Tuesday , May   21, 2019
Tuesday , May   21, 2019

അവസാനിക്കാത്ത സ്വപ്‌നങ്ങളുമായി യെദ്യൂരപ്പ 

കോൺഗ്രസിനൊപ്പം നിൽക്കുന്ന ചെറിയ കക്ഷികളെയല്ല ബി.ജെ.പി നോട്ടമിടുക. കോൺഗ്രസ് എം.എൽ.എമാരെ തന്നെയായിരിക്കും. ഇതു തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്കയും. കേരളത്തിലെ സരസനായ മുഖ്യമന്ത്രി മൺമറഞ്ഞ ഇ.കെ നായനാർ പറയാറുള്ളത് പോലെ പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസുമായി മാറുന്ന നേതാക്കളാണല്ലോ എപ്പോഴും പ്രശ്‌നം.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പിയായിരുന്നു. മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ വീണ്ടും കസേരയിലെത്തുമെന്ന പ്രതീതി വരെയുണ്ടായി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. നഴ്‌സറി കുഞ്ഞുങ്ങളേക്കാൾ ദുർബല മനസുള്ള എം.എൽ.എമാരെ ഒരുവിധം കൂടെ നിർത്തിയെന്നേയുള്ളു. ചെറിയ പാർട്ടിയായ ജനതാദളിന് സംസ്ഥാനം ഭരിക്കാൻ അവസരം നൽകുകയെന്ന വിശാല മനസ്സ് പ്രകടിപ്പിച്ചാണ് കോൺഗ്രസ് ദേശീയ നേതൃത്വം ദക്ഷിണേന്ത്യയിലെ സുപ്രധാന സംസ്ഥാനത്തെ ഭരണം പിടിച്ചുനിർത്തിയത്. എന്നാൽ ഇതു കൊണ്ടൊന്നും അടങ്ങില്ലെന്നാണ് മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഏറ്റവും പുതിയ പ്രസ്താവന തെളിയിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പി 22 ലോക്‌സഭാ മണ്ഡലങ്ങളിൽ വിജയിക്കുന്നപക്ഷം, ഒറ്റ ദിവസത്തിനകം ഭരണമാറ്റമെന്നാണ് ഓഫർ. പാക്കിസ്ഥാനിലെ വ്യോമാക്രമണ വേളയിൽ പറഞ്ഞത് പോലെയല്ല ഇത്. കർണാടകയിൽ ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും വ്യോമാക്രമണവും ബന്ധപ്പെടുത്തിയായിരുന്നു അന്നത്തെ ഡയലോഗ്. 
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പിക്ക് 28ൽ 22 സീറ്റ് കിട്ടിയാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ താമര വിരിയുമെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. അതായത് ജെഡിഎസ്-കോൺഗ്രസ് സർക്കാർ വീഴുമെന്നർഥം. കർണാടകയിൽ പ്രതിപക്ഷത്താണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളും ബിജെപി നേടുമെന്ന് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. ഇന്നലെ യാരഗട്ടിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ഈ ഓഫർ അദ്ദേഹം വ്യക്തമാക്കിയത്. 
തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുപ്പ് ചട്ടം പുറപ്പെടുവിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് യെദ്യൂരപ്പയുടെ ഈ വിവാദ പ്രസ്താവന. 
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടിരുന്നു. ഭൂരിപക്ഷത്തിന് ഏഴ് എംഎൽഎമാരുടെ കുറവാണുണ്ടായിരുന്നത്. 
ഇന്ത്യയിൽ ഭരണമാറ്റത്തിന്റെ സൂചന നൽകിയ ആദ്യ തെരഞ്ഞെടുപ്പ് ഫലങ്ങളിലൊന്നാണ് കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിലെ സമ്പന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് സവിശേഷതകളേറെയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയായിട്ടും ഇലക്ഷന് ശേഷമുണ്ടാക്കിയ സഖ്യത്തിലൂടെയാണ് ജനതാദൾ -കോൺഗ്രസ് മന്ത്രിസഭ അധികാരമേറ്റത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ തന്ത്രങ്ങൾ നിഷ്പ്രഭമാക്കിയാണ് അധികാരമേറ്റതെന്ന സവിശേഷത കൂടിയുണ്ട്. ഭരണ സ്ഥിരതയില്ലായ്മയ്ക്ക് പണ്ടേ കുപ്രസിദ്ധമാണ് കർണാടക. മുൻ ഭരണത്തിൽ മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധ രാമയ്യ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. 2013 മേയിലാണ്  സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തത്. അഞ്ച് വർഷംപൂർത്തിയാക്കിയാണ് അദ്ദേഹം പടിയിറങ്ങിയത്. 1972-1977 വരെ ഭരണ കാലാവധി പൂർത്തിയാക്കിയ ഡി. ദേവരാജാണ് ഇതിന് മുമ്പ് അവസാനമായി അഞ്ച് വർഷം പൂർത്തിയാക്കിയ മുഖ്യമന്ത്രി. 1980ന് ശേഷം ആർക്കും അഞ്ച് വർഷം പൂർത്തിയാക്കാൻ സാധിച്ചില്ല. കർണാടകയിൽ 19 സർക്കാരും നാല് തവണ പ്രസിഡന്റ്  ഭരണവുമായിരുന്നു.  
ഇത്തവണ കർണാടകയിലെ കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ടു പിടിക്കുന്നതിന് പ്രത്യേക പേര് നൽകിയിരുന്നു-ഓപ്പറേഷൻ ലോട്ടസ്. 
കർണാടകയിലെ ഒളിവിലായിരുന്ന കോൺഗ്രസ് എം.എൽ.എമാർ തിരിച്ചെത്തിയതാണ് ഓപ്പറേഷൻ ലോട്ടസിന് വിഘാതമായത്. ബി.ജെ.പിയുടെ കസ്റ്റഡിയിൽ നിന്ന് തിരിച്ചെത്തിക്കാൻ പ്രലോഭനങ്ങൾ ഏറെ വേണ്ടിവന്നുവെന്നാണ് സംസാരം.  ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് പറയുന്ന യെദ്യൂരപ്പ ഇതിന് മുമ്പും സമാന പ്രഖ്യാപനം നടത്തിയിരുന്നു. 
ജനുവരി 23 ന് കർണാടകത്തിൽ ബിജെപി അധികാരത്തിൽ ഏറുമെന്ന് യെദ്യൂരപ്പ ആവർത്തിക്കുന്നതിനിടെയാണ് ഇതിന് മുമ്പ് എം.എൽ.എമാർ റിസോർട്ട് വാസം കഴിഞ്ഞ് കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തിയത്. 
നിലവിൽ 116 പേരുടെ പിന്തുണയാണ് കോൺഗ്രസ്-ജെഡിഎസ് സർക്കാരിനുള്ളത്. കേവല ഭൂരിപക്ഷം നേടാൻ 106 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. 16 എംഎൽഎമാരെയെങ്കിലും രാജിവെപ്പിച്ചാൽ മാത്രമേ ബിജെപിക്ക് അധികാരം നേടാൻ കഴിയുള്ളൂ. അതിന് ഇനിയും പല നമ്പറുകളും പുറത്തിറക്കേണ്ടി വരും. 
ബി ജെ പിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ കൂടിയാണ് കർണാടക. ആവനാഴിയിലെ സകല തന്ത്രങ്ങളും പയറ്റാനാണ് നീക്കം. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതു മുതൽ ശ്രമിച്ചിരുന്നു. 
മോഡി ഭരണം തുടങ്ങിയശേഷം കോൺഗ്രസ് പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുകയുണ്ടായി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് വിജയങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പുതുജീവൻ കൈവരിച്ചത്. 
ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് കർണാടകയിൽ നടന്നത്. 9500 മുതൽ 10,500 കോടിയാണ് തെരഞ്ഞെടുപ്പിന് വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ ഒഴുക്കിയത്. ദൽഹി ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മീഡിയ സ്റ്റഡീസാണ് കണക്ക് തയാറാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഇരട്ടി തുകയാണ് കർണാടകയിൽ ചെലവായിരിക്കുന്നത്. ഇതേ രീതിയിൽ പോയാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അറുപതിനായിരം കോടി വരെ ചെലവ് പ്രതീക്ഷിക്കാമെന്നാണ് കണക്കു കൂട്ടൽ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30,000 കോടി രൂപയായിരുന്നു ചെലവ്. 
രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നായി അണിനിരന്നാൽ ബിജെപിയെ  പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഈ വർഷം ആദ്യം നടന്ന ചില ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ  വ്യക്തമാക്കിയിരുന്നു. അതിനെ ഒന്നു കൂടി അരക്കിട്ടു ഉറപ്പിക്കുന്നതായിരുന്നു  കർണാടകയിലെ ഫലം.  
ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിൽ നീണ്ട  15 വർഷത്തെ ഭരണം നഷ്ടപ്പെട്ടത് ബിജെപിയുടെ അഭിമാനത്തിനേറ്റ കനത്ത ആഘാതമാണ്. 
230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപി നേടിയത് 109 സീറ്റുകളും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം കോൺഗ്രസിന് ലഭിച്ചില്ല. ഇതോടെ ബിഎസ്പിയുടെ രണ്ട്  എംഎൽഎമാരേയും എസ്പിയുടെ ഒരു എംഎൽഎയേയും നാല് സ്വതന്ത്രരേയും കൂട്ടി സഖ്യകക്ഷി സർക്കാർ രൂപീകരിക്കുകയായിരുന്നു. കോൺഗ്രസിനൊപ്പം നിൽക്കുന്ന ചെറിയ കക്ഷികളെയല്ല ബി.ജെപി നോട്ടമിടുക. കോൺഗ്രസ് എം.എൽ.എമാരെ തന്നെയായിരിക്കും. ഇതു തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്കയും. കേരളത്തിലെ സരസനായ മുഖ്യമന്ത്രി മൺമറഞ്ഞ ഇ.കെ നായനാർ പറയാറുള്ളത് പോലെ പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസുമായി മാറുന്ന നേതാക്കളാണല്ലോ എപ്പോഴും പ്രശ്‌നം. സമൂഹ മാധ്യമങ്ങളിൽ സജീവമാവാറുള്ള ജിദ്ദയിലെ ഒരു രസികൻ പറഞ്ഞതോർത്ത് പോവുകയാണ്. നിതാഖാത്തും ലെവിയും കൂടിക്കൂടി ഇവിടെ പിടിച്ചു നിൽക്കാൻ വയ്യാതായാൽ ഒറ്റ പണിയേ ഉള്ളൂ. ബംഗളുരുവിലേക്ക് വണ്ടി കയറുക. നാല് കോൺഗ്രസ് ജനപ്രതിനിധികളെ ഒപ്പിച്ചെടുത്ത് അമിത് ഷാജിയ്ക്ക് വിൽക്കുക, ശിഷ്ടകാലം സുഖമായി നാട്ടിൽ കഴിയാമല്ലോ. വാട്ട് ആൻ ഐഡിയ സാബ്ജി. 

Latest News