Friday , March   22, 2019
Friday , March   22, 2019

തണ്ടർബോൾട്ട് കേരളം വിടുക, മാവോയിസ്റ്റുകൾ കാട് വിടുക

ജനങ്ങളിൽനിന്ന് മറഞ്ഞിരിക്കാതെ അവരിലൊരാളായി യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകർ മാറേണ്ട കാലത്താണിത് നടക്കുന്നത്. അതും ഇവരുയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് ആശയങ്ങൾ ആഗോളതലത്തിൽ തന്നെ തിരിച്ചടി നേരിട്ടിരിക്കുന്ന ഇക്കാലത്ത്. ആദിവാസികളുടെയടക്കം ഒരു വിഭാഗത്തിന്റേയും രക്ഷാകർത്താക്കളാകാനല്ല, അവരുടെ പോരാട്ടങ്ങളെ പിന്തുണക്കാനാണ് യഥാർത്ഥ രാഷ്ട്രീയബോധമുള്ളവർ ഇന്നു തയ്യാറാകേണ്ടത്. രക്തസാക്ഷികളാകാൻ ഇനിയും ദത്തുപുത്രന്മാർ ആവശ്യമില്ല. 

മൂന്നുവർഷത്തിനുള്ളിൽ മൂന്നു മാവോയിസ്റ്റുകളെയാണ് ഇടതുസർക്കാർ വെടിവെച്ചുകൊന്നിരിക്കുന്നത്. ആദ്യരണ്ടും വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് ഏറെക്കുറെ അന്നുതന്നെ തെളിഞ്ഞിരുന്നു. മൂന്നാമത് വയനാട്ടിൽ സി.പി ജലീലിനെ വധിച്ചതും അങ്ങനെതന്നെയെന്നാണ് റസ്‌റ്റോറന്റ് ജീവനക്കാരുടെയടക്കം വാക്കുകളും സാഹചര്യത്തെളിവുകളും സൂചിപ്പിക്കുന്നത്. തങ്ങൾ പ്രതിപക്ഷത്തായിരുന്നപ്പോൾ തണ്ടർ ബോൾട്ട് എന്ന ഭീകരസേനയെ കേരളത്തിൽ നിലനിർത്തുന്നവരെ എതിർത്തവരാണ് അതേ സേനയെ ഉപയോഗിച്ച് ഈ അരുംകൊലകൾ നടത്തിയത്. യു എ പി എയുടെ വിഷയത്തിലും ഇത്തരത്തിലായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. തങ്ങളുടെ നേതാവ് പി. ജയരാജനെതിരെ യുഎപിഎ വന്നപ്പോഴാണ് അത് ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് ഇടതുപക്ഷത്തിന് ബോധ്യമായത്. 
എല്ലാ നിയമവ്യവസ്ഥകളേയും മനുഷ്യാവകാശങ്ങളേയും ലംഘിച്ചാണ് മേൽപറഞ്ഞ മൂന്നു കൊലകളും എന്നത് വ്യക്തമാണ്. എന്നിട്ടും ഒരക്ഷരമുരിയാടാൻ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി തയാറാവുന്നില്ല. ഭരണപക്ഷ നേതാക്കളും അവരെ കണ്ണടച്ചുപിന്തുണക്കുന്ന സാംസ്‌കാരിക നായകരും മൗനം തുടരുന്നു. പ്രതിപക്ഷം പേരിന് രണ്ടുവാക്കു പറഞ്ഞ് തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചു. 
കൊല്ലപ്പെട്ടത് സായുധസമരത്തിൽ വിശ്വസിക്കുന്ന മാവോയിസ്റ്റുകളായതിനാലായിരിക്കാം മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിരോധവും ദുർബ്ബലമാണ്. മാവോയിസ്റ്റുകൾ ജനാധിപത്യത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങൾക്ക് അവരും അർഹരാണെന്ന പ്രാഥമികതത്വമാണ് വിസ്മരിക്കുന്നത്. മാത്രമല്ല ഒരാൾ ഏതെങ്കിലും ആശയത്തിൽ വിശ്വസിക്കുന്നത് തെറ്റല്ല താനും. കുറ്റകരമായ ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി കേസെടുത്ത് നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. 
മാവോയിസ്റ്റുകൾ വന്നു എന്നുകേൾക്കുമ്പോഴേക്കും ഓടിപ്പോയി വെടിവെച്ചുകൊല്ലുകയല്ല. കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവരെ പോലും സ്ഥാനാർത്ഥികളാക്കുമ്പോഴാണ് മറുവശത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. അങ്ങനെ ചെയ്യുന്ന പോലീസുകാർക്കെതിരെ എഫ് ഐ ആർ ഇട്ട് അന്വേഷണം നടത്തണമെന്ന കോടതിവിധി പോലും നിലവിലുണ്ട്. എന്നാൽ നിലമ്പൂർ വിഷയത്തിൽ ഒന്നും സംഭവിച്ചില്ല. ഇവിടേയും അതിനാണ് സാധ്യത. പേരിനൊരു അന്വേഷണപ്രഹസനം നടത്തി ഫയൽ അടച്ചുവെക്കുമെന്നല്ലാതെ എന്തു സംഭവിക്കാൻ?
മാവോയിസത്തെ നേരിടാനെന്ന പേരിൽ കേന്ദ്രം നൽകുന്ന കോടികൾ ലഭിക്കാനും തണ്ടർ ബോൾട്ടിനെ ഇവിടെ നിലനിർത്താനും ഇത്തരം സംഭവങ്ങൾ അനിവാര്യമാണെന്ന ആരോപണം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ തണ്ടർ ബോൾട്ട് കേരളം വിടുക എന്ന മുദ്രാവാക്യമാണ് ജനാധിപത്യവിശ്വാസികളും മനുഷ്യാവകാശ പ്രവർത്തകരും ഇപ്പോൾ ഉയർത്തേണ്ടത്. അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുമെന്നതിൽ സംശയം വേണ്ട. അതോടൊപ്പം യുഎപിഎ പോലുള്ള കരിനിയമങ്ങളേയും കേരളത്തിൽ നിന്നു കെട്ടുകെട്ടിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
തീർച്ചയായും ഇതിനൊരു മറുവശമുണ്ട്. മാവോയിസ്റ്റുകൾ എന്ന പേരിലുള്ള ഈ വിഭാഗം കേരളത്തിൽ പ്രവർത്തനമാരംഭിച്ചതിനുശേഷം ഒരാളേയും അപായപ്പെടുത്തിയിട്ടില്ല എന്നത് സത്യമാണ്. ഇക്കാലയളവിൽ മറ്റു പ്രസ്ഥാനങ്ങൾ കൊന്നുകളഞ്ഞവരുടെ എണ്ണം എടുക്കാതിരിക്കുകയാണ് ഭേദം. അപ്പോഴും ജനാധിപത്യസംവിധാനത്തിൽ വിശ്വസിക്കാതെയും അതിനെ കൂടുതൽ ശക്തിപ്പെടുത്താനായി പോരാടാതേയും കേരളം പോലുള്ള സമൂഹത്തിൽ സായുധസമരം നടത്താമെന്നത് കേവലം ദിവാസ്വപ്‌നമാണെന്നു മനസ്സിലാക്കാൻ സാമാന്യം ചരിത്രബോധവും രാഷ്ട്രീയബോധവും മാത്രം മതി. 
കാടിനകത്ത് ഒളിച്ചിരുന്ന് എന്താണിവർ ചെയ്യുന്നതെന്ന് ചോദിക്കാതെ വയ്യ. ആദിവാസികൾക്ക് എന്തെങ്കിലും അവകാശങ്ങളോ ഭൂമിയോ നേടിക്കൊടുക്കാൻ ഇവർക്കായിട്ടുണ്ടോ? വർഗ്ഗീസിന്റെ കാലത്തിനുശേഷം ബഹുജനപ്രവർത്തനമാരംഭിച്ച ചില എംഎൽ ഗ്രൂപ്പുകളുടെ സമരങ്ങളുടെ ഫലമായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ അത്തരം ചില വിജയങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് ശരി. 
എന്നാൽ ആദിവാസി വിഷയം ഒരു സജീവവിഷയമായി ഉയർന്നത് അവർക്കിടയിൽനിന്ന് സി കെ ജാനുവിനെ പോലുള്ള സ്വന്തം പോരാളികൾ ഉയർന്നു വന്നശേഷമാണെന്ന് ആർക്കാണറിയാത്തത്. ചരിത്രം രചിച്ച കുടിൽ കെട്ടി സമരവും മുത്തങ്ങ സമരവും നിൽപ്പുസമരവുമൊക്ക നടന്നതിനെ തുടർന്നാണ് ഇക്കാര്യത്തിൽ എടുത്തുപറയത്തക്ക നേട്ടങ്ങളുണ്ടായതും നിരവധി മേഖലകളിൽ ചെറിയ തോതിലാണെങ്കിലും ഭൂവിതരണവും മറ്റും നടന്നതും. ആദിവാസി പ്രശ്‌നങ്ങൾ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അജണ്ടയിലെത്തിയതും അങ്ങനെതന്നെ. അത്തരത്തിലുള്ള പോരാട്ടങ്ങളിലൊന്നും കാര്യമായി കാണാത്തവരാണ് ഈ മാവോയിസ്റ്റുകൾ എത്തതാണ് കൗതുകകരം. അതേസമയം ഇവരുടെ സാന്നിധ്യത്തിന്റെ പേരുപറഞ്ഞ് ആദിവാസിമേഖലകളും വനപ്രദേശങ്ങളുമെല്ലാം തണ്ടർബോൾട്ടിന്റെ നിയന്ത്രണത്തിലായിരിക്കുന്നു. ആദിവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുന്നു. 
ആത്മാർത്ഥമായി സാമൂഹ്യപ്രവർത്തനം നടത്തുന്നവർക്കുപോലും ആദിവാസി കോളനികളിൽ പോകാൻ തണ്ടർ ബോൾട്ടിന്റെ അനുമതി വേണമെന്നായിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗുരുതരമായ ഈ വിഷയങ്ങളെയും പരാമർശിക്കാതെ വയ്യ. അതിനാൽ തന്നെ തണ്ടർ ബോൾട്ട് കേരളം വിടുക എന്നാവശ്യപ്പെടുന്നതോടൊപ്പം മാവോയിസ്റ്റുകൾ കാട്ടിൽനിന്നു പുറത്തുവരുക എന്ന ആവശ്യവും രാഷ്ട്രീയമായി ഉന്നയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിൽ മവോയിസ്റ്റ് പ്രവർത്തനം ഏതെങ്കിലും രീതിയിൽ പ്രസക്തമാണെങ്കിൽ അത് ഛത്തിസ്ഗഡ്, ജാർഖണ്ട് പോലുള്ള മേഖലകളിലാണ്. പ്രകൃതിവിഭവങ്ങളുടെ മേലുള്ള കോർപ്പറേറ്റുകളുടെ ചൂഷണത്തിനായി സ്വന്തം ജനതക്കുമേൽ സർക്കാർ യുദ്ധം നടത്തുന്ന മേഖലകളാണവ. അവിടെപോലും  ചൂഷണം ചെയ്യപ്പെടുന്ന മുഴുവൻ വിഭാഗങ്ങളേയും ഐക്യപ്പെടുത്തിയുള്ള ജനാധിപത്യപോരാട്ടത്തിനു പകരം മാവോയിസ്റ്റുകൾ നടത്തുന്ന സായുധസമരം ആത്യന്തികമായി നേടുന്നതെന്താണ്? എന്നാൽ വൻകിട കോർപ്പറേറ്റുകൾക്കെതിരെ അവർ ആയുധം ഉപയോഗിക്കുന്നുണ്ടോ? ആയുധമേന്തിയ ഭരണകൂടത്തിനും മാവോയിസ്റ്റുകൾക്കുമിടയിൽ നിസ്സഹായരാകുന്ന ആദിവാസികളുടെ ദയനീയചിത്രം  സോണി സോറിയെ പോലുള്ളവർ വരച്ചുകാട്ടിയില്ലേ?  ഇവിടെയാകട്ടെ അത്തരമൊരു പ്രസക്തിപോലുമില്ല. കാടുകളിൽ ഒളിഞ്ഞിരുന്നല്ല, ജനമധ്യത്തിലേക്കിറങ്ങി വന്ന് ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങളെ ഏകോപിപ്പിച്ച് നടത്തേണ്ട ജനാധിപത്യസമരങ്ങളാണ് കേരളം ആവശ്യപ്പെടുന്നത്. 
ആദിവാസികൾക്കു പുറമെ ദളിതർ, തോട്ടം തൊഴിലാളികൾ, സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ, കർഷകർ, അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നവർ, ഇതര സംസ്ഥാനത്തൊഴിലാളികൾ, ട്രാൻസ് ജെന്ററുകൾ തുടങ്ങി ലക്ഷക്കണക്കിനു വിഭാഗങ്ങളാണ് ജീവിതം കരുപിടിപ്പിക്കാൻ പാടുപെടുന്നത്. പരമ്പരാഗതമേഖലകൾ തകരുമ്പോൾ തന്നെ ആധുനിക മേഖലകൾ വളരുന്നില്ല. പരിസ്ഥിതിയെ തകത്തു തരിപ്പണമാക്കി. പ്രളയവും വരൾച്ചയും രൂക്ഷം. കൃഷിഭൂമി ഇല്ലാതായി.  പശ്ചിമഘട്ടത്തെ തുരന്നുകൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ ഉണ്ടായിരുന്ന നേട്ടങ്ങളെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. 
വൻകിടകുത്തകകളുടെ ഏറ്റവും മികച്ച മാർക്കറ്റാണ് ഇന്നു കേരളം. പുരുഷാധിപത്യവും സവർണാധിപത്യവും കൈകോർത്തിരിക്കുന്നു. മനുസ്മൃതി ആശയങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം രൂക്ഷമാകുന്നു. 
എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ സംവിധാനത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്നു. രാഷ്ട്രീയമാകട്ടെ ക്രിമിനൽവൽക്കരിക്കപ്പെടുന്നു.  ഇത്തരത്തിലുള്ള അവസ്ഥയെയാണ് ഏതാനും ആയുധങ്ങളുമായി ഒരുപിടിപേർ കാട്ടിലൊളിച്ചിരുന്ന് മാറ്റിതീർക്കാമെന്നു കരുതുന്നത്. ജനങ്ങളിൽനിന്ന് മറഞ്ഞിരിക്കാതെ അവരിലൊരാളായി യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകർ മാറേണ്ട കാലത്താണിത് നടക്കുന്നത്. 
അതും ഇവരുയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് ആശയങ്ങൾ ആഗോളതലത്തിൽ തന്നെ തിരിച്ചടി നേരിട്ടിരിക്കുന്ന ഇക്കാലത്ത്. ആദിവാസികളുടെയടക്കം ഒരു വിഭാഗത്തിന്റേയും രക്ഷാകർത്താക്കളാകാനല്ല, അവരുടെ പോരാട്ടങ്ങളെ പിന്തുണക്കാനാണ് യഥാർത്ഥ രാഷ്ട്രീയബോധമുള്ളവർ ഇന്നു തയ്യാറാകേണ്ടത്. രക്തസാക്ഷികളാകാൻ ഇനിയും ദത്തുപുത്രന്മാർ ആവശ്യമില്ല. വിപ്ലവം തൊഴിലാക്കിയവരും വേണ്ട. പകരം മുഴുവൻ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയിൽ പങ്കാളികളാക്കുകയും ജനാധിപത്യത്തെ കൂടുതൽ കൂടുതൽ ജനകീയമാക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ യഥാർത്ഥ വിപ്ലവപ്രവർത്തനം. 
കൺമുന്നിൽ വന്നു നിൽക്കുന്ന ഫാസിസത്തിനെതിരായ യഥാർത്ഥ പ്രതിരോധവും അതുതന്നെ. നിർഭാഗ്യവശാൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം ഈ ലക്ഷ്യത്തിൽനിന്ന് എത്രയോ ദൂരെയാണ്. ഇനിയെങ്കിലും ഈ വിഷയത്തിൽ ഒരു പുനഃപരിശോധന നടത്താനാണ് മാവോയിസ്റ്റുകൾ തയ്യാറാകേണ്ടത്. തണ്ടർ ബോൾട്ട് കേരളവും മാവോയിസ്റ്റുകൾ വനവും വിട്ടുപോവുക എന്ന മുദ്രാവാക്യമുയർത്താൻ ജനാധിപത്യവാദികൾ സന്നദ്ധമാകണം.  
 

Latest News