Tuesday , May   21, 2019
Tuesday , May   21, 2019

വീഴ്ചകൾ മറയ്ക്കാൻ രാജ്യസ്‌നേഹം

തെരഞ്ഞെടുപ്പിന്റെ ദിനങ്ങൾ അടുത്തുവരുന്തോറും കപട രാജ്യസ്‌നേഹം എന്ന ഒരൊറ്റ അജണ്ട മാത്രമേ മോഡിക്കും ബി.ജെ.പിക്കുമുള്ളു. അതായത് സർക്കാരിന്റെ വീഴ്ചകളാവട്ടെ, അഴിമതിയാവട്ടെ, രാജ്യത്ത് നിലനിൽക്കുന്ന ഭയാനകമായ വർഗീയ ധ്രുവീകരണമാവട്ടെ ഒന്നിനെക്കുറിച്ചും ആരും ചോദ്യം ചെയ്യരുത്. ചോദ്യം ചെയ്താൽ അവർ രാജ്യദ്രോഹിയാവും. തൊഴിലില്ലായ്മ പെരുകുന്നതിനെക്കുറിച്ച് ചോദ്യം ചോദിച്ചാലും രാജ്യദ്രോഹി തന്നെ.

ഇന്ത്യയിലെ തൊഴിലില്ലായ്മയെ സംബന്ധിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് ആശങ്കയുളവാക്കുന്നതാണ്. ഈ ലേഖകനെപ്പോലെ, അധികം വൈകാതെ തൊഴിലന്വേഷകരാകുന്ന മക്കളുള്ള രക്ഷിതാക്കൾക്ക് പ്രത്യേകിച്ചും. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളിൽ ഭൂരിഭാഗവും തൊഴിലില്ലായ്മ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ തന്നെ അധികവും എൻജിനീയറിംഗ് ബിരുദധാരികളാണെന്നും പറയുന്നു.
ഇക്കഴിഞ്ഞ മാസത്തെ അതായത് 2019 ഫെബ്രുവരിയിലെ കണക്കുപ്രകാരം രാജ്യത്ത് 3.12 കോടി ഉന്നത വിദ്യാഭ്യാസമുള്ള തൊഴിലന്വേഷകരുണ്ടെന്നാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക്. ഒരു വർഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായമ രണ്ട് ശതമാനത്തോളം, കൃത്യമായി പറഞ്ഞാൽ 1.8 ശതമാനം വർധിച്ചു. 2018 ഫെബ്രുവരിയിൽ തൊഴിലില്ലായ്മ 5.4 ശതമാനമായിരുന്നെങ്കിൽ 2019 ഫെബ്രുവരിയിൽ 7.2 ശതമാനമായി. പുരോഗതിയിലേക്ക് കുതിച്ചുയരുന്നു എന്ന് ഭരണക്കാർ പറയുന്ന ഒരു രാജ്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത കണക്ക് തന്നെയാണിത്. 
കൃത്യമായ വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടാണ് അധികാരത്തിലെത്തിയതെങ്കിലും 2014ൽ ഭരണം കിട്ടിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചില പ്രഖ്യാപനങ്ങൾ രാജ്യത്തെ ജനങ്ങൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. 2022ഓടെ രാജ്യത്ത് പത്ത് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു 2014ലെ സ്വാതന്ത്ര്യ ദിനത്തിൽ മോഡിയുടെ വാഗ്ദാനം. ഇതിനായി മെയ്ക്ക് ഇൻ ഇന്ത്യ എന്നൊരു മുദ്രാവാക്യവും അദ്ദേഹം ഉയർത്തി. പക്ഷെ ഇക്കാലത്തിനുള്ളിൽ ആനുപാതികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ഉള്ള തൊഴിലവസങ്ങൾ കൂടി ഇല്ലാതാക്കുന്ന നടപടികളായിരുന്നു നോട്ട് നിരോധനം, അശാസ്ത്രീയമായ ജി.എസ്.ടി തുടങ്ങിയ സാമ്പത്തിക നടപടികളിലൂടെ മോഡി സർക്കാർ കൈക്കൊണ്ടത്. ചെറുകിയ വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ, സ്വയം തൊഴിൽ സംരഭങ്ങൾ, കൃഷി തുടങ്ങിയവയാണ് രാജ്യത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന മേഖലകൾ. ഇന്ത്യയുടെ തൊഴിൽ ശേഷിയുടെ 80 ശതമാനത്തിലേറെയും വിനിയോഗിക്കപ്പെടുന്നത് ഈ മേഖലകളിലാണ്. അവയുടെ നടുവൊടിക്കുന്നതായി നോട്ട് നിരോധനം എന്ന തല തിരിഞ്ഞ തീരുമാനം. പിന്നാലെ വന്ന ജി.എസ്.ടിയും ചെറുകിട വ്യവസായ, വ്യാപാര മേഖലക്ക് വലിയ ആഘാതം സൃഷ്ടിച്ചു. ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് സ്ഥാപനങ്ങളാണ് ഈ രണ്ട് തീരുമാനങ്ങൾ മൂലം രാജ്യത്തെമ്പാടും, പ്രവർത്തനം തൽക്കാലം നിർത്തുകയോ എന്നെന്നേക്കുമായി പൂട്ടിപ്പോവുകയോ ചെയ്തത്.
നോട്ട് നിരോധന പ്രഖ്യാപനം കഴിഞ്ഞ് രണ്ടര വർഷത്തോളമാവുമ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതായി ഒരു സുപ്രധാന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നു. നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം വെളുപ്പിക്കാനാവില്ലെന്ന് റിസർവ് കേന്ദ്രത്തിന് മുൻകൂട്ടി ഉപദേശം നൽകിയിരുന്നു എന്നതാണത്. നോട്ട് നിരോധനം കൊണ്ട് സാമ്പത്തികമേഖലക്ക് തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും നൽകിയിരുന്നുവത്രെ. ഇതൊക്കെ അവഗണിച്ചാണ് മോഡി 2016 നവംബർ 16ന് പ്രചാരത്തിലുണ്ടായിരുന്ന 1000, 500 നോട്ടുകൾ ഒറ്റയടിക്ക് അസാധുവാക്കിക്കൊണ്ട് മോഡി രാജ്യത്തെ ജനങ്ങൾക്കുമേൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. കള്ളപ്പണം ഇല്ലാതാവും, പണം കിട്ടാതാവുന്നതോടെ ഭീകരപ്രവർത്തനം അവസാനിക്കും, വികസനപ്രവർത്തനങ്ങൾക്ക് ലക്ഷക്കണക്കിന് കോടി രൂപ സർക്കാരിന്റെ കൈവശം എത്തിച്ചേരും എന്നൊക്കെയായിരുന്നു സർക്കാർ അനുകൂല സാമ്പത്തിക വിദഗ്ധർ അന്ന് വാദിച്ചിരുന്നത്. ഒന്നും നടന്നില്ലെന്നത് പിൽക്കാല ചരിത്രം. നോട്ടുകൾ മാറാൻ ദിവസങ്ങളോളം ബാങ്കുകൾക്കുമുന്നിൽ ക്യൂ നിൽക്കേണ്ടിവന്നതിനെക്കുറിച്ച് പരാതിപ്പെട്ട ജനങ്ങളോട് അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ത്യാഗം ഓർമിപ്പിക്കുകയായിരുന്നു സംഘ ഭക്തന്മാർ. ചെറുകിട സംരംഭങ്ങളെ തകർക്കുകയും, കാർഷിക രംഗത്തെ പിന്നോട്ടടിക്കുകയും തൊഴിലില്ലായ്മ പെരുകാൻ ഇടയാക്കുകയും ചെയ്തതായിരുന്നു ആ തീരുമാനമെന്ന് മെല്ലെ മെല്ലെ രാജ്യത്തെ ജനങ്ങൾക്ക് ഏതാണ്ട് ബോധ്യം വന്ന സാഹചര്യത്തിലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. പക്ഷെ അപ്പോഴും മോഡിയും ഭക്തരും അഭയം പ്രാപിക്കുന്നത് അതിർത്തിയിലെ പട്ടാളക്കാരിലും രാജ്യസ്‌നേഹത്തിലുമാണ്. പുൽവാമ ഭീകരാക്രമണവും, ബാലകോട്ട് വ്യോമാക്രമണവുമാണ് അവരുടെ പിടിവള്ളി.
എന്തൊക്കെയാണ് രാജ്യസ്‌നേഹം എന്ന പരിച ഉയർത്തിക്കാട്ടി മോഡി സർക്കാരും ബി.ജെ.പിയും തടുക്കാൻ ശ്രമിക്കുന്നത്. പുൽവാമയിൽ നാൽപതിലേറെ സി.ആർ.പി.എഫ് വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന് പിന്നിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അത്. വീഴ്ചയുണ്ടായെന്ന് ജമ്മു കശ്മീർ ഗവർണർ തന്നെ പറഞ്ഞതാണ്. പക്ഷെ പ്രതിപക്ഷമോ, മാധ്യമങ്ങളോ അത് ചോദിച്ചാൽ അവർക്ക് രാജ്യദ്രോഹി പട്ടം ചാർത്തിക്കൊടുക്കും. 
പുൽവാമക്ക് തിരിച്ചടിയെന്നാണം ഇന്ത്യ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങൾ ചോദിച്ചാലും അതുതന്നെ. 350ലേറെ ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ അവകാശപ്പെടുന്നത്. പക്ഷെ ആക്രമണം നടത്തിയ വ്യോമസേന പോലും അത് സ്ഥിരീകരിക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ കണക്ക് തങ്ങൾ എടുക്കാറില്ലെന്നാണ് വ്യോമസേനാ മേധാവി പറഞ്ഞത്. ആൾനാശമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തതുമില്ല. അതിനിടെ, വ്യോമാക്രമണത്തിൽ പാക്കിസ്ഥാനിൽ ആൾനാശമുണ്ടായിട്ടില്ലെന്നും, കുറേ പൈൻ മരങ്ങൾ നശിച്ചതേയുള്ളുവെന്നും, തങ്ങൾക്ക് പരിസ്ഥിതിനാശം വരുത്തിയതിന് ഇന്ത്യക്കെതിരെ യു.എന്നിൽ പരാതി നൽകുമെന്ന് പാക് സർക്കാർ പറഞ്ഞു. ഇതോടെയാണ് വ്യോമാക്രമണത്തിൽ പറയപ്പെട്ടതുപോലെ ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന സ്വാഭാവിക സംശയം ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളും ചില മാധ്യമങ്ങളും ഉന്നയിച്ചത്. അതോടെ രാജ്യസ്‌നേഹത്തിന്റെ മുറം വീശുകയാണ് ബി.ജെ.പിയും സർക്കാർ അനുകൂല മാധ്യമങ്ങളും. ചോദ്യം ചോദിക്കുന്നവർക്കെല്ലാം പാക്കിസ്ഥാൻ സ്വരമെന്നാണ് അവരുടെ വാദം.
മോഡി സർക്കാരിനെ ശരിക്കും പ്രതിക്കൂട്ടിലാക്കിയ റഫാൽ ഇടപാടിലെ അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനും രാജ്യസ്‌നേഹം തന്നെ കൂട്ട്. ഇടപാടിൽ അംബാനിക്കുവേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടൽ നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ ദി ഹിന്ദു ദിനപത്രം പുറത്തുവിട്ടതോടെ രാജ്യസ്‌നേഹികൾ വീണ്ടും സടകുടഞ്ഞു. ഹിന്ദു പത്രത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യുകയാണ് സംഘപരിവാർ. കാവൽക്കാരൻ കള്ളനാണ് എന്നുപറഞ്ഞ് റഫാൽ ഇടപാടിൽ നിരന്തരം ആരോപണമുന്നയിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, റഫാലിന്റെ എതിരാളികളായ കമ്പനിക്കുവേണ്ടിയാണ് വാദിക്കുന്നതെന്ന വിചിത്ര മറുവാദവും അവർ ഉയർത്തുന്നു.
പക്ഷെ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ സർക്കാർ സ്വയം അപഹാസ്യമാകുന്നതും കണ്ടു. പത്രത്തിൽ വന്ന രേഖകൾ പ്രതിരോധ വകുപ്പിൽനിന്ന് മോഷണം പോയതാണെന്നും, സർക്കാർ അതേക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും കോടതിയിൽ വാദിച്ച അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പരമാബദ്ധമാണ് കാണിച്ചതെന്ന് മനസ്സിലാക്കിയില്ല. മോഷ്ടിച്ച രേഖകൾ യഥാർഥത്തിലുള്ളതാണെങ്കിൽ എന്ത് കുഴപ്പമെന്ന് കോടതി തിരിച്ചുചോദിച്ചപ്പോഴാണ് ആ പ്രഗൽഭ അഭിഭാഷകനുപോലും അമളി മനസ്സിലായത്. അതോടെ രേഖകൾ മോഷ്ടിക്കപ്പെട്ടില്ലെന്നും പത്രത്തിൽ വന്നത് ഫോട്ടോ കോപ്പിയാണെന്നുമുള്ള പരിഹാസ്യമായ വാദമാണ് അദ്ദേഹം നടത്തിയത്. ഏതായാലും കേസ് കോടതി പരിഗണനയിലാണ്. 
തെരഞ്ഞെടുപ്പിന്റെ ദിനങ്ങൾ അടുത്തുവരുന്തോറും കപട രാജ്യസ്‌നേഹം എന്ന ഒരൊറ്റ അജണ്ട മാത്രമേ മോഡിക്കും ബി.ജെ.പിക്കുമുള്ളു. അതായത് സർക്കാരിന്റെ വീഴ്ചകളാവട്ടെ, അഴിമതിയാവട്ടെ, രാജ്യത്ത് നിലനിൽക്കുന്ന ഭയാനകമായ വർഗീയ ധ്രുവീകരണമാവട്ടെ ഒന്നിനെക്കുറിച്ചും ആരും ചോദ്യം ചെയ്യരുത്. ചോദ്യം ചെയ്താൽ അവർ രാജ്യദ്രോഹിയാവും. തൊഴിലില്ലായ്മ പെരുകുന്നതിനെക്കുറിച്ച് ചോദ്യം ചോദിച്ചാലും രാജ്യദ്രോഹി തന്നെ. എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നു മാത്രമല്ല, എന്ത് ചിന്തിക്കണമെന്നുപോലും ഭരണകൂടം നിർദേശിക്കുന്ന ഭയാനകമായ അവസ്ഥ. ഒരു പ്രമുഖ ഡിറ്റർജന്റ് കമ്പനിയുടെ ഹോളി പരസ്യത്തിൽ മുസ്‌ലിം ആൺകുട്ടിയും ഹിന്ദു പെൺകുട്ടിയും ഒരുമിച്ച് വരുന്നതുപോലും ഇവർക്ക് സഹിക്കാനാവുന്നില്ല. എത്രമാത്രം ഇടുങ്ങിയിരിക്കുന്നു ഇവരുടെ മനസ്സ്. അതേ, രാജ്യം തന്നെ ഇരുട്ടുമൂടിയ ഇടുങ്ങിയ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. വെളിച്ചം കാണാനാവുമോ എന്ന് മേയ് 23നറിയാം.
 

Latest News