Tuesday , May   21, 2019
Tuesday , May   21, 2019

അൽഖസീം ലേഡീസ് ഡ്രൈവിംഗ് സ്‌കൂൾ ഉദ്ഘാടനം തിങ്കളാഴ്ച  

ബുറൈദ - അൽഖസീം പ്രവിശ്യയിലെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂൾ അടുത്ത തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. അൽഖസീം യൂനിവേഴ്‌സിറ്റി കോംപൗണ്ടിൽ സ്ഥാപിച്ച ലേഡീസ് ഡ്രൈവിംഗ് സ്‌കൂൾ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമിയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്യുക. ഡ്രൈവിംഗ് സ്‌കൂൾ കെട്ടിടത്തിന് 1,800 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഡ്രൈവിംഗ് പരിശീലനങ്ങൾക്കുള്ള മൈദാനങ്ങൾ 30,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്രൈവിംഗ് പരിശീലനം നൽകുന്നതിന് ഏറ്റവും മികച്ച സിമുലേറ്റർ ഉപകരണങ്ങളും ഡ്രൈവിംഗ് സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. 
ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരിൽ ഡ്രൈവിംഗ് വശമുള്ളവർ ആറു മണിക്കൂറും ഡ്രൈവിംഗ് വശമില്ലാത്തവർ പരമാവധി മുപ്പതു മണിക്കൂറുമാണ് പരിശീലനം നേടേണ്ടത്. ഡ്രൈവിംഗ് ശേഷി എത്രമാത്രം വേഗത്തിൽ ആർജിക്കുന്നുവോ അതിനനുസരിച്ച് ഡ്രൈവിംഗ് വശമില്ലാത്തവർ പരിശീലനം നേടേണ്ട സമയത്തിൽ കുറവുണ്ടാകും. പ്രൈവറ്റ് (ഖുസൂസി) ലൈസൻസിന് അപേക്ഷിക്കുന്നവർ പതിനെട്ട് വയസ് തികഞ്ഞവരും ഉമൂമി ലൈസൻസിന് അപേക്ഷിക്കുന്നവർ ഇരുപതു വയസ് തികഞ്ഞവരും ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇവർ മെഡിക്കൽ പാസാവുകയും വേണം. ഡ്രൈവിംഗ് സ്‌കൂളിൽ നിശ്ചിത മണിക്കൂർ പരിശീലനം പൂർത്തിയാക്കുന്നവർ സൈദ്ധാന്തിക, പ്രായോഗിക ടെസ്റ്റുകൾ പാസായാലാണ് ലൈസൻസ് ലഭിക്കുക. 

Tags

Latest News