Tuesday , May   21, 2019
Tuesday , May   21, 2019

പാവപ്പെട്ടവന്റെ നിലവിളി കേൾക്കാത്ത മോഡി അംബാനിമാർ മന്ത്രിച്ചാൽ പോലും കേൾക്കും- രാഹുൽ

തൃശൂർ -  യു.പി.എ അധികാരത്തിലെത്തിയാൽ രാജ്യത്ത് അടിസ്ഥാന വേതനം ഉറപ്പാക്കി ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഒരു നിശ്ചിത വരുമാനത്തെ അടിസ്ഥാന വേതനമായി നിശ്ചയിച്ച് അതിനു താഴെ വരുമാനം വാങ്ങുന്നവർക്ക് അടിസ്ഥാന വരുമാനത്തിലെത്താനുള്ള സാമ്പത്തിക സഹായം നൽകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 
തൃപ്രയാറിൽ ദേശീയ മത്സ്യത്തൊഴിലാളി പാർലമെൻറിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി.
അടിസ്ഥാന വേതനമടക്കമുള്ള കാര്യങ്ങൾ നടപ്പാക്കി രാജ്യത്ത് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
യുപിഎ അധികാരത്തിലെത്തിയാൽ പാർലമെൻറിലും നിയമസഭകളിലം 33 ശതമാനം വനിത പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ജിഎസ്ടി ഘടനയിൽ മാറ്റമുണ്ടാക്കുമന്നും രാഹുൽ പറഞ്ഞു.
യുപിഎ അധികാരത്തിൽ വന്നാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുൽഗാന്ധി വാഗ്ദാനം ചെയ്തു. നിങ്ങളുടെ ശബ്ദം കേൾക്കാൻ ദൽഹിയിൽ ഒരു മന്ത്രാലയമുണ്ടാകുമെന്ന് രാഹുൽ ഉറപ്പുനൽകിയപ്പോൾ തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ കരഘോഷമുയർത്തി. മോദിയെ പോലെ കപടവാഗ്ദാനങ്ങൾ നൽകുന്നയാളല്ല താനെന്നും നടപ്പാക്കാൻ കഴിയുമെന്നത് മാത്രമേ താൻ പ്രസംഗിക്കാറുള്ളുവെന്നും രാഹുൽ പറഞ്ഞു. 
മത്സ്യത്തൊഴിലാളികളും പാവപ്പെട്ട കർഷകരുമടക്കമുള്ളവരുടെ ശബ്ദം പ്രധാനമന്ത്രി നരേന്ദ്രമോഡി കേൾക്കുന്നില്ലെന്നും എന്നാൽ അംബാനിക്കും നീരവ് മോഡിക്കുമൊക്കെ മോദിയോട് ഒരു കാര്യം പറയണമെങ്കിൽ അത് മന്ത്രിച്ചാൽ മതി പത്തു സെക്കൻറിനുള്ളിൽ മോഡി കേട്ട് അത് സാധ്യമാക്കുമെന്നും  രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. 
സാധാരണക്കാരായ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടി സംസാരിക്കുമ്പോൾ പലരും തന്നെക്കുറിച്ച് പരാതി പറയുന്നത് കേൾക്കാറുണ്ടെന്നും എന്നാൽ എഴുപതിനായിരം കോടി രൂപ വമ്പൻ വ്യവസായഭീമൻമാർക്ക് വേണ്ടി എഴുതിത്തള്ളിയ മോഡിയെക്കുറിച്ച് ആർക്കും പരാതിയില്ലെന്നും രാഹുൽ ഓർമിപ്പിച്ചു. പാവങ്ങളായ കർഷകരുടെ കടം എഴുതിത്തള്ളിയാൽ അവർ പ്രവൃത്തിചെയ്യാത്തവരായി മാറുമെന്ന തെറ്റായ സന്ദേശം നൽകുമെന്നാണ് പറയുന്നത്. എന്നാൽ പതിനഞ്ച് ധനികർക്ക് വേണ്ടി മൂന്നരലക്ഷം കോടി കടമാണ് എഴുതിത്തള്ളിയത്. അംബാനി, നീരവ് മോദി എന്നിവർക്കു വേണ്ടി അത്രയും കോടി രൂപയുടെ കടം എഴുതിത്തള്ളി. എന്തുകൊണ്ടാണ് ഇത് തെറ്റായ സമീപനമാണെന്ന് ആരും കുറ്റപ്പെടുത്താത്തതെന്നും രാഹുൽ ആശ്ചര്യം പ്രകടിപ്പിച്ചു.
വൻകിട വ്യവസായ ഭീമൻമാർക്ക് ഇത്രയേറെ പണം നൽകിയിട്ട് അവരെത്ര തൊഴിലവസരങ്ങൾ ഈ നാട്ടിലെ യുവജനങ്ങൾക്കായി സൃഷ്ടിച്ചുവെന്ന് രാഹുൽ ചോദ്യമുന്നയിച്ചു. തൊഴിൽരഹിതരായ യുവജനങ്ങൾക്ക് പണം നൽകിയാൽ അവർ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മുപ്പതു ലക്ഷം കൊടുത്താൽ കേരളത്തിലെ യുവജനസംരംഭകർ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മിടുക്കൻമാരാണെന്നും രാഹുൽ പറഞ്ഞു.
തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടന്ന പാർലമെൻറിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്‌നിക്, വി.എം.സുധീരൻ തുടങ്ങിയവർ പങ്കെടുത്തു. 
രാവിലെ 10.43നാണ് രാഹുൽ പരമ്പരാഗത വഞ്ചിയുടെ മാതൃകയിലൊരുക്കിയ വേദിയിലേക്ക് തൂവെള്ള വസ്ത്രധാരിയായി എത്തിയത്. വിവിധ ഭാഷകളിലാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ രാഹുലിനെ അഭിവാദ്യം ചെയ്ത് വരവേറ്റത്. ദേശീയ ഗാനത്തോടെ പാർലമെൻറിന് തുടക്കമായതോടെ  സ്വാഗതവും അധ്യക്ഷനുമൊന്നുമില്ലാതെ നേരെ മത്സ്യതൊഴിലാളി നേതാക്കളുമായി രാഹൂൽ സംവാദത്തിലേർപ്പെടുകയായിരുന്നു. കർണ്ണാടകയിലെ പ്രതിനിധിയാണ് ആദ്യം സംവാദത്തിൽ ചോദ്യമുന്നയിച്ചത്. തുടർന്ന്  മഹരാഷ്ട്ര, ലക്ഷദ്വീപ്, ആന്ധ്ര, തമിഴ്‌നാട്, ഒഡീഷ, കേരളം എന്നിവടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചോദ്യങ്ങളുന്നയിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് രാഹുൽ മറുപടി പറഞ്ഞത്.

Latest News