Monday , May   20, 2019
Monday , May   20, 2019

പ്രവാസ ഭൂമികയിൽ പ്രതീക്ഷയുടെ നാമ്പുകൾ

ലോക കേരള സഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തെക്കുറിച്ച്

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരത്തിൽ ദുബായിൽ നടന്ന ലോക കേരള സഭ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനം സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 
പ്രവാസി വിഷയങ്ങളിൻമേലുള്ള ചർച്ചയോടെയായിരുന്നു തുടക്കം കുറിച്ചത്. ഇത്രയേറെ കൃത്യനിഷ്ഠയോടെ പരിപാടികളുടെ നിയന്ത്രണം സംഘാടകർ പൂർത്തീകരിച്ചത് പ്രവാസി സമൂഹം അധികാരികളിൽ പ്രതീക്ഷ അർപ്പിക്കുന്നത് കൊണ്ട് തന്നെയാണ്. 
ഗൾഫ് മേഖലയിലെ ഭാവിയിലുള്ള ജോലി സാധ്യതകളും നൈപുണ്യ വികസനത്തിന്റെ സാധ്യതയും എന്ന വിഷയത്തിന്മേൽ നടന്ന ക്രിയാത്മകമായ ചർച്ചക്ക്  മെക്കൻസി കൺസൾട്ടന്റ് വിനയചന്ദ്രൻ തുടക്കമിട്ടു. സാമ്പത്തിക വിദഗ്ധൻ ആൽബിൻ ജോസഫ് (സൗദി), അജിത് കുമാർ വയല (കുവൈത്ത്), സോമൻ ബേബി (ബഹ്‌റൈൻ), കെ.പി. മുഹമ്മദ് കുട്ടി (സൗദി), രാജു കല്ലുംപുറം (ബഹ്‌റൈൻ), ജോർജ് വർഗീസ് (സൗദി) എന്നിവർ മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ പ്രവാസ ലോകത്ത് നിലവിലുള്ള സംഭവ വികാസങ്ങളെ വരച്ചു കാട്ടുന്ന ഒന്നായിരുന്നു.
പ്രവാസ കേരളം ഒരു മിഡിൽ ഈസറ്റ് അനുഭവം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ ചർച്ചക്ക് നേതൃത്വം നൽകി. നമ്മുടെ രാജ്യത്ത് നിന്നും വിവിധ കാരണങ്ങളാൽ മറ്റിതര രാജ്യത്തേക്ക് കുടിയേറിയതോടെയാണ് ഇന്ത്യയുടെ സാമ്പത്തിക പുരോഗതി കൈവരിച്ചതെന്നും കേരളത്തിലെ ഓരോ മേഖലയിലും ഉണ്ടായ വളർച്ച പ്രവാസത്തിന്റെ നേട്ടം മാത്രമണെനും ജാതിയോ മതമോ വർണമോ നോക്കാതെ പരസ്പരം സഹകരിച്ചു ജീവിക്കുന്നത് പ്രവാസ ലോകത്ത് മാത്രമാണെന്നും ബെന്യാമിൻ പറഞ്ഞു. കേരളത്തിലെ നവോഥാന നായകർ ഉഴുതുമറിച്ച നേട്ടങ്ങൾക്ക് തുല്യമാണ് ഗൾഫിൽ പ്രവാസി സമൂഹം ചെയ്യുന്നതെന്നും ഇവിടെ ജാതി ചോദിക്കുന്നതിനു പകരം എവിടെ ജോലി ചെയ്യുന്നു എന്ന് മാത്രമേ പറയാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ രൂപീകരണത്തോടെ തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും ചർച്ച ചെയ്യുന്നതിനു മലയാളികളുടെ ഒരു വേദിയുണ്ടായി എന്നതു പ്രവാസി സമൂഹത്തിനു കൂടുതൽ ആത്മ വിശ്വാസം നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ വീരഗാഥകൾ പാടി പുകഴ്ത്തുന്നതിൽ പ്രസംഗകർക്ക് ഒരു കുറവുമുണ്ടായിരുന്നില്ലെങ്കിലും അടിസ്ഥാന വിഷയങ്ങളുടെ ചർച്ചകളിൽ കാര്യമായ പുരോഗതി പ്രകടമായിരുന്നില്ലെന്നത് പതിവ് രീതി തന്നെയാണ്. പ്രവാസികളെ ബാധിക്കുന്ന അമിത വിമാനക്കൂലിയോ തൊഴിലാളികൾ തൊഴിലിടങ്ങളിൽ അവർ നേരിടുന്ന പീഡനങ്ങളെ കുറിച്ചോ നൂറുകണക്കിനു പരാതികൾ അധികാരികൾക്ക് പല തവണ നൽകിയെങ്കിലും ഇത് ചർച്ചക്ക വിധേയമാക്കാൻ ആരും തയ്യാറായിരുന്നില്ലെന്നത് ശ്രദ്ധിക്കപ്പെട്ടു.
ലോക കേരള സഭയുടെ രൂപീകരണത്തോടെ തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും ചർച്ച ചെയ്യുന്നതിനു മലയാളികളുടെ ഒരു വേദിയുണ്ടായി എന്നതു പ്രവാസി സമൂഹത്തിനു കൂടുതൽ ആത്മ വിശ്വാസം നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം മുഖ്യമന്ത്രി ആവർത്തിച്ചു. ഏപ്രിൽ ആദ്യ വാരത്തോടെ പ്രാവർത്തികമാകുന്ന ഈ പദ്ധതി ചില മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും നടപ്പിലാക്കുക. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനു നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളിൽ സഹായം നൽകുന്നതിനാണ് പ്രധാനമായും നോർക്ക റൂട്ട്‌സിന്റെ ഇടപെടൽ ഉണ്ടാവുക. നിലവിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതും സാമ്പത്തിക സഹായം നൽകേണ്ടതും വിദേശങ്ങളിലെ സ്‌പോൺസർമാരായിരിക്കണം. സ്‌പോൺ്‌സർമാർ കയ്യൊഴിയുന്ന കേസുകളിൽ അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയുടെ സാമൂഹ്യ ക്ഷേമ പദ്ധതിയിൽ നിന്നും മൃതദേഹം നാട്ടിലേക്കയക്കുന്നത്തിനുള്ള ചെലവുകൾ നിലവിൽ നടത്തി വരുന്നുണ്ട്. ഇങ്ങിനെയുള്ള നടപടിക്രമങ്ങൾക്ക് പലപ്പോഴും കാലതാമസം നേരിടാറുണ്ട്. ഇത്തരം കാലതാമസം ഒഴിവാക്കുന്നതിനു കേരള സർക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനം സഹായമാകുമെന്നാണ് കരുതുന്നത്.    
പ്രവാസി വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ലക്ഷ്യമിട്ടു നോർക്കയുടെ നേതൃത്വത്തിൽ എൻ ആർ ഐ വനിതാ സെല്ലുകൾ രൂപീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിപ്ലവാത്മകമായ തുടക്കമാണെന്ന് വിലയിരുത്തുന്നു. വിദേശത്ത് തൊഴിൽ തേടി പോകുന്ന സ്ത്രീകൾക്ക് നേരെ നടക്കുന്ന ചൂഷണം തടയുന്നതിന് ഈ പുതിയ സെല്ലിന് സാധിക്കുമെന്നും ഇതിന്റെ ഭാഗമായി കേരളത്തിലെ വിമാന താവളങ്ങളിൽ വനിതകൾക്കായി മൈഗ്രേഷൻ ഫെസിലിറ്റെഷൻ കേന്ദ്രങ്ങളും പാസ്‌പോർട്ട് ഓഫീസുകളുമായി ബന്ധപ്പെട്ട് പ്രീ എംബാർക്കേഷൻ ഒറിയന്റേഷൻ കേന്ദ്രങ്ങളും തുറക്കുമെന്ന പ്രഖ്യാപനവും പ്രവാസ ലോകത്തുള്ള ഗാർഹിക തൊഴിലാളികളുടെ സുരക്ഷിതത്വം ലക്ഷ്യം വെച്ചുള്ളതാണെന്നു കരുതാം.
പ്രവാസികളുടെ സഹായത്തോടെ എൻ ആർ ഐ കൺസ്ട്രക്ഷൻ കമ്പനി രൂപീകരണവും നവ കേരള നിർമാണത്തിനുള്ള ധനസമാഹരണത്തിനായി പ്രവാസി ബോണ്ടുകൾ പുറത്തിറക്കുമെന്നുള്ളതും ഏറെ ആശാവഹമാണ്. 
പ്രവാസികളുടെ നിക്ഷേപത്തിന് സുരക്ഷിതത്വവും വരുമാനവും നൽകാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതായും പ്രവാസികളുടെ ചെറിയ നിക്ഷേപങ്ങൾ പോലും പൊതു മേഖലാ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു ആകർഷകമായ വരുമാനം ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികളും ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി ലോക കേരള സഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. പ്രവാസികൾക്കായി എൻ ആർ ഐ ഇൻവെസ്റ്റ്‌മെൻറ് കമ്പനി രൂപീകരിക്കുവാനും ഇപ്പോൾ യു എ ഇ യിൽ മാത്രമുള്ള കെ എസ എഫ് ഇ യുടെ പ്രവാസി ചിട്ടി ഈ വർഷാവസാനത്തോടെ ലോകത്തുള്ള എല്ലാ മലയാളികൾക്കും ചേരാവുന്ന വിധത്തിൽ വിപുലപ്പെടുത്തുവാനും  പ്രവാസികളുടെ കലാ സാഹിത്യ അഭിരുചികൾ പ്രോൽസാഹിപ്പിക്കുന്നതിനായി യുവജനോത്സവങ്ങളും സാഹിത്യ പ്രസിദ്ധീകരണങ്ങളും തുടങ്ങുവാനും ആലോചിക്കുന്നതായും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്റ്റുഡൻസ് എക്‌സ്‌ചേഞ്ച് പരിപാടിയും പരിഗണനയിൽ ആണെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. 
 

Latest News