Tuesday , May   21, 2019
Tuesday , May   21, 2019

മക്കയിലെ ഹോട്ടലുകളിൽ സൗദിവൽക്കരണത്തിന് പദ്ധതി

മക്ക- മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് പദ്ധതിയെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് മക്ക ശാഖാ മേധാവി ഡോ. ഹിശാം ബിൻ മുഹമ്മദ് മദനി പറഞ്ഞു. ടൂറിസം മേഖലയിൽ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനും സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ട്. 
മക്കയിൽ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,435 ടൂറിസം സ്ഥാപനങ്ങളുണ്ട്. കൂടാതെ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,303 ഹോട്ടലുകളും 132 റെസിഡൻഷ്യൽ യൂനിറ്റുകളും മക്കയിലുണ്ട്. മക്കയിൽ ഹോട്ടലുകളും ട്രാവൽസുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടക്കം ആകെ 2,870 സ്ഥാപനങ്ങൾ ലൈസൻസോടെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മക്കയിൽ ടൂർ ഗൈഡുമാരായി പ്രവർത്തിക്കുന്നതിന് രണ്ടു സൗദി വനിതകൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. 
തീർഥാടകർ അടക്കമുള്ളവർ സന്ദർശിക്കുന്ന ജബലുന്നൂറിലും സൗർ മലയിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായും പങ്കാളികളുമായും ചേർന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് ശുചീകരണ കാമ്പയിൻ നടത്തിയിട്ടുണ്ട്. ടൂർ ഗൈഡ് മേഖലയിൽ പ്രവർത്തിക്കുന്നതിന് മുതവ്വിഫുമാരുടെ മക്കളെ റിക്രൂട്ട് ചെയ്യുന്നതിന് അറബ് രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഫലമായി ടൂർ ഗൈഡുമാരായി പ്രവർത്തിക്കുന്നതിൽ 400 ലേറെ സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. 
മക്കയിൽ 100 ലേറെ ചരിത്ര, പൈതൃക, പുരാവസ്തു, വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവ വികസിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഏകോപനം നടത്തിവരികയാണ്. 
മക്കയിലെ മുഴുവൻ ചരിത്ര, പൈതൃക, പുരാവസ്തു, വിനോദ സഞ്ചാര കേന്ദ്രങ്ങളും ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളുടെ പട്ടികയിൽ രജിസ്റ്റർ ചെയ്യും. 
ചില ചരിത്ര, പൈതൃക, പുരാവസ്തു കേന്ദ്രങ്ങളിൽ സന്ദർശകരിൽ ചിലർ മതപരമായ നിയമ ലംഘനങ്ങൾ നടത്തുന്നുണ്ട്. ഈ പ്രശ്‌നത്തിന് തടയിടുന്നതിനും തീർഥാടകർക്കും സന്ദർശകർക്കും ശരിയായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനും പ്രത്യേക സെന്ററുകൾ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഏകോപനം നടത്തിവരികയാണെന്നും ഡോ. ഹിശാം ബിൻ മുഹമ്മദ് മദനി പറഞ്ഞു.
 

Tags

Latest News