Friday , March   22, 2019
Friday , March   22, 2019

യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ ആക്രമണം; രണ്ടു പേര്‍ പിടിയില്‍

ഇടുക്കി- മമ്മട്ടിക്കാനത്ത് ഭര്‍തൃ പീഡനം സഹിക്കാതെ സ്വന്തം വീട്ടില്‍ വന്നു നിന്നിരുന്ന ഭാര്യയെ, ഭര്‍ത്താവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. ഭാര്യാപിതാവിനും മാതാവിനും ആക്രമണത്തില്‍ പരിക്കേറ്റു. വഴക്കിനിടെ നിലവിളക്കുകൊണ്ടുള്ള അടിയേറ്റ ഭര്‍ത്താവിന് തലയില്‍ മാരകമായി പരിക്കേറ്റു. എറണാകുളം സ്വദേശി ഷിബു(40),ഭാര്യ ഷീജ(38), ഷീജയുടെ പിതാവ് മമ്മട്ടിക്കാനം കൈപ്പള്ളില്‍ ശിവന്‍,ഭാര്യ  ജഗദമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിനു ശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച എറണാകുളം തിരുവാങ്കുളം മഠത്തിപ്പറമ്പില്‍ ധനീഷ്(36), വട്ടപ്പറമ്പില്‍ അനീഷ്(48) എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.
പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ ഷിബുവും ഷീജയും എറണാകുളത്താണ് സ്ഥിരതാമസം. ഭര്‍ത്താവിന്റെ ശാരീരിക പീഡനം സഹിക്കാതായതോടെ ഏതാനും ദിവസം മുമ്പ്  ഷീജ മമ്മട്ടിക്കാനത്ത് മാതാപിതാക്കളുടെ സമീപത്തേക്ക് പോന്നു. മൂന്ന് സുഹൃത്തുക്കളെയും കൂട്ടി പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടെ ബുധനാഴ്ച ഷിബു മമ്മട്ടിക്കാനത്ത് എത്തി. രാത്രി വീടും പരിസരവും സുഹൃത്തുക്കള്‍ക്ക് കാട്ടിക്കൊടുത്തു. രാവിലെ വീടിന്റെ പിന്‍വാതിലിലൂടെ സംഘാംഗങ്ങള്‍ക്കൊപ്പം ഉള്ളില്‍ കയറിയ ഇയാള്‍ മുറിയില്‍ നില്‍ക്കുകയായിരുന്ന ഭാര്യയെ വാക്കത്തികൊണ്ട് പിന്നില്‍ നിന്നും വെട്ടി. ആളനക്കം കണ്ട് ഒഴിഞ്ഞുമാറിയതിനാല്‍ കഴുത്തില്‍ ചെറിയ തോതിലുള്ള മുറിവേ ഏറ്റുള്ളു. ഇവര്‍ ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് പിതാവ് ശിവനും അമ്മ ജഗദമ്മയും ഓടിയെത്തി.ഇവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ചെറുത്തുനില്‍പ്പിനിടെ  ആരോ സമീപത്ത് ഉണ്ടായിരുന്ന നിലവിളക്ക് കൊണ്ട് ഷിബുവിന്റെ തലയില്‍ അടിച്ചു. ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഷിബുവിനെ കീഴ്‌പ്പെടുത്തി മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം പോലീസില്‍ അറിയിച്ചു. പോലീസ് എത്തി എല്ലാവരെയും രാജാക്കാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഷിബു,ഷീജ, ജഗദമ്മ എന്നിവരെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Latest News