Tuesday , May   21, 2019
Tuesday , May   21, 2019

മമതയും പെൺപടയും

പശ്ചിമ ബംഗാളിലെ തൃണമൂൽ സ്ഥാനാർഥിപ്പട്ടിക മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചപ്പോൾ ആദ്യമുയർന്ന ചോദ്യം ടോളിവുഡിന് എന്തു സംഭവിക്കുമെന്നാണ്? കാരണം രണ്ട് ജനപ്രിയ നടികൾ തൃണമൂൽ ലിസ്റ്റിലുണ്ട്. നുസ്‌റത് ജഹാനും മിമി ചക്രവർത്തിയും. കഴിഞ്ഞ തവണ ജയിച്ച നടി മൂൺമൂൺ സെന്നും മത്സരിക്കുന്നുണ്ട്. അതിനപ്പുറം വലിയ സന്ദേശം നൽകുന്നതാണ് തൃണമൂൽ സ്ഥാനാർഥിപ്പട്ടിക. 41 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകാൻ മമതാ ബാനർജി തയാറായി. 18 മണ്ഡലങ്ങളിൽ അവർ സ്ഥാനാർഥികളെ മാറ്റി. 17 പുതുമുഖങ്ങൾക്ക് ഇടം നൽകി. 
17 വനിതകളുണ്ട് തൃണമൂലിന്റെ സ്ഥാനാർഥിപ്പട്ടികയിൽ. വനിതാ ശാക്തീകരണത്തെക്കുറിച്ച് വാചാലമാവാറുള്ള ഇടതുപക്ഷത്തിനു പോലും സാധിക്കാത്ത നേട്ടമാണ് ഇത്. എല്ലാവരും 33 ശതമാനം സംവരണത്തെക്കുറിച്ച് പറയുമ്പോൾ അഭിമാനത്തോടെയാണ് താൻ 41 ശതമാനം വനിതകളുമായി പട്ടിക പ്രഖ്യാപിക്കുന്നതെന്ന് മമത പറഞ്ഞു. 2014 ൽ 35 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. 
18 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റി. മൂൺ മൂൺ സെന്നിനെ തെക്കൻ ബംഗാളിലെ ബങ്കൂരയിൽ നിന്ന് അസൻസോളിലേക്ക് മാറ്റി. 2014 ൽ ഇവിടെ ബി.ജെ.പി ടിക്കറ്റിൽ ജയിച്ച ബാബുലാൽ സുപ്രിയോയെ വിറപ്പിക്കുകയാണ് മമതയുടെ ലക്ഷ്യം. 
നടി മിമി ചക്രവർത്തി മത്സരിക്കുന്നത് താരപ്പകിട്ടുള്ള ജാദവ്പൂർ മണ്ഡലത്തിലാണ്. സി.പി.എമ്മിന്റെ തലയെടുപ്പുള്ള നേതാവും ലോക്‌സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചക്രവർത്തിയുടെ മണ്ഡലമായിരുന്നു ജാദവ്പൂർ. ഇവിടെ സോമനാഥിനെ മലർത്തിയടിച്ചാണ് മമതയെന്ന തീപ്പൊരി ആദ്യം ദേശീയ ശ്രദ്ധയാകർഷിച്ചത്. നുസ്‌റത് ഖാൻ ബാസീർഹടിൽ മത്സരിക്കും. കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ മാല റോയിയാണ് കൊൽക്കത്ത സൗത്ത് സീറ്റിൽ മത്സരിക്കുക. കൊൽക്കത്ത സൗത്തും മമതയുടെ മണ്ഡലമായിരുന്നു. 
ഈയിടെ കൊല്ലപ്പെട്ട തൃണമൂൽ എം.എൽ.എ സത്യജിത് ബിശ്വാസിന്റെ ഭാര്യ രൂപാലി ബിശ്വാസിനെ രണാഘട്ടിൽ മത്സരിപ്പിക്കും. വീട്ടമ്മയായിരുന്നു രൂപാലി. രൂപാലിക്ക് 25 തികയുന്നതേയുള്ളൂ. തന്റെ പേര് പ്രഖ്യാപിക്കുന്നത് ടി.വിയിൽ കണ്ടപ്പോഴാണ് രൂപാലി വിവരമറിയുന്നത്. പൊട്ടിക്കരഞ്ഞ അവർ മമതയുടെ സനേഹത്തിന് നന്ദി പറഞ്ഞു. ഒരു കാലത്ത് രാഹുൽ ഗാന്ധി നേരിട്ട് ഉയർത്തിക്കൊണ്ടുവന്ന കോൺഗ്രസ് യുവ ലീഡർ മാഹുവ മൊയ്ത്ര കൃഷ്ണനഗറിൽ തൃണമൂലിനു വേണ്ടി പൊരുതും. 
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധുവും ഹാർവാഡിലെ ചരിത്രകാരനുമായ സുഗത ബോസ് ഇത്തവണ മത്സരിക്കില്ല. യൂനിവേഴ്‌സിറ്റി അദ്ദേഹത്തിന് അനുമതി നൽകിയില്ലെന്നാണ് വിശദീകരണം. 2014 ൽ ജാദവ്പൂരിൽ നിന്നാണ് സുഗത ബോസ് ജയിച്ചത്. പാർട്ടിയുടെ ന്യൂനപക്ഷ മുഖമായ ഇദ്‌രീസ് അലി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനിച്ചത്. 
എഴുപതുകളിൽ സിദ്ധാർഥ ശങ്കർ റേയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന സുബ്രത മുഖർജി, മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് മനാസ് ഭൂനിയ എന്നിവരും മത്സര രംഗത്തുണ്ട്. കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ എം.പി മൗസം നൂറിന് മാൾഡ നോർത്തിൽ ടിക്കറ്റ് നൽകി. 
ഡാർജിലിംഗിലാണ് സുപ്രധാന തീരുമാനം. ബി.ജെ.പി സഖ്യ കക്ഷിയായിരുന്ന ഗൂർഖ ജനമുക്തി മോർച്ചയുടെ എം.എൽ.എ അമർ സിംഗ് റായ് ഇവിടെ തൃണമൂൽ ചിഹ്നത്തിൽ മത്സരിക്കും. ജി.ജെ.എമ്മിലെ ബിനായ് തമാംഗ് വിഭാഗത്തിന്റെ പിന്തുണ അമർ സിംഗിനുണ്ടാവും. ഒരു പാർട്ടിയുടെ എം.എൽ.എ മറ്റൊരു പാർട്ടിയുടെ ചിഹ്നത്തിൽ ലോക്‌സഭയിലേക്ക മത്സരിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ സംഭവമായിരിക്കും. 2014 ൽ കേന്ദ്ര മന്ത്രി എം.എസ് അലുവാലിയ ജയിച്ച മണ്ഡലമാണ് ഡാർജിലിംഗ്. മുൻ ഇന്ത്യൻ നായകനും ഐതിഹാസിക ഇന്ത്യൻ താരം പി.കെ ബാനർജിയുടെ സഹോദരനുമായ പ്രസൂൺ ബാനർജി ഹൗറ സദറിൽ മൂന്നാം തവണ ജനവിധി തേടും. സംവിധായകൻ അർപിത ഘോഷ്, നടന്മാരായ ശതാബ്ദി റോയ്, ദീപക് അധികാരി എന്നിവരും തൃണമൂൽ പട്ടികയിലുണ്ട്.  

Latest News