Wednesday , April   24, 2019
Wednesday , April   24, 2019

പ്രവാസ ലോകത്തും തെരഞ്ഞെടുപ്പ് ഒരുക്കം; പ്രചാരണത്തിന് കെ.എം.സി.സി തുടക്കമിട്ടു

ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- തെരഞ്ഞെടുപ്പ്, സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളോടെ പ്രവാസ ലോകത്തും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായ ദിവസം തന്നെ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കണ്‍വെന്‍ഷനോടു കൂടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ചു. ലീഗ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതോടൊപ്പം കേരളത്തിലെ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെയും വിജയത്തിനും വേണ്ട പ്രവര്‍ത്തനം കാഴ്ചവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് കെ.എം.സി.സി നേതാക്കള്‍ വ്യക്തമാക്കി.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പ്രചാരണം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയിലെ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വം അപകടത്തിലാക്കി മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച, ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും മോശം ഭരണം കാഴ്ചവെച്ച മോഡി സര്‍ക്കാരിനെ താഴെയിറക്കി മതേതര ജനാധിപത്യ ഇന്ത്യയുടെ പുനഃസ്ഥാപനത്തിന് രാജ്യത്തെ ജനാധിപത്യ മതേതരത്വ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ സംഘടനകളുടെയും ഒരുമിച്ചുള്ള പോരാട്ടത്തില്‍ പ്രവാസികള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.  
ഇന്ത്യയിലെ മുസ്‌ലിംകള്‍ ഉള്‍പ്പെടെ ദളിത്, മത ന്യൂനപക്ഷങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം അതിനെതിരെ ശക്തമായ നിലപാടെടുത്ത രാഷ്ട്രീയ ചരിത്രമാണ് മുസ്‌ലിം ലീഗിനുള്ളതെന്ന് 70 ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് 'അഭിമാനകരമായ അസ്തിത്വം അതുല്യ മുന്നേറ്റം' എന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന മുസ്‌ലിം ലീഗ് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി പറഞ്ഞു. യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനര്‍ഥികളെയും ലീഗ് സ്ഥാനര്‍ത്തികളായി കണ്ടു വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ എല്ലാ കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് പണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
ജിദ്ദ കെ.എം.സി.സി പ്രസിഡന്റ്് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലീഗ് നേതാക്കള്‍, സൗദി നാഷണല്‍ കെ.എം.സി.സി ഭാരവാഹികള്‍, ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജാഫര്‍ കല്ലിങ്ങപ്പാടം എന്നിവരെ ജിദ്ദ കമ്മിറ്റിയുടെ ഭാരവാഹികള്‍ ഷാള്‍ അണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ ഇബ്രാഹിം മുഹമ്മദ്, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഷരീഫ് കോട്ടപ്പുറം, ആലപ്പുഴ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഷാഹുല്‍ ഹമീദ് റാവുത്തര്‍, ചന്ദ്രിക ഡയറക്ടര്‍ സമീര്‍, നിസാം മമ്പാട്, വി.പി മുസ്തഫ, കരുവാരക്കുണ്ട് ലീഗ് സെക്രട്ടറി മുല്ലക്കോയ തങ്ങള്‍, ദല്‍ഹി കെ.എം.സി.സി ട്രഷറര്‍ ഖാലിദ്, റിയാദ് കെ.എം.സി.സി ഭാരവാഹികളായ അഡ്വ. അനീര്‍ ബാബു, ഉസ്മാന്‍ അലി പാലത്തിങ്കല്‍, തെന്നല മൊയ്തീന്‍കുട്ടി, സൂഫിയാന്‍ അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. റസാഖ് മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ വെള്ളിമാട്കുന്ന്, ഇസ്ഹാഖ് പൂണ്ടോളി, ഇസ്മയില്‍ മുണ്ടകുളം, പി.സി.എ റഹ്മാന്‍ ഇണ്ണി, സി.സി.എ. കരീം, ശിഹാബ് താമരക്കുളം, എ.കെ. ബാവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി  അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു.

 

 

Latest News