Tuesday , May   21, 2019
Tuesday , May   21, 2019

കൗണ്ട് ഡൗൺ തുടങ്ങുന്നു, യു.പി.എ പതറുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു. ഏതാനും മാസങ്ങൾക്കു മുമ്പ് നടന്ന ഏതാനും നിയമസഭാ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്തുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുകയും ചെയ്ത കോൺഗ്രസും യു പി എയും അത്തരമൊരവസ്ഥയിൽ നിന്നു പിന്നോട്ടു പോകുന്ന രാഷ്ട്രീയ സാഹചര്യമാണ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മോഡിക്കെതിരെ മഹാസഖ്യം എന്ന കോൺഗ്രസിന്റെ സ്വപ്‌നങ്ങൾക്ക് മിക്ക സംസ്ഥാനങ്ങളിലും തിരിച്ചടി നേരിടുകയും മറുവശത്ത് ബിജെപി പല പാർട്ടികളുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്നതാണ് ഇതിനുള്ള പ്രധാന കാരണം. സമീപകാലത്തെ ഇന്ത്യ-പാക് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളും തങ്ങൾക്കനുകൂലമാകുമെന്ന് എൻഡിഎ കരുതുന്നു.
പുതിയ സി വോട്ടർ സർവേ ഈ നിഗമനത്തെ ശരിവെക്കുന്നു.  എൻ ഡി എ മേൽക്കൈ നേടുമെന്നു തന്നെയാണ് സർവേ പറയുന്നത്. സർവേ പ്രകാരം എൻഡിഎയ്ക്ക് ലഭിക്കുക 264 സീറ്റാണ്.  അതിൽ ബിജെപിക്ക് 220 സീറ്റു ലഭിക്കും. യുപിഎയ്ക്ക് 141 സീറ്റ് ലഭിക്കും. അതിൽ 88 ആയിരിക്കും കോൺഗ്രസിന്റേത്.  എൻഡിഎ അന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ്, തെലങ്കാനയിൽ ടിആർഎസ്, മിസോറമിൽ മിസോ നാഷണൽ ഫ്രണ്ട്, ഒഡീഷയിൽ ബിഡിജെഎസ് എന്നിവരുമായി സഖ്യമുണ്ടാക്കിയാൽ 301 സീറ്റ് വരെ നേടാം എന്നും സർവേ പറയുന്നു. 
കേരളത്തിൽ യുഡിഎഫിന് 17 സീറ്റിലേക്ക് സാധ്യതയുണ്ടെന്നാണ് സർവേ പറയുന്നത.് മൂന്ന് സീറ്റ് എൽഡിഎഫ് നേടും. തമിഴ്‌നാട്ടിൽ ഡിഎംകെ തൂത്തുവാരുമെന്നാണ് പ്രവചനം.  തൃണമൂൽ കോൺഗ്രസ്, യുപിയിലെ എസ്.പി-ബിഎസ്പി സഖ്യം, അസമിലെ എഐയുഡിഎഫ് എന്നിവയുമായി സഖ്യമുണ്ടാക്കിയാൽ യുപിഎയ്ക്ക് 226 സീറ്റ് വരെ നേടാം എന്നും സർവേ പറയുന്നു. ഉത്തർപ്രദേശിൽ 71 ൽ നിന്നും ബിജെപി 26 സീറ്റിലേക്ക് ഒതുങ്ങും എന്നാണ് സർവേ പറയുന്നത്. എൻ.ഡി.എ.യുടെ വോട്ടുവിഹിതം 31.1 ശതമാനവും യു.പി.എയുടേത് 30.9 ശതമാനവുമായിരിക്കും. മറ്റു പാർട്ടികളുടേത് 28 ശതമാനവും ആകും.
പ്രതിപക്ഷ പാർട്ടികളെല്ലാം ഐക്യപ്പെട്ട് എൻഡിഎയെ നേരിടുമെന്നും പോരാട്ടം ഇഞ്ചോടിഞ്ചായിരിക്കുമെന്നും നേരിയ മുൻകൈ യുപിഎ നേടുമെന്നുമായിരുന്നു പലരും പ്രവചിച്ചിരുന്നത്. ആ പ്രതീക്ഷയാണ് ഇപ്പോൾ തകരുന്നത്. അഖിലേന്ത്യാ തലത്തിൽ 21 കക്ഷികൾ ചേർന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മഹാസഖ്യത്തിലെ കക്ഷികളായി പോലും അവർക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കാൻ കോൺഗ്രസിനായിട്ടില്ല. 
ഏറ്റവുമധികം സീറ്റുകളുള്ള യുപി തന്നെ ഉദാഹരണം. എസ്പിയും ബിഎസ്പിയും ഒന്നിച്ചത് എൻ.ഡി.എക്ക് തിരിച്ചടിയാണെങ്കിലും വെറും 2 സീറ്റാണ് അവർ കോൺഗ്രസിന് മാറ്റിവെച്ചത് എന്നതാണ് ഖേദകരം. ഈ സാഹചര്യത്തിൽ കോൺഗ്രസ് ത്രിശങ്കു സ്വർഗത്തിലാണ്. ഒരു പാർട്ടി എന്ന രീതിയിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാതിരിക്കാനാവില്ല. എന്നാൽ മത്സരിച്ചാലത് ബി.ജെ.പിക്ക് ഗുണകരമാകുകയും ചെയ്യും. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇതു തന്നെയാണ് അവസ്ഥ. മഹാരാഷ്ട്രയിൽ എൻസിപിയുമായി സഖ്യമുണ്ടെങ്കിലും പ്രകാശ് അംബേദ്കറുമായുള്ള കോൺഗ്രസിന്റെ ധാരണ തകർന്നിരിക്കുകയാണ്. രാജുഷെട്ടിയുടെ നേതൃത്വത്തിലുള്ള കർഷക പാർട്ടിയും സീറ്റിനായുള്ള വില പേശലിലാണ്. ആന്ധ്രയിൽ തെലുങ്കുദേശവുമായി ഇതുവരെയും ധാരണയായിട്ടില്ല. ദൽഹിയിൽ എ എ പിയുമായി പോലും ധാരണയാകാനാവാത്ത കോൺഗ്രസിന് അസമിൽ എൻഡിഎ വിട്ട ഗണപരിഷത്തുമായും ഐക്യപ്പെടാനായിട്ടില്ല. ബംഗാളിലാകട്ടെ, സിപിഎമ്മുമായാണ് കോൺഗ്രസ് ധാരണയെത്തിയത്. അഖിലേന്ത്യാ തലത്തിൽ ഐക്യം പറയുമ്പോഴും തൃണമൂലുമായുള്ള ധാരണ വിജയിച്ചിട്ടില്ല. കേരളത്തിൽ വിജയം പ്രവചിക്കപ്പെടുമ്പോഴും സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചാരണവും ആരംഭിച്ച് എൽഡിഎഫ് ബഹുദൂരം മുന്നിലാണ്. ശക്തരായ സ്ഥാനാർത്ഥികളെയാണ് എൽഡിഎഫ മത്സരിപ്പിക്കുന്നത്. യുപിഎയുടെ സാധ്യതകളെ മാത്രമല്ല, ഒറ്റ പാർട്ടിയെന്ന നിലയിൽ കൂടുതൽ സീറ്റ് നേടാനുള്ള കോൺഗ്രസിന്റെ ആഗ്രഹത്തേയും ഇതെല്ലാം പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.
മറുവശത്ത് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ പാർട്ടികളുമായി ഐക്യപ്പെടാൻ ബിജെപിക്കായി. യുപിയിലെ തിരിച്ചടിയെ അങ്ങനെ മറികടക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. മഹാരഷ്ട്രിൽ പിണക്കത്തിലായിരുന്ന ശിവസേനയുമായും ബിഹാറിൽ ജനതാദൾ യുവുമായും ധാരണയുണ്ടാക്കാൻ സാധിച്ചത് അവർക്ക് വലിയ നേട്ടം തന്നെയാണ്. തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയുമായും ധാരണയിലെത്താൻ അവർക്കായി. കർണാടകയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ ഏതാനും സീറ്റുകൾ നേടാനുള്ള കഠിനശ്രമത്തിലാണ് ബിജെപി. കോൺഗ്രസിന്റെ വിശാല മുന്നണി സ്വപ്‌നങ്ങൾ തകരുന്നത് പല സംസ്ഥാനങ്ങളിലും എൻഡിഎക്ക് ഗുണം ചെയ്യുമെന്നുറപ്പ്. ഇതിനെല്ലാം പുറമേയാണ് ഭീകരാക്രമണത്തിനു ഫലപ്രദമായ തിരിച്ചടി നൽകി എന്ന പ്രചാരണം വിശ്വസിക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ടുകളും.
ഇത്തരമൊരു സാഹചര്യത്തിൽ 2014 നോളം വരില്ലെങ്കിലും എൻഡിഎ ഒരിക്കൽ കൂടി അധികാരത്തിലെത്താനാണ് സാധ്യത.
കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ പാർട്ടിയാകുന്ന ബി.ജെ.പിയെ തന്നെയായിരിക്കും ആദ്യം സർക്കാരുണ്ടാക്കാൻ ക്ഷണിക്കുക. 
അധികാരത്തിനു വേണ്ടി എന്ത് അധാർമികതയും ചെയ്യാൻ മടിയില്ലാത്ത അമിത് ഷായുടെ ചാണക്യ തന്ത്രങ്ങൾ എൻ.ഡി.എ സഖ്യത്തെ വീണ്ടും ഭൂരിപക്ഷത്തിലെത്തിക്കാനാണ് സാധ്യത. ഇപ്പോൾ മോഡിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന പലരും കളം മാറിച്ചവിട്ടുമെന്നതിൽ സംശയം വേണ്ട. ഇത്തരമൊരു സാഹചര്യത്തെ മറികടക്കാനാകണമെങ്കിൽ വിരലിലെണ്ണാവുന്ന വരുംദിവസങ്ങളിൽ വിശാല മഹാസഖ്യം യാഥാർത്ഥ്യമാക്കാൻ രാഹുൽ ഗാന്ധിക്കു സാധിക്കണം. 
അഥവാ അതിനു സാധിച്ചാൽ തന്നെ പ്രധാനമന്ത്രി സ്ഥാനത്തിനുള്ള തർക്കം രൂക്ഷമാകുമെന്നുറപ്പ്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ വേളയിലും അത്തരമൊരു സാധ്യത വളരെ കുറവാണെന്നു പറയാതെ വയ്യ. 

Latest News