Tuesday , May   21, 2019
Tuesday , May   21, 2019

സൗദിയിൽ രഹസ്യ തടവറകളില്ല -ഡോ. ബന്ദർ അൽഈബാൻ

റിയാദ് - സൗദിയിൽ രഹസ്യ കാരാഗൃഹങ്ങളില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ. ബന്ദർ അൽഈബാൻ പറഞ്ഞു. ജനീവയിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യ തടങ്കൽ പാളയങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ട കേസിൽ ആവശ്യമായ എല്ലാ നടപടികളും സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചിട്ടുണ്ട്. ഖശോഗി കേസിൽ കോടതിയിൽ ഇതുവരെ മൂന്നു സിറ്റിംഗുകൾ നടന്നിട്ടുണ്ട്. 
യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിന് പ്രവർത്തിക്കുന്ന, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് യു.എൻ മുന്നോട്ടുവെച്ച ചില ശുപാർശകൾ സൗദി അറേബ്യ പഠിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ചില ശുപാർശകൾ സൗദിയിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഡോ. ബന്ദർ അൽഈബാൻ പറഞ്ഞു. 
ഖശോഗി കേസ് അന്താരാഷ്ട്രവൽക്കരിക്കുന്നതിനെ സൗദി അറേബ്യ ഒരു നിലക്കും അംഗീകരിക്കില്ല. ഖശോഗി കേസിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തുകയും വിവരങ്ങളും തെളിവുകളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. ശാരീരിക, മാനസിക പീഡനങ്ങൾക്ക് വിധേയരാക്കാതെയും അഭിമാനത്തിന് ക്ഷതമേൽപിക്കാത്ത നിലക്കുമാണ് പ്രതികളെ കൈകാര്യം ചെയ്യുന്നത്. പ്രതികളുടെ വിചാരണക്ക് സാക്ഷ്യം വഹിക്കുന്നതിന് സൗദി മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ മനുഷ്യാവകാശ സംഘടനയുടെയും പ്രതിനിധികളും സൗദിയിലെ നയതന്ത്ര കാര്യാലയ പ്രതിനിധികളും കോടതിയിൽ ഹാജരാകുന്നുണ്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്ത മറ്റു പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 
അഭിപ്രായ സ്വാതന്ത്ര്യവും സൊസൈറ്റികൾ സ്ഥാപിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നിയമാനുസൃതമായ അവകാശങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്തെ നിയമങ്ങൾ അനുവദിക്കുന്നു. രാജ്യത്തെ ജയിലുകളും ലോക്കപ്പുകളും സൗദി മനുഷ്യാവകാശ കമ്മീഷനും ദേശീയ മനുഷ്യാവകാശ സംഘടനയും പബ്ലിക് പ്രോസിക്യൂഷനും മറ്റു ബന്ധപ്പെട്ട വകുപ്പുകളും പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും ഡോ. ബന്ദർ അൽഈബാൻ പറഞ്ഞു. 
 

Tags

Latest News