Friday , March   22, 2019
Friday , March   22, 2019

സൗദിയില്‍ മൃഗസംരക്ഷണ നിയമം ലംഘിച്ച 25 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ

റിയാദ് - മൃഗസംരക്ഷണ നിയമവും കാലി സമ്പത്ത് നിയമവും വെറ്ററിനറി മെഡിക്കൽ പ്രൊഫഷൻ നിയമവും ലംഘിച്ച 25 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പിഴ ചുമത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. 
നിയമ ലംഘകർക്ക് ആകെ 5,65,000 റിയാലാണ് പിഴ ചുമത്തിയത്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെ കാലികളെയും പക്ഷികളെയും ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് നീക്കം ചെയ്യൽ, അനധികൃതമായി പാൽ വിൽപന നടത്തൽ, രോഗം ബാധിച്ച കാലികളെ വിൽപന നടത്തൽ, കാലികളെ പട്ടിണിക്കിടൽ, മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസില്ലാതെ വെറ്ററിനറി സ്ഥാപനങ്ങൾ ആരംഭിക്കൽ, വെറ്ററിനറി ഡോക്ടർമാരായി ആൾമാറാട്ടം നടത്തൽ എന്നീ നിയമ ലംഘനങ്ങൾക്കാണ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴകൾ ചുമത്തിയതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് വെറ്ററിനറി കൺട്രോൾ മേധാവി ഡോ. അലി അൽദുവൈരിജ് അറിയിച്ചു. 
മക്ക പ്രവിശ്യയിൽ പതിമൂന്നും റിയാദിൽ എട്ടും മദീനയിൽ രണ്ടും നിയമ ലംഘനങ്ങളാണ് രണ്ടു മാസത്തിനിടെ കണ്ടെത്തിയത്. ജിസാൻ, അൽഖസീം പ്രവിശ്യകളിൽ ഓരോ നിയമ ലംഘനങ്ങളും കണ്ടെത്തി. മൃഗസംരക്ഷണ, കാലി സമ്പത്ത്, വെറ്ററിനറി മെഡിക്കൽ പ്രൊഫഷൻ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രാലയം മടിച്ചുനിൽക്കില്ല. നിയമ ലംഘനങ്ങളെ കുറിച്ച് ടോൾ ഫ്രീ നമ്പറായ 8002470000 ൽ ബന്ധപ്പെട്ട് പരാതികൾ നൽകണം. ഇരുപത്തിനാലു മണിക്കൂറും പരാതികൾ സ്വീകരിക്കുമെന്നും ഡോ. അലി അൽദുവൈരിജ് പറഞ്ഞു.

Latest News