Tuesday , May   21, 2019
Tuesday , May   21, 2019

തിരിച്ചെത്തുന്നവരുടെ വേദനകൾ

ജന്മനാട് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പ്രവാസ ജീവിതം നയിക്കുന്നവർ നാടിന്റെ ഗൃഹാതുരമായ ഓർമകളിൽ മുഴുകി നാളുകൾ തള്ളിനീക്കുന്നവരാണ്. ജനിച്ച നാട്ടിലേക്ക് തിരിച്ചെത്തി കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കാത്തവർ പ്രവാസികൾക്കിടയിൽ ഉണ്ടാകില്ല. ദീർഘകാലം ജോലിയെടുത്ത് സാമ്പത്തിക ഭദ്രതയോടെ നാട്ടിൽ മടങ്ങിയെത്തി ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവാസികളുടെ തിരിച്ചുവരവ് ആശങ്കകൾ നിറഞ്ഞതാണ്. നിനച്ചിരിക്കാതെ നഷ്ടപ്പെടുന്ന ജോലി അവരെ അനിശ്ചിതത്വത്തിന്റെ നടുക്കടലിലേക്ക് തള്ളിവിടുന്നു. ജീവിതം കരുപ്പിടിപ്പിച്ച് തീരും മുമ്പേ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വരുന്ന പ്രവാസത്തിന്റെ മങ്ങിയ ചിത്രം കൂടുതൽ തെളിഞ്ഞു വരികയാണ്. ഗൾഫിലെ വിവിധ പ്രശ്‌നങ്ങൾ മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്നവരുടെ എണ്ണം കൂടിവരുന്നു. 
കേരളത്തിന്റെ, പ്രത്യേകിച്ച് മലബാർ മേഖലയുടെ നട്ടെല്ലായ ഗൾഫ് പണമൊഴുക്ക് കുറയുമെന്ന അശങ്ക ശക്തിപ്പെടുന്നു.  ഗൾഫ് മലയാളികളെയും നാട്ടിലുള്ള ബന്ധുക്കളെയും നിസ്സഹായതയുടെ പുതിയ കളങ്ങളിലേക്ക് തള്ളിവിട്ട് പ്രവാസത്തിന്റെ ഗ്രാഫ് താഴേക്ക് പതിക്കുന്നു. ഈ പ്രതിസന്ധി നേരിടാൻ ഓരോ പ്രവാസി കുടുംബവും സാമ്പത്തികമായും മാനസികമായും തയാറെടുക്കേണ്ട നാളുകളാണിത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളായ മലയാളികളിൽ മൂന്നു ലക്ഷത്തോളം പേർ വിവിധ കാരണങ്ങളാൽ നാട്ടിൽ തിരിച്ചെത്തിയെന്നാണ് തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത്.
 2013 ൽ ഉണ്ടായിരുന്ന പ്രവാസികളുടെ മൊത്തം എണ്ണത്തിന്റെ ഏതാണ്ട് പത്തു ശതമാനമാണിത്. മലബാർ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തിരിച്ചെത്തിയവരിൽ കൂടുതലെന്നും പഠനത്തിൽ പറയുന്നു. 
ഗൾഫ് മേഖലയിൽ കഴിഞ്ഞ പത്തു വർഷമായി നടന്നുകൊണ്ടിരിക്കുന്ന സ്വദേശിവൽക്കരണം, ആഗോള തലത്തിലുള്ള സാമ്പത്തിക മാന്ദ്യം എന്നിവയാണ് ഗൾഫ് കുടിയേറ്റത്തിന് തിരിച്ചടിയേൽക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വടക്കൻ കേരളത്തിലുള്ളവർ ഭൂരിഭാഗവും ജോലി ചെയ്യുന്ന സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങളാണ് കുടിയേറ്റത്തെ മുഖ്യമായും ബാധിച്ചത്. 
സൗദിയിൽ ഒരു പതിറ്റാണ്ടു മുമ്പ് കർശനമാക്കിയ സ്വദേശിവൽക്കണത്തിന്റെ (നിതാഖാത്ത്) ആഘാതം മലയാളികളെ ബാധിച്ചു തുടങ്ങിയത് കഴിഞ്ഞ അഞ്ചു വർഷങ്ങളിലാണ്. ഘട്ടംഘട്ടമായി നടപ്പാക്കിയ നിതാഖാത്ത് ഒട്ടുമിക്ക തൊഴിൽ മേഖലകളെയും ബാധിച്ചതോടെ ചെറിയ ശമ്പളത്തിന് ജോലി ചെയ്തവരെ വരെ അത് പ്രതികൂലമായി ബാധിച്ചു. സ്വന്തമായി നടത്തിയിരുന്ന വ്യാപാര സ്ഥാപങ്ങൾ ഉപേക്ഷിച്ചും ജോലി നഷ്ടപ്പെട്ടും നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വരുന്നവരുടെ എണ്ണം വർധിച്ചു വന്നു. മറ്റു ഗൾഫ് രാജ്യങ്ങളിലും വിദേശികൾക്കിടയിലെ തൊഴിലില്ലായ്മ രൂക്ഷമായതോടെ അവിടങ്ങളിലേക്ക് പോകാനുള്ള ശ്രമങ്ങൾക്കും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
2013 മുതൽ 2018 വരെയുള്ള വർഷങ്ങളിലാണ് കേരളത്തിൽ വിദേശത്തു നിന്നുള്ളവരുടെ തിരിച്ചുവരവ് ക്രമാതീതമായി വർധിച്ചത്.ഈ കാലയളവിൽ 2,78,488 പേർ തിരിച്ചെത്തിയതായാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഗവേഷകരായ  എസ്.ഇരുദയരാജനും കെ.സി.സക്കറിയയും നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലേക്കാണ് തിരിച്ചവരവ് കൂടുതലുണ്ടായത്. ഇതിൽ തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് തിരിച്ചെത്തിയത് 29.4 ശതമാനം പേരാണ്. ശമ്പളം കുറഞ്ഞതിന്റെ പേരിൽ എട്ടു ശതമാനം പേർ തിരിച്ചെത്തി. ശമ്പളം ലഭിക്കാത്തതിന്റെ പേരിലും സാമ്പത്തിക പ്രതിസന്ധി മൂലവും അമിത തൊഴിൽ ഭാരം മൂലവും തിരിച്ചെത്തിയവർ രണ്ടു ശതമാനത്തോളമാണ്.
ഗൾഫിൽ നിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം വർധിച്ചെങ്കിലും കേരളത്തിലേക്കുള്ള ഗൾഫ് പണത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടില്ല എന്നത് ആശാവഹമാണ്. എന്നാൽ ഇതിന്റെ കാരണം ആശങ്കയുയർത്തുന്നതുമാണ്. ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഗൾഫ് പണത്തിന്റെ വരവ് കൂടിയ തോതിൽ നിലനിർത്തുന്നത്. ഇത് സ്ഥായിയായ പ്രവണതയാകില്ല എന്നത് ഈ മേഖലയിൽ തിരിച്ചടി പ്രതീക്ഷിക്കേണ്ട സാഹചര്യം വളർത്തുന്നുണ്ട്. 2018 ൽ വിദേശ മലയാളികളിൽ നിന്ന് കേരളത്തിലേക്കെത്തിയത് 30,717 കോടി രൂപയാണ്. 2013 ൽ ഇത് 24,374 കോടിയായിരുന്നു. 2010-13 കാലയളവിനെ അപേക്ഷിച്ച് 2013-18 വർഷങ്ങളിൽ പണമൊഴുക്കു കൂടിയിട്ടുണ്ട്. ഇതിന് പ്രധാന കാരണം ഇന്ത്യൻ രൂപയുടെ മൂല്യച്യുതിയാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിദേശ പണം എത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. 6326 കോടി രൂപയായിരുന്നു ഇത്. കേരളത്തിന്റെ മൊത്തം വിദേശ പണത്തിന്റെ  20.6 ശതമാനമാണിത്. കൊല്ലം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ് ഇക്കാര്യത്തിൽ മലപ്പുറത്തിന് പിറകിലുള്ളത്.
ഗൾഫ് പ്രതിസന്ധിയെ നേരിടാൻ പ്രവാസി മലയാളികൾ ജീവിതത്തെ ക്രമപ്പെടുത്തേണ്ട സമയമെത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തികൾ സ്വന്തമായും സർക്കാർ പൊതുമേഖലയിലും തന്ത്രങ്ങൾ അവിഷ്‌കരിക്കേണ്ടതുണ്ട്. ജീവിതച്ചെലവുകൾ കുറക്കുകയെന്നതാണ് വ്യക്തികൾ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട പ്രധാനമായ സമീപനം. കേരളത്തിലെത്തുന്ന വിദേശ പണത്തിന്റെ വലിയൊരു ഭാഗം ജീവിതച്ചെലവുകൾക്കാണ് ഉപയോഗിക്കുന്നത്. ഗൾഫ് കുടുംബങ്ങളിൽ വരുമാനത്തിന്റെ 38 ശതമാനമാണ് ജീവിതച്ചെലവുകൾക്കായി ഉപയോഗിക്കുന്നതെന്ന് സി.ഡി.എസിന്റെ പഠനത്തിൽ പറയുന്നു.
 പ്രതിസന്ധി ഘട്ടത്തിൽ ആർഭാടങ്ങൡ നിന്ന് വിട്ടുനിൽക്കാൻ പ്രവാസികൾ തയാറെടുക്കണം. ഭാവിയിൽ പ്രതിസന്ധി രൂക്ഷമായേക്കാമെന്ന കണക്കുകൂട്ടലിലാണ് ചെലവുകളെ ക്രമപ്പെടുത്തേണ്ടത്. നാട്ടിൽ തിരിച്ചെത്തുന്നവർ ഗൾഫിലെ തൊഴിൽ പ്രാവീണ്യമുള്ള മേഖലകളിൽ തന്നെ നാട്ടിലും തൊഴിലെടുക്കാൻ സന്നദ്ധരാകണം.സർക്കാർ തലത്തിലും സ്വകാര്യ മേഖലകളിലുമുള്ള പെൻഷൻ പദ്ധതികളെ ഉപയോഗപ്പെടുത്താനും തിരിച്ചെത്തുന്നവർക്ക് കഴിയണം.വരുമാനവും ലാഭവും കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ റിസ്‌കുകൾ കൂടുതലുള്ള ബിസിനസുകളിലേക്ക് ഇറങ്ങുമ്പോൾ അതീവ ശ്രദ്ധ വേണം. നാട്ടിലെ സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ യാഥാർഥ്യ ബോധത്തോടെ മനസ്സിലാക്കാൻ പ്രവാസികൾക്ക് കഴിയണം.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിർത്തിയ പ്രവാസികളെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പ്രവാസികൾക്കായി ഒട്ടേറെ ഏജൻസികളുണ്ടെങ്കിലും ഫലവത്തായ പ്രവാസി പദ്ധതികൾ ഇനിയും നാട്ടിൽ നടപ്പായിട്ടില്ല. പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന പെൻഷൻ പദ്ധതിയിൽ ഗൾഫിൽ ജോലിയെടുക്കുന്നവരും തിരിച്ചെത്തിയവരും അംഗത്വമെടുക്കണം. 
സഹകരണ മേഖലയിൽ പ്രവാസികളെ പങ്കാളികളാക്കി അവർക്ക് തൊഴിലും ലാഭവിഹിതവും നൽകുന്ന പദ്ധതികൾ സർക്കാർ മുൻകയ്യെടുത്ത് ആരംഭിക്കേണ്ടതുണ്ട്. പ്രവാസികളുടെ പേരിൽ ഇപ്പോൾ നടക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾ പലതും നല്ല നിലയിലല്ല പ്രവർത്തിക്കുന്നത്. അവരെ ചൂഷണം ചെയ്യാനുള്ള നീക്കങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ തന്നെ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് വേണ്ടത്. 
ഗൾഫ് പ്രതിസന്ധിയുടെ ആഘാതങ്ങൾ വരുംതലമുറയുടെ സാമ്പത്തിക ഭദ്രതയെ പോലും ബാധിക്കുന്നതാണ്. തിരിച്ചെത്തുന്ന പ്രവാസികൾക്ക് നാട്ടിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. അവരുടെ വിദേശത്തെ തൊഴിൽ പ്രാവീണ്യവും അർപ്പണ ബോധവും നാടിന് മുതൽകൂട്ടാകണം. 
സാമ്പത്തിക ചെലവുകളിൽ ആവശ്യത്തിനുള്ള നിയന്ത്രണങ്ങളും ദുർവ്യയങ്ങളെ ഒഴിവാക്കലും പ്രതിസന്ധിയെ മറികടക്കുന്നതിൽ സുപ്രധാനമാണ്. വന്നു ഭവിച്ചിട്ടുള്ളതിനേക്കാൾ വലുതാണ് വരാനിരിക്കുന്ന പ്രതിസന്ധിയെന്ന കണക്കുകൂട്ടലുകളാകണം ഓരോ പ്രവാസിയുടെയും ചിന്തകളിൽ തെളിഞ്ഞു നിൽക്കേണ്ടത്. 

Latest News