Tuesday , May   21, 2019
Tuesday , May   21, 2019

നിറം മാറുന്ന രാഷ്ട്രീയ ഓന്തുകൾ

അവസരവാദ ജീർണത അവസാനിപ്പിക്കുന്നതിനായാണ് കൂറുമാറ്റ നിരോധന നിയമംഉൾപ്പെടെ ഉണ്ടായത്. എന്നാൽ കുറുക്കുവഴികളിലൂടെയും അധികാരത്തിന്റെ കരുത്തിലും പാർട്ടികൾ അതിനെയും മറികടക്കുകയാണ്. യഥാർഥത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മാത്രമല്ല രാഷ്ട്രീയത്തിന്റെ തന്നെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപിക്കുന്നതാണ് നിറം മാറുന്ന ഈ ഓന്തുകളുടെ അവസരവാദ നയം.

ഒടുവിൽ ടോം വടക്കനും എത്തേണ്ടിടത്ത് എത്തി. എ.ഐ.സി.സിയുടെ വക്താവായിരുന്ന എം.ജെ അക്ബറിനു പിറകെ മറ്റൊരു വക്താവായ വടക്കൻ ബി.ജെ.പിയിൽ. അറപ്പുളവാക്കുന്ന
ജീർണതയുടെ ആയാറാം ഗയാറാം രാഷ്ട്രീയം. തെരഞ്ഞെടുപ്പടുക്കുമ്പോൾ പാർട്ടികൾ മാറുകയും സീറ്റുകൾ ഉറപ്പിക്കുകയും ചെയ്യുകയെന്ന ഈ വൃത്തികെട്ട രീതി തുടങ്ങിയിട്ട് കുറേയേറെ വർഷങ്ങളായിരിക്കുന്നു. വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിലാണ് ഈ ജീർണത കണ്ടുവരുന്നത്.
നിലപാടുകളോട് വിയോജിപ്പുള്ളവർ ഒരേ പാർട്ടിയിൽ തുടരണമെന്നില്ല. രാഷ്ട്രീയ പ്രവർത്തനം തുടരുന്നതിന് തങ്ങളുടെ നിലപാടിനോട് യോജിക്കുന്നുവെന്ന് തോന്നുന്ന മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറുന്നത് വലിയ തെറ്റുമല്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് പലതും അധികാരവും സ്ഥാനങ്ങളും അഴിമതിയും മാത്രം ലക്ഷ്യംവെച്ചുള്ള കൂറുമാറ്റങ്ങൾ തന്നെയാണ്.
ഒഡിഷയിൽ നിന്ന് പല തവണ നിയമസഭാംഗമായിരുന്ന ബിജെപി നേതാവ് ജ്യോതിരിന്ദ്രനാഥ് മിത്ര ഭരണകക്ഷിയായ ബിജു ജനതാദളിൽ ചേർന്നിരിക്കുന്നുവെന്നതാണ് മറ്റൊരു വാർത്ത. ഇദ്ദേഹം നേരത്തേ രണ്ടു തവണ ബിജു ജനതാദളിന്റെ നിയമസഭാംഗമായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകാതിരുന്നതിനാൽ പാർട്ടി വിടുകയും ബി ജെ പിയിൽ ചേരുകയുമായിരുന്നു. ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസമാണ് വീണ്ടും ബി ജെ ഡിയിൽ ചേർന്നത്. എന്തെങ്കിലും രാഷ്ട്രീയ നിലപാടിന്റെ ഫലമായല്ല മിത്രയുടെ കൂറുമാറിയുള്ള ചാഞ്ചാട്ടങ്ങളെന്ന് വ്യക്തമാണ്.
ഗുജറാത്തിൽ കോൺഗ്രസിൽ നിന്നുള്ള മൂന്നാമത്തെ എം എൽ എയാണ് നാലു ദിവസത്തിനിടെ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നിരിക്കുന്നത്. ജാംനഗറിൽ നിന്നുള്ള നിയമസഭാംഗം വല്ലഭ് ധരവിയയാണ് ബി ജെ പിയിൽ ചേരുന്നതിനായി നിയമസഭാംഗത്വം രാജിവെച്ചിരിക്കുന്നത്. ധൻഗാന്ധ്ര നിയമസഭാംഗം പുരുഷോത്തം ശബരിയ അംഗത്വം രാജിവെച്ച് ബി ജെ പിയിൽ ചേർന്നത് മാർച്ച് എട്ടിനായിരുന്നു. അതേ ദിവസം തന്നെ മാനവാദറിൽ നിന്നുള്ള അംഗം ജവാഹർ ചൗദയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണതയും അഴിമതിയും വിലപേശൽ തന്ത്രങ്ങളുമാണ് ഈ രാജിക്കെല്ലാം കാരണങ്ങളായതെന്ന് അവരുടെ വാക്കുകളും വിശദീകരണങ്ങളും പരിശോധിച്ചാൽ വ്യക്തമാകും. അഴിമതിക്കേസിൽ അറസ്റ്റിലായ ധരവിയ ജാമ്യം ലഭിച്ച് പുറത്തു വന്നതിന് ശേഷമാണ് പാർട്ടി മാറി ബിജെപിയിൽ ചേർന്നത്. അഴിമതിക്കേസിൽ രക്ഷപ്പെടുത്താമെന്നും ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നൽകി ജയിപ്പിക്കാമെന്നുമാണ് ഇദ്ദേഹത്തിന് ബി ജെ പി നൽകിയ വാഗ്ദാനമെന്നാണ് വാർത്തകൾ. മണ്ഡലത്തിൽ വികസനം വരണമെങ്കിൽ ഭരണകക്ഷിയായ ബിജെപിയിൽ ചേരണമെന്ന സ്ഥിതിയാണെന്ന് രാജിവെച്ച ജവഹർ ചൗദയും വ്യക്തമാക്കുന്നുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാംഗവുമായ കുൻവർജി ബാവലിയയും ഉൻജയിൽ നിന്നുള്ള ആശ പട്ടേലും നേരത്തേ തന്നെ കോൺഗ്രസ് വിട്ടിരുന്നു. ഇതോടെ അടുത്ത കാലത്ത് കോൺഗ്രസ് വിട്ട നിയമസഭാംഗങ്ങളുടെ എണ്ണം അഞ്ചായി. കർണാടകയിൽ ജനതാദൾ – കോൺഗ്രസ് സഖ്യ സർക്കാരിനെ അട്ടിമറിക്കുന്നതിന് ബി ജെ പി കൊണ്ടുപിടിച്ച് ശ്രമങ്ങൾ നടത്തിവരികയാണ്. ഇവിടെയും ചില എം എൽ എമാർ കൂറുമാറുകയുണ്ടായി. ഏറ്റവും ഒടുവിൽ നടന്ന കൂറുമാറ്റങ്ങൾ മാത്രമേ ഇവിടെ ഉദാഹരിക്കുന്നുള്ളൂ. അടുത്ത കാലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്കും തിരിച്ചും മറ്റ് പാർട്ടികളിലേക്കും കൂറുമാറിയവരുടെ എണ്ണം അമ്പതിലധികമായിരുന്നു. നിയമസഭാംഗങ്ങളും മുതിർന്ന നേതാക്കളും ഇക്കൂട്ടത്തിൽ പെടുന്നു.
തങ്ങൾക്ക് ഭരണവും സ്വാധീനവും ഉള്ള ഇടങ്ങളിൽ പ്രമുഖ വലതുപക്ഷ പാർട്ടികളെല്ലാം ആയാറാം ഗയാറാം രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സീറ്റ് കിട്ടാത്തവർ തങ്ങളുടെ പാർട്ടിയിൽ എത്തുമ്പോൾ ഉടൻ നൽകുകയും വിജയിച്ചാൽ മന്ത്രിയാക്കുകയും ചെയ്യുന്നു. മന്ത്രിസ്ഥാനമുൾപ്പെടെ വാഗ്ദാനം ചെയ്ത് അളുകളെ ആകർഷിക്കുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് പോലും ഈ ജീർണതയെ ഉപയോഗിക്കുന്നുവെന്നാണ് ഗുജറാത്തിലെ ധരവിയയുടെ കൂറുമാറ്റം ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്ത് ഭരിക്കുന്ന ബിജെപിയിൽ ചേർന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാമെന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിന്റെ പാർട്ടി മാറ്റത്തിന് പിന്നിലുള്ളൂ.
കോടിക്കണക്കിന് രൂപ കോഴയായി നൽകിയും ആളുകളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരുന്നു. ഇത് യഥാർഥത്തിൽ പൊതുസമൂഹത്തെ മാത്രമല്ല സ്വന്തം അണികളെക്കൂടി വഞ്ചിക്കുന്ന സമീപനമാണ്. ഇത്തരം ജീർണതകളാണ് അധികാരത്തിലെത്തിയാൽ കുംഭകോണങ്ങൾക്കുള്ള വഴിയാകുന്നത്. അതിനാവശ്യമായ പണം കണ്ടെത്തുന്നതിന് അധികാരത്തെ ദുരുപയോഗം ചെയ്യുന്നു.
അവസരവാദ ജീർണത അവസാനിപ്പിക്കുന്നതിനായാണ് കൂറുമാറ്റ നിരോധന നിയമം ഉൾപ്പെടെ ഉണ്ടായത്. എന്നാൽ കുറുക്കുവഴികളിലൂടെയും അധികാരത്തിന്റെ കരുത്തിലും പാർട്ടികൾ അതിനെയും മറികടക്കുകയാണ്. യഥാർഥത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മാത്രമല്ല രാഷ്ട്രീയത്തിന്റെ തന്നെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപിക്കുന്നതാണ് നിറം മാറുന്ന ഈ ഓന്തുകളുടെ അവസരവാദ നയം. 
 

Latest News