശനം അനുവദിച്ചില്ല. റിസോർട്ട് ജീവനക്കാരുമായി സംസാരിക്കണമെന്ന സംഘത്തിന്റെ ആവശ്യവും പോലീസ് നിരസിച്ചു. സംഘം റിസോർട്ട് വളപ്പിൽ കയറുന്നതിനെതിരെ നാട്ടുകാരിൽ ഒരു വിഭാഗവും രംഗത്തുവന്നു. 
പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിലെ അഡ്വ. തുഷാർ നിർമൽ സാരഥി, സുജ ഭാരതി, തമിഴ്‌നാട് സിവിൽ ലിബർട്ടീസ് കമ്മിറ്റി (സി.എൽ.സി) പ്രവർത്തകരായ അഡ്വ. അലാവുദ്ദീൻ, അഡ്വ. രാജ, സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡമോക്രാറ്റിക് റൈറ്റ്‌സ് (സി.പി.ഡി.ആർ) പ്രതിനിധി എസ്. ഗോപാൽ, സഖാവ് വർഗീസ് അനുസ്മരണ സമിതി കൺവീനർ ഗ്രോ വാസു, പോലീസ് അതിക്രമങ്ങൾക്കെതിരായ വിദ്യാർഥി- യുവജന കൂട്ടായ്മയുടെ കൺവീനർ ശ്രീകാന്ത് ഉഷ പ്രഭാകരൻ, മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി.ജി. ഹരി എന്നിവരടങ്ങുന്നതായിരുന്നു സംഘം. 
ഇന്നലെ രാവിലെ പതിനൊന്നോടെ സംഘം റിസോർട്ട് പരിസരത്ത് എത്തുമ്പോൾ കമ്പളക്കാട് എസ.്‌ഐയുടെ നേതൃത്വത്തിൽ  പോലീസ് സ്ഥലത്തുണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തിയ വസ്തുതാന്വേഷണ സംഘം വെടിവയ്പ്പ് നടന്ന സ്ഥലം കാണണമെന്നും ജീവനക്കാരുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. ഇതിനിടെയാണ് പെട്ടെന്ന് സംഘടിച്ചെത്തിയ ചില നാട്ടുകാരും സംഘത്തിനെതിരെ തിരിഞ്ഞത്. ലക്കിടിക്കു പുറമേ സുഗന്ധഗിരിയിൽനിന്നുള്ളവരും നാട്ടുകാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. റിസോർട്ട് വളപ്പിൽ പ്രവേശനം ലഭിക്കുന്നതിനു സംഘം വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലെത്തിയതും  ജില്ലാ പോലീസ് മേധാവിയെ ടെലിഫോണിൽ  ബന്ധപ്പെടാൻ ശ്രമിച്ചതും വെറുതെയായി. സംഘാംഗങ്ങൾ നിരവധി തവണ വിളിച്ചെങ്കിലും അവധിയിലായിരുന്ന ജില്ലാ പോലീസ് മേധാവി ഫോൺ എടുത്തില്ല. ഒടുവിൽ സംഘം അഡീഷണൽ എസ്.പി കെ.കെ. മൊയ്തീനെ നേരിൽക്കണ്ട് ആവശ്യം ഉന്നയിച്ചതും ഫലം ചെയ്തില്ല. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണെന്ന് പറഞ്ഞ് അഡീഷണൽ എസ്.പിയും ഒഴിഞ്ഞു. റിസോർട്ട് പരിസരത്ത് ആക്രോശങ്ങളുമായി തങ്ങൾക്കെതിരെ രംഗത്തുവന്നത് സി.പി.എമ്മുകാരാണെന്ന് സംഘാംഗങ്ങൾ ആരോപിച്ചു. ഏറ്റുമുട്ടൽ സ്ഥലം സന്ദർശിക്കാൻ അനുവദിക്കാതിരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ കൂട്ടായി നിയോഗിച്ച വസ്തുതാന്വേഷണ സംഘങ്ങൾ കശ്മീരിലടക്കം തടസമില്ലാതെ സ്ഥല പരിശോധന നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഏറ്റുമുട്ടൽ നടന്നതിനുശേഷം ഉപവൻ റിസോർട്ട് വളപ്പിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് മാധ്യമവപ്രവർത്തകരെയും പോലീസ് അനുവദിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീലാണ് (40) റിസോർട്ട് വളപ്പിൽ പോലീസ് വെടിയേറ്റു മരിച്ചത്. 
മാർച്ച് ഏഴിന് ഉച്ചയോടെ മാനന്തവാടി ആർ.ഡി.ഒ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയായശേഷം ഉത്തരമേഖല ഐ.ജി ബൽറാംകുമാർ ഉപാധ്യായയുമായി സംസാരിക്കുന്നതിനടക്കം മാധ്യമപ്രവർത്തകർക്ക് ഏകദേശം 15 മിനിറ്റാണ് ലഭിച്ചത്. ഐ.ജിയുടെ ബ്രീഫിംഗ് അവസാനിച്ചയുടൻ പോലീസ് മാധ്യമപ്രവർത്തകരെ റിസോർട്ട് വളപ്പിൽനിന്നു പുറത്താക്കുകയായിരുന്നു.  
അതിനിടെ, സി.പി. ജലീൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേസെടുത്തു അന്വഷണം നടത്തുന്നതിനു ഉത്തരവു തേടി കോടതിയെ സമീപിക്കുമെന്ന് മനുഷ്യാവകാശ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
റിസോർട്ടിൽ നടന്ന വെടിവയ്പ്പിലും ജലീലിന്റെ മരണത്തിലും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. യാഥാർഥ്യം നിഷ്പക്ഷമായി അന്വേഷിച്ചു റിപ്പോർട്ട് പൊതുജന സമക്ഷം സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ലക്കിടിയിലെത്തിയതെന്ന് അവർ പറഞ്ഞു.
ഉപവൻ റിസോർട്ട് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ്  കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസന്റെ മേൽനോട്ടത്തിൽ  അന്വേഷിക്കുന്നത്. റിസോർട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയതിനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നതിനായി പണം പിരിച്ചതിനുമാണ് കേസുകളിൽ ഒന്ന്. പോലീസുകാരെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചതിനാണ് രണ്ടാമത്തേത്. എന്നാൽ ജലീലിന്റെ മരണത്തിൽ പ്രത്യേകം കേസെടുത്തിട്ടില്ല. 
പി.യു.സി.എൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് 2015ൽ സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസുമായുള്ള ഏറ്റമുട്ടലും മരണങ്ങളും ഉണ്ടാകുന്ന സംഭവങ്ങളിൽ പ്രതികൾക്കെതിരെ മാത്രമല്ല, പോലീസിനെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. ഏറ്റമുട്ടലിൽ പോലീസ് സംഘത്തിന് നേതൃത്വം നൽകിയ ആളെക്കാൾ  ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും സുപ്രീം കോടതി നിർദേശമുണ്ട്. ഇതിന്റെ ലംഘനമാണ് ലക്കിടി സംഭവത്തിൽ കണ്ടത്. സുപ്രീം കോടതി നിർദേശങ്ങളെ പോലും അംഗീകരിക്കാത്ത പോലീസ് സംവിധാനമാണ് കേരളത്തിലുള്ളത്. ഇത് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും നിഷേധിക്കുന്നതിനു തുല്യമാണ്. 
ഏറ്റുമുട്ടൽ നടന്നുവെന്നു പോലീസ് പറയുന്ന റിസോർട്ട് വളപ്പിൽ പ്രവേശിച്ച് കാര്യങ്ങൾ മനസിലാക്കുന്നതിനു മാധ്യമ പ്രവർത്തകരെ അനുവദിക്കാതിരുന്നതും പോലീസിന്റെ ഭാഗത്തുണ്ടായ കുറ്റകരമായ വീഴ്ചയാണ്. തങ്ങൾ പറയുന്നതുമാത്രം ജനം അറിഞ്ഞാൽ മതിയെന്ന സ്വേച്ഛാധിപത്യ നിലപാടാണ് സർക്കാരിനും പോലീസിനും. മാനുഷിക മൂല്യങ്ങൾക്കു എതിരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരെന്നും അവർ കുറ്റപ്പെടുത്തി. 


 

Latest News