Friday , March   22, 2019
Friday , March   22, 2019

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂദല്‍ഹി - ഒത്തുകളിയുടെ പേരില്‍ ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആയുഷ്‌കാല വിലക്ക് സുപ്രീം കോടതി നീക്കി. പകരം ശിക്ഷ 90 ദിവസത്തിനകം ബി.സി.സി.ഐ തീരുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 90 ദിവസം കാത്തുനില്‍ക്കാതെ ബി.സി.സി.ഐ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി തനിക്ക് പുതുജീവിതമാണ് തന്നതെന്നും ശ്രീശാന്ത് പ്രതികരിച്ചു. ഈ മാസം 18 ന് ചേരുന്ന അടുത്ത സി.ഒ.എ യോഗത്തില്‍ വിഷയം പരിഗണിക്കുമെന്ന് സി.ഒ.എ അധ്യക്ഷന്‍ വിനോദ് റായ് അറിയിച്ചു. 
ശ്രീശാന്തിന്റെ വാദം കേട്ട ശേഷമേ ശിക്ഷ തീരുമാനിക്കാവൂ എന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണും കെ.എം. ജോസഫുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കോടതി വിധി ആഹ്ലാദകരമാണെന്നും ശ്രീശാന്തിന് ആറ് വിലപ്പെട്ട വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടതെന്നും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി മാത്യു പറഞ്ഞു. വിലക്ക് നീക്കിയാലും ഇനി ശ്രീശാന്തിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാനാവുമെന്നു തോന്നുന്നില്ലെന്ന് മാത്യു അഭിപ്രായപ്പെട്ടു.
ബി.സി.സി.ഐയുടെ ആയുഷ്‌കാല വിലക്ക് ശരിവെച്ച കേരളാ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് മുപ്പത്താറുകാരനായ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
 

Latest News