Monday , June   17, 2019
Monday , June   17, 2019

രാഹുൽ ഇന്നും നാളെയും കേരളത്തിൽ

*കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകൾ സന്ദർശിക്കും
*ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും *നാളെ വൈകിട്ട് കോഴിക്കോട്ട് ജനമഹാറാലി 

തിരുവനന്തപുരം/ കോഴിക്കോട്- യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപചാരിക തുടക്കം കുറിക്കുന്നതിനായി എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നും നാളെയും കേരളത്തിൽ. നാളെ വൈകുന്നേരം നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലി രാഹുൽ ഉദ്ഘാടനം ചെയ്യും. ജനമഹാ റാലിയുടെ ഉദ്ഘാടനത്തോടെ കേരളത്തിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് കെ.പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. മലബാർ ജില്ലകളെ കേന്ദ്രീകരിച്ചാണ് ജനമഹാ റാലി സംഘടിപ്പിക്കുന്നത്.
ഇന്ന് തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളിൽ സംബന്ധിക്കുന്ന രാഹുൽ നാളെയാണ് മലബാറിലെത്തുന്നത്. കാസർകോട്ട് പെരിയയിൽ കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കല്യോട്ടെ വീടുകൾ കോൺഗ്രസ് അധ്യക്ഷൻ നാളെ സന്ദർശിക്കും. കഴിഞ്ഞ വർഷം മട്ടന്നൂരിൽ കൊല ചെയ്യപ്പെട്ട ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. 
ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ പാർട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്ക് പോകും. രാത്രി തൃശൂർ രാമനിലയത്തിലാണ് താമസം. നാളെ രാവിലെ 10ന് തൃപ്രയാറിൽ നടക്കുന്ന ഫിഷർമാൻ പാർലമെന്റിൽ പങ്കെടുക്കും. തുടർന്ന് 12.15 ന് ഹെലികോപ്റ്റർ മാർഗം കണ്ണൂരിൽ എത്തിച്ചേരും. കണ്ണൂർ വിമാനത്താവളത്തിലാണ് രക്തസാക്ഷി ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച. തുടർന്ന് ഒരു മണിക്ക് ഹെലിക്കോപ്റ്ററിൽ കാസർകോട്  പെരിയയിലേക്ക് പുറപ്പെടും. 1.25 ന് രക്തസാക്ഷികളായ കൃപേഷിന്റേയും ശരത്ലാലിന്റേയും കുടുംബാംഗങ്ങളെ സന്ദർശിക്കും. തുടർന്ന് കോഴിക്കോട്ടേക്ക് മടങ്ങി ജനമഹാ റാലിയിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ദൽഹിക്ക് തിരിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനമഹാ റാലിയിൽ ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദീഖ് പറഞ്ഞു. കേരളത്തിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കമായി മാറുന്ന റാലിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, മുകുൾ വാസ്‌നിക്, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റുമാർ, എം.പിമാർ, എം.എൽ.എമാർ, യു.ഡി.എഫ് സംസ്ഥാന നേതാക്കൾ തുടങ്ങിയവരും സംസാരിക്കും. 

Latest News