Friday , March   22, 2019
Friday , March   22, 2019

ഹോട്ടലുകളില്‍ നിയമലംഘനങ്ങള്‍; സൗദി ടൂറിസം മേഖലാ സ്ഥാപനങ്ങൾക്ക് ഒന്നേമുക്കാൽ കോടി റിയാൽ പിഴ

റിയാദ് - നിയമ ലംഘനങ്ങൾ നടത്തിയതിന് ടൂറിസം മേഖലാ സ്ഥാപനങ്ങൾക്ക് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് കഴിഞ്ഞ വർഷം ഒന്നേമുക്കാൽ കോടിയോളം റിയാൽ പിഴ ചുമത്തി. ടൂറിസം മേഖലാ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം ടൂറിസം, ദേശീയ പൈതൃക വകുപ്പ് നടത്തിയ പരിശോധനകൾക്കിടെ 2,203 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് ആകെ 1.7 കോടിയിലേറെ റിയാൽ പിഴയായി ചുമത്തി. 
ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലുമാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഈ വിഭാഗം സ്ഥാപനങ്ങളിൽ 1,894 നിയമ ലംഘനങ്ങൾ കണ്ടെത്തി. രണ്ടാം സ്ഥാനത്തുള്ള ട്രാവൽ ഏജൻസികളിൽ 264 ഉം മൂന്നാം സ്ഥാനത്തുള്ള ടൂർ ഓപ്പറേറ്റർമാരുടെ ഭാഗത്ത് 21 ഉം നിയമ ലംഘനങ്ങൾ കണ്ടെത്തി. ടൂർ ഗൈഡുമാരുടെ ഭാഗത്ത് പത്തു നിയമ ലംഘനങ്ങളും ഹോട്ടൽ, ഫർണിഷ്ഡ് അപാർട്ട്‌മെന്റ് ബുക്കിംഗ്, മാർക്കറ്റിംഗ് ഓഫീസുകളിൽ എട്ടു നിയമ ലംഘനങ്ങളും ടൈം ഷെയർ സ്ഥാപനങ്ങളുടെ ഭാഗത്ത് ആറു നിയമ ലംഘനങ്ങളും കണ്ടെത്തി. 
നിയമ ലംഘനങ്ങൾ നടത്തുന്ന ടൂറിസം മേഖലാ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ലൈസൻസ് റദ്ദാക്കലും ശിക്ഷ ലഭിക്കും. ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 19988 എന്ന നമ്പറിൽ ബന്ധപ്പെട്ടോ സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയോ സാമൂഹികമാധ്യമങ്ങളിലെ കമ്മീഷൻ അക്കൗണ്ടുകൾ വഴിയോ അറിയിക്കണമെന്ന് വിനോദ സഞ്ചാരികളോടും സന്ദർശകരോടും കമ്മീഷൻ ആവശ്യപ്പെട്ടു. 

Tags

Latest News