Friday , March   22, 2019
Friday , March   22, 2019

പെട്രോൾ ബങ്കുകൾ അടപ്പിക്കുന്നത് നീട്ടിവെക്കാന്‍ മന്ത്രിയുടെ നിർദേശം

റിയാദ് - സാവകാശം നൽകിയ സമയത്തിനകം പദവി ശരിയാക്കാത്ത പെട്രോൾ ബങ്കുകൾ അടപ്പിക്കുന്നത് നീട്ടിവെക്കുന്നതിന് ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി ഡോ. മാജിദ് അൽഖസബി നഗരസഭകൾക്ക് നിർദേശം നൽകി. പദവി ശരിയാക്കാത്തതിന് നിരവധി പെട്രോൾ ബങ്കുകൾ അടുത്തിടെ നഗരസഭകൾ അടപ്പിച്ചിരുന്നു. ഇത് ചില പ്രവിശ്യകളിലും നഗരങ്ങളിലും ഹൈവേകളിലും ഇന്ധന ലഭ്യതക്ക് ഭംഗമുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് ബങ്കുകൾ അടപ്പിക്കുന്നത് നീട്ടിവെക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി നിർദേശം നൽകിയത്. 
പെട്രോൾ ബങ്കുകളുടെ പദവികൾ ശരിയാക്കുന്നതിന് അനുയോജ്യമായ പോംവഴികൾ കണ്ടെത്തി വേണ്ട ശുപാർശകൾ തയ്യാറാക്കി സമർപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിന് മന്ത്രി നിർദേശിച്ചു. കമ്മിറ്റി പ്രവർത്തനം പൂർത്തിയാക്കുന്നതുവരെ പെട്രോൾ ബങ്കുകൾ അടപ്പിക്കുന്നത് നീട്ടിവെക്കുന്നതിനാണ് നിർദേശം. എക്‌സ്പ്രസ്‌വേകളിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കുകളിലെയും സർവീസ് സെന്ററുകളിലെയും സേവന നിലവാരം മൂല്യനിർണയം നടത്തണമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 
പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ക്രമീകരിക്കുന്ന പരിഷ്‌കരിച്ച നിയമാവലി അനുസരിച്ച വ്യവസ്ഥകൾ പാലിക്കുന്നതിന് സാധിക്കുന്നതിന് പെട്രോൾ ബങ്കുകളോട് ചേർന്ന സ്ഥലങ്ങൾ ബങ്കുകളിൽ കൂട്ടിച്ചേർക്കുന്നതിന് അനുവദിക്കണമെന്ന് എക്‌സ്പ്രസ്‌വേകളിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കുകളുടെ ഉടമകൾ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ക്രമീകരിക്കുന്ന പരിഷ്‌കരിച്ച നിയമാവലി ബങ്കുകളെ നാലു വിഭാഗമായി തരംതിരിക്കുന്നു. എക്‌സ്പ്രസ് വേകളിൽ പ്രവർത്തിക്കുന്ന എ വിഭാഗം പെട്രോൾ ബങ്കുകളുടെ വിസ്തീർണം പതിനായിരം ചതുരശ്രമീറ്ററിലും ബി വിഭാഗം പെട്രോൾ ബങ്കുകളുടെ വിസ്തീർണം ആറായിരം ചതുരശ്രമീറ്ററിലും കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നഗരങ്ങൾക്കകത്ത് പ്രവർത്തിക്കുന്ന സി വിഭാഗം പെട്രോൾ ബങ്കുകളുടെ വിസ്തീർണം മൂവായിരം ചതുരശ്രമീറ്ററായും ഡി വിഭാഗം പെട്രോൾ ബങ്കുകളുടെ വിസ്തീർണം രണ്ടായിരം ചതുരശ്രമീറ്ററായും നിയമാവലി നിർണയിക്കുന്നു. 

Latest News