Tuesday , May   21, 2019
Tuesday , May   21, 2019

ഉത്സവക്കാലം, ത്യാഗികളുടെയും!

'ജനങ്ങളുടെ ഉത്സവം' എന്ന് മോഡിജി വിശേഷിപ്പിച്ചത് നമ്മുടെ തെരഞ്ഞെടുപ്പിനെയാണ്. ഉത്സവത്തിന്റെ പ്രത്യേകതകളെന്താണ്? പണം ഒഴുക്കുക, വെടിക്കെട്ടു ഗംഭീരമാക്കുക തുടങ്ങിയവ തന്നെ. ഇടയ്ക്കിടയ്ക്ക് ചില 'കത്തിക്കുത്തു'കളും ബോംബേറും അവയെല്ലാം പൂർവാധികം ഭംഗിയായി നടന്നു പോരുന്നുമുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ അവസാനം പറഞ്ഞവ മാത്രമാണ് ഏറ്റവും ഭംഗിയായി ആഘോഷിച്ചത്. ആയുസ്സില്ലാത്തവൻ 'ചത്തു' എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ല. നാൽക്കാലികളാണോ മനുഷ്യരാണോ ഏറ്റവും കൂടുതൽ ഇഹലോകവാസം വെടിഞ്ഞതെന്ന് കണക്കെടുപ്പു തുടങ്ങിയിട്ടില്ല. ഉത്സവ കാലമായതിനാൽ പ്രതിപക്ഷ കക്ഷികൾ ആ കണക്ക് അവതരിപ്പിച്ചു കൊള്ളും.
*** *** ***
മറ്റെവിടെ സ്ഥാനാർഥി നിർണയം കഴിഞ്ഞാലും കേരളത്തിൽ മാത്രം അതൊരു കീറാമുട്ടിയായി അവശേഷിക്കും. ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ കിടപ്പും അങ്ങനെയാണല്ലോ! ഒരു കഷ്ണം, 'ഏങ്കോണിച്ച്' കടപ്പുറത്തു കിടക്കുന്നു. രാഷ്ട്രീയ ധുരന്ധരന്മാരും മറ്റു കൈയേറ്റക്കാരും ആവുംവിധം വെട്ടിയിട്ടും കീറുന്നില്ല. ജാതി മത കോടാലികൾ കൊണ്ടാണ് ഇപ്പോഴത്തെ വെട്ട്. എന്നിട്ടും ലിസ്റ്റ് പൂർത്തിയാകുന്നില്ല. ഉത്സവം കാണാൻ ജനം ഒഴുകുന്നതുപോലെ ഇന്ദിരാ ഭവനിലേക്കുള്ള തള്ളിക്കയറ്റം കണ്ട്, ആരെയെങ്കിലും അകത്ത് കുളിപ്പിച്ചു കിടത്തിയിരിക്കുകയാണോ എന്നൊരു വിരുതൻ ചോദിച്ചുവത്രേ! മറുപടി മറ്റൊരു വിരുതന്റേതായിരുന്നു:- അത് പുറത്താണ്. പൊതുജനത്തെ. ഇത്രയധികം ത്യാഗികൾ നിറഞ്ഞ മറ്റൊരു പാർട്ടിയില്ല എന്ന് ആരും തലകുലുക്കി സമ്മതിക്കും, ഓരോ കോൺഗ്രസ് നേതാവിന്റെയും പ്രസ്താവന വായിച്ചാൽ ആരും മത്സരിക്കാനില്ലത്രേ! യുവതലമുറയ്ക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കുകയാണോ? അല്ലേയല്ല. 
നടയിൽ നിന്ന് ആരും മാറിക്കൊടുക്കുന്നതായി കാണുന്നില്ലല്ലോ! അതോ, പാർലമെന്ററി ജനാധിപത്യ രീതിയോടു തന്നെ വിരക്തിയായോ? അതിനു കോൺഗ്രസ് വേറെ ജനിക്കണം! പിന്നെന്താണ് പ്രശ്‌നം? കുഞ്ഞൂഞ്ഞച്ചായന് ദിവസവും ഇരുട്ടുമ്പോൾ പുതുപ്പള്ളിയിലെ വീട്ടിലെത്തണം. പാർലമെന്റും പുതുപ്പള്ളിയും തമ്മിൽ ശ്ശി ദൂരമുണ്ട്. ഹെലിപാഡ് പോലുമില്ല. ഒരു എം.പി ആയാൽ അതു സംഘടിപ്പിക്കാൻ കഴിയും എന്ന് ഉമ്മൻജി ഓർക്കുന്നില്ല. 'തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും' എന്ന അടൂർ ഭാസിയുടെ സിനിമാഗാനമെങ്കിലും ഓരോ നേതാവും ഇലക്ഷൻ കാലത്ത് ഓർക്കേണ്ടതാണ്. എന്നാൽ കെ.സി. വേണുഗോപാലിന്റെ കാര്യം അങ്ങനെയല്ല. സംഘടനയുടെ അഖിലേന്ത്യാ ചുമതല. ഗ്രീക്ക് കഥയിൽ അറ്റ്‌ലസ് ഭൂഗോളം ചുമന്നു നിൽക്കുന്നതു കണ്ടിട്ടില്ലേ? അതിനെ വെല്ലും കെ.സിയുടെ ചുമതല. ചുമലിലും തലയിലുമായാണ് അദ്ദേഹം പാർട്ടിയെ ചുമക്കുന്നത്. 
ഉമ്മൻജിയുടെ വിശ്വസ്തനായ കെ.സി. ജോസഫ് രണ്ട് 'കേസി' എന്നാണറിയപ്പെട്ടിരുന്നത്. ഇന്ന് ദില്ലയിലെത്തിയ പുതിയ കേസി നിമിത്തം ഒന്നാമൻ അപ്രസക്തനായി. വേണുഗോപാലിന്റേത് അപാര' കേസീ'യോഗം തന്നെ! എങ്കിലും ആലപ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ ഇടതനായ ആരിഫിനെയല്ല ഭയം. പഴയ സരിതാ. എസ് നായരെ തന്നെ. ഏതു നിമിഷവും പുതിയ വെളിപ്പെടുത്തലുകളുമായി മിസ്/മിസ്സിസ് നായർ രംഗത്തിറങ്ങാം. മുന്നൂറോളം പുതിയ 'വെളിപ്പെടുത്തലുകൾ' കംപോസ് ചെയ്ത വെച്ചിരിക്കുകയാണത്രേ! ഓരോ കോൺഗ്രസ് നേതാവിനെയും പേടിപ്പിക്കാൻ! എന്തു കഷ്ടമാണിത്! എന്നാൽ ഇനി ഒറ്റ വഴിയേയുള്ളൂ, ഹൈക്കമാന്റ് നിർബന്ധിച്ചാൽ മാത്രം മത്സരിക്കും. മണ്ഡലം പ്രശ്‌നമല്ല. മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കും മുമ്പ് ഘടക കക്ഷിയായ ലീഗും നേതാക്കളെ വിളിച്ച് അഭിപ്രായം ചോദിച്ചതു പോലെ ഇക്കാര്യത്തിലും ലീഗിനെയോ മാണി ജോസഫുമാരെയോ ആർ.എസ്.പി നേതാക്കളെയോ വിളിച്ച് ദൽഹിക്കു വരുത്തി അഭിപ്രായം ആരായാം. പാമ്പൻ പാലത്തിന്റെ കെട്ടുറപ്പു പോലെയാണ് യു.ഡി.എഫിന്റെയും ഉറപ്പ്. അതിനാൽ ഘടക കക്ഷികളെ സ്വന്തം പാർട്ടിയേക്കാൾ വിശ്വസിക്കാം.
*** *** ***
ഇടതുമുന്നണി സ്ഥാനാർഥി നിർണയം അതിവേഗം പൂർത്തിയായി. അവർക്ക് പാർലമെന്റിൽ വലിയ കാര്യമൊന്നുമില്ലാത്തതിനാൽ സ്ഥാനാർഥി ആരായാലും മതി. സി.പി.ഐയുടെ നാലു സീറ്റുകളിൽ നിർണയ ചർച്ച രായ്ക്കുരാമാനം പൂർത്തിയാക്കി. വെളുപ്പിന് അഞ്ചു മണിക്ക് തലസ്ഥാന വാസികൾ കണികണ്ടുണർന്നത് സി. ദിവാകരനെ സ്വാഗതം ചെയ്യുന്ന കളർ പോസ്റ്ററുകളായിരുന്നു. തലേദിവസം വരെ കണികണ്ടിരുന്ന കേരളം കണികണ്ടുണരുന്ന മിൽമയായിരുന്നു. വിവര സാങ്കേതിക യുഗത്തിന്റെ വേഗത ഇത്ര വേഗത്തിൽ മുതലാക്കിയ സ്ഥാനാർഥികൾ ഇന്ത്യയിൽ തന്നെ അപൂർവമായിരിക്കും. കറിക്ക് രുചിയേറുന്നതിന് ലേശം ചൈനീസ് സാൾട്ട് കൂടി ചേർക്കുന്നതുപോലെ, സഖാവ് അൽപം പ്രാദേശിക വാദം കൂടി പോസ്റ്ററിൽ ചേർത്തു. അനന്തപുരിയുടെ മണ്ണിൽ ജനിച്ച പുത്രനാണത്രേ അദ്ദേഹം! അന്തർദേശീയവും സാർവദേശീയവുമൊക്കെ ചുരുട്ടി പെട്ടിക്കകത്തു വെച്ചിട്ട് ഇപ്പോഴിതാ, മണ്ണിന്റെ മക്കൾ വാദവും! കുമ്മനവും ശശി തരൂരും മൂക്കത്തുവെച്ച വിരൽ ഇതുവരെ എടുത്തു മാറ്റിയിട്ടില്ല! കുമ്മനത്തിനു ശബരി മല എടുത്തിട്ടു പന്തു കളിക്കാം. തരൂരെന്തു ചെയ്യും? അദ്ദേഹത്തെ ദൽഹി നായരാക്കിയ പെരുന്നയിലെ പോപ്പ് കതകു തുറക്കാനോ, ചങ്ങനാശ്ശേരിക്കു പുറത്തു സഞ്ചരിക്കാനോ തയാറാകുന്നുമില്ല!
*** *** ***
കേരള കോൺഗ്രസിലെ പ്രശ്‌നത്തിൽ  കോൺഗ്രസ് ഇടപെടുമെന്നു പറയുന്നതും മുമ്പ് സൂചിപ്പിച്ച പാമ്പൻ പാലത്തിന്റേതു പോലുള്ള മുന്നണിയുടെ ഉറപ്പു നിമിത്താണ്. രണ്ടില രണ്ടായി പിരിഞ്ഞാലും യു.ഡി.എഫിൽ ഒരു കസേരയോ സ്റ്റൂളോ എങ്കിലും ഉറപ്പു തരണമെന്നാണ് പി.ജെ. ജോസഫിന്റെ അപേക്ഷ. നല്ലൊരു ഗായകനായതിനാൽ അദ്ദേഹം ഇക്കാര്യം ഈണത്തിൽ പാടി അവതരിപ്പിച്ചു. ഉമ്മൻജി - ചെന്നിത്തലമാരുടെ കണ്ണു നിറഞ്ഞു. അവർ ഉറപ്പും നൽകി. കരുണാകരന്റെ ശിഷ്യനാണ് താനെന്നു ചെന്നിത്തല സ്ഥാപിക്കുകയും ചെയ്തു. പാട്ടുംപാടി ഉറങ്ങിയിരുന്ന ജോസഫിനെ തട്ടിയുണർത്തി കോട്ടയത്തു സ്ഥാനാർഥിയാകാൻ ഉപദേശിച്ചത് പഴയ ലീഡറുടെ കുശാഗ്രബുദ്ധി പകർപ്പവകാശം സിദ്ധിച്ച ചെന്നിത്തലയായിരുന്നുവെന്ന് ഇപ്പോൾ പരസ്യമായിട്ടുണ്ട്.
*** *** ***
ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ ഒഴിഞ്ഞു. അങ്ങനെയൊരു പദവി കേരള ചരിത്രത്തിൽ മുമ്പ് ആരും കേട്ടിട്ടില്ല. തൊഴിലാളി വർഗ പാർട്ടിയാണ് ബൂർഷ്വാ ബ്യൂറോക്രസിയുടെ തലപ്പത്ത് അത്തരം ഒരു പ്രതിഷ്ഠ നടത്തിയത്. തന്നെ പല പ്രധാനപ്പെട്ട ഫയലുകളും കാണിച്ചിരുന്നില്ലെന്നാണ് മാഡത്തിന്റെ പരാതി. നളിനി മാഡം ആദ്യം വാക്കാൽ പരാതി ഉന്നയിച്ചപ്പോൾ തന്നെ പിന്നിൽ നിന്നിരുന്ന ശിപായി സഖാവ് ചോദിച്ചുവത്രേ- അപ്പം തിന്നാൽ പോരേ, കുഴിയെണ്ണുന്നെന്തിനാ എന്ന്. ശമ്പളമല്ല, അന്തസ്സും കൂടി വേണമെന്നു മഹിളാ രത്‌നത്തിനു തോന്നി. അമാന്തിച്ചില്ല, രാജി! മുഖ്യന്റെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി. ജയരാജനുമായുള്ള ഭിന്നത വേറെയും. ജഡ്ജിയെ 'ശുംഭൻ' എന്നു വിളിച്ച് പൂജപ്പുര ജയിലിൽ സുഖവാസത്തിനും വിശ്രമത്തിനും പോയ സഖാവാണ്. നീലന്റെ കൈകളുടെ വികൃതികൾക്കു തടയിട്ട് മന്ത്രിസ്ഥാനം തെറിപ്പിച്ച വീരാംഗനയാണ് പ്രിൻസിപ്പൽ സെക്രട്ടറി. അരവും അരവും ചേർന്നാൽ കിന്നരം! നാവിൻ ദോഷം മാത്രമുള്ള ജയരാജൻ സഖാവ് കച്ച മുറുക്കി കണ്ണൂരിൽ 'ലോക്‌സഭാ'ങ്കത്തിനായി പുറപ്പെട്ടു. പകരം വരുന്ന പൊളിറ്റിക്കലാകട്ടെ സാക്ഷാൽ പി. ശശി സഖാവും! സ്വഭാവ ഗുണവും പെരുമാറ്റ മാഹാത്മ്യവും കൊണ്ട് ആറു വർഷം പാർട്ടിയാപ്പീസിന്റെ പുറത്തെ ബെഞ്ചിലിരിക്കേണ്ടി വന്ന മാന്യൻ. താരതമ്യമില്ലാത്ത മഹാപുരുഷൻ. നളിനി നെറ്റോ ബുദ്ധിപൂർവം പടിയിറങ്ങുകയായിരുന്നുവത്രേ!
*** *** ***
രാജസ്ഥാനിലെ കർഷക പുത്രനായ നമ്മുടെ മുഖ്യ ഇലക്ഷൻ ഓഫീസർക്ക് വിശ്വാസത്തെക്കുറിച്ച് ഒന്നുമറിയില്ല. പ്രത്യേകിച്ച് നേതാക്കളുടെ മലകയറ്റവും ഇറക്കവും മതിൽകെട്ടും ജ്യോതി പ്രയാണവുമൊക്കെ തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ്. ഇടി വെട്ടിനു മുമ്പുള്ള മിന്നൽ പോലെ മാത്രം! പിന്നെ അവയൊന്നും ഉണ്ടാകുകയില്ല. ടിക്കാറാം മീണ പരിഭണിക്കാന്നൊമില്ല. എല്ലാം മായയാണ്. ഇലക്ഷൻ കാലത്ത് പലതും പറയും. അതെല്ലാം നടപ്പിലാക്കാനുള്ളതാണോ എന്ന മഹാകവി പി.എസ്. വെൺമണിയുടെ മഹദ്‌വചനങ്ങൾ എടുത്തു വായിക്കണം. അപ്പോൾ മനസ്സിലാകും. ഇന്ന് ഒച്ചവെക്കുന്ന പി.എസ്. ശ്രീധരൻ പിള്ളയും കുമ്മനവും ജയരാജനും കെ.വി. തോമസ് മാഷും പ്രേമനും സമ്പത്തുമെല്ലാം വെറും മായയാണെന്ന്. സിവിൽ സർവീസ് വേറെ, രാഷ്ട്രീയം വേറെ! 

Latest News