Tuesday , May   21, 2019
Tuesday , May   21, 2019

നടുറോഡില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം

കൊച്ചി- പനമ്പിള്ളി നഗറില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. വ്യാഴാഴ്ച രാത്രി 7.15-ഓടെ പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സിനു പഠിക്കുന്ന പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ ശേഷം സുഹൃത്തിനോടൊപ്പം നടന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയവരാണ് പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയ പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. എന്നാല്‍ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി റോഡ് മുറിച്ച് കടന്ന് സമീപത്തെ കടയില്‍ അഭയം തേടി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം സ്ഥലത്ത് നിന്നു കടന്നുകളഞ്ഞു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്.
തിരുവല്ലയില്‍ പ്രേമനൈരാശ്യത്തെ തുടര്‍ന്ന് മുന്‍ കാമുകന്‍ യുവതിയെ കുത്തിപ്പരിക്കേല്‍പിച്ച ശേഷം നടുറോഡില്‍ തീ കൊളുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് സമാനമായ രീതിയില്‍ ആക്രമണം നടക്കുന്നത്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

 

Latest News